ഗേറ്റ് തുറക്കാൻ വൈകിയതിലെ വിരോധംകൊണ്ട് സെക്യൂരിറ്റി ജീവനക്കാരനെ പ്രമുഖ വ്യവസായി ആഡംബരവാഹനം ഇടിച്ചുകയറ്റി ഞെരിച്ചു കൊലപ്പെടുത്തിയ ക്രൂരതയ്ക്ക് ഒരു പതിറ്റാണ്ടാകുന്നു. തൃശൂർ ശോഭാ സിറ്റിയിലെ ജീവനക്കാരനായ കണ്ടശാംകടവ് കാരമുക്ക് വിളക്കുംകാൽ കാട്ടുങ്ങൽ വീട്ടിൽ ചന്ദ്രബോസിനെ (47) മുറ്റിച്ചൂർ പടിയം അടയ്ക്കാപറമ്പിൽ മുഹമ്മദ് നിഷാം (38) ഹമ്മർ കാർ ഇടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ ശിക്ഷ വിധിച്ചപ്പോൾ 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ ഭാര്യ ജമന്തിക്കു നൽകാൻ കോടതി ഉത്തരവുണ്ടായിരുന്നു. ആ തുക ഇന്നുവരെ കിട്ടിയിട്ടില്ല. നിഷാമിന്റെ സ്വത്തിൽ നിന്ന് ഈടാക്കി വേണം പണം നൽകാൻ!
2015 ജനുവരി 29- നായിരുന്നു സംഭവം. ഏഴു വകുപ്പുകൾ പ്രകാരം നിഷാമിനെ കുറ്റക്കാരനെന്നു കണ്ടെത്തി ജീവപര്യന്തവും, മറ്റു വകുപ്പുകൾ പ്രകാരം 24 വർഷത്തെ തടവും, 80.3 ലക്ഷം പിഴയും തൃശൂരിലെ വിചാരണ കോടതി 2016 ജനുവരി 21 ന് ശിക്ഷ വിധിച്ചിരുന്നു. ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിഷാം നൽകിയ അപ്പീൽ ഹർജി ഹൈക്കോടതി രണ്ടു വർഷം മുമ്പ് തള്ളി. തൃശൂർ അഡിഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധി ചോദ്യം ചെയ്ത് നിഷാം നൽകിയ അപ്പീൽ ഹൈക്കോടതി തള്ളിയതിനു പിന്നാലെ സുപ്രീംകോടതിയിലും ഹർജി നൽകിയെങ്കിലും ഫലമുണ്ടായില്ല. അപൂർവങ്ങളിൽ അപൂർവമായ കൊലപാതകം നടത്തിയ നിഷാമിന് ജീവപര്യന്തം തടവിനു പകരം വധശിക്ഷ തന്നെ നൽകണമെന്ന സർക്കാരിന്റെ ആവശ്യവും ഹൈക്കോടതി തള്ളിയിരുന്നു. ചന്ദ്രബോസിനെ കൊല്ലാൻ ഉപയോഗിച്ച ആഡംബര കാറായ ഹമ്മർ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് നിഷാം നൽകിയ ഹർജിയും തള്ളി.
രക്തം പരന്ന പുലർവേള
2015 ജനുവരി 29 പുലർച്ചെ 3.15. ശോഭാ സിറ്റിയിലെ വീട്ടിലേക്കു വരുമ്പോൾ ഗേറ്റ് തുറക്കാൻ വൈകിയതിൽ ചന്ദ്രബോസുമായി മുഹമ്മദ് നിഷാം തർക്കിച്ചു. ഗേറ്റ് തുറന്നയുടൻ ചന്ദ്രബോസിന്റെ ദേഹത്ത് നിഷാം ഹമ്മർ കാർ ഇടിപ്പിച്ചു. ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തിൽ പിന്തുടർന്ന് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിലായ ചന്ദ്രബോസ് ഫെബ്രുവരി 16-ന് മരിച്ചു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും നിഷാമിന് അനുകൂലമായിരുന്നുവെന്ന് ആരോപണമുയർന്നിരുന്നു. തുടർന്ന് രാഷ്ട്രീയ വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും കൊഴുത്തു. ജയിലിലും നിഷാമിന് ഉദ്യോഗസ്ഥർ സഹായം നൽകിയെന്നും വാർത്ത പരന്നു. വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിലായിരുന്ന നിഷാം എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളുമായി ബന്ധം സ്ഥാപിക്കാൻ ശ്രമം നടന്നതായുള്ള രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്ന് പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റിയെങ്കിലും ഇപ്പോൾ ഒരു വർഷമായി വിയ്യൂരിലാണ്.
ചന്ദ്രബോസ് മരണമടഞ്ഞയുടൻ, ഭാര്യക്ക് സർക്കാർ ജോലി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പൊതുമേഖലാ സ്ഥാപനമായ, തൃശൂരിലെ ഔഷധിയിൽ ടൈപ്പിസ്റ്റാണ് ഇപ്പോൾ ജമന്തി. ചന്ദ്രബോസിന്റെ മരണത്തോടെ നിരാലംബയായ ജമന്തി വീടുകളിൽ പണിയെടുത്തു കിട്ടുന്ന വരുമാനം കൊണ്ടാണ് കഴിഞ്ഞിരുന്നത്. സാമ്പത്തിക പരാധീനതകളും ഏറെയുണ്ടായിരുന്നു. സർക്കാർ നല്കിയ ജോലിയാണ് ഏക ആശ്വാസം. മകൾ വിവാഹിതയാണ്. ഒരു മകനുമുണ്ട്.
കോടികൾ ആസ്തി, ആഡംബരം
നിഷാമിന്റെ പിതാവ് തൃശൂരിലെ പ്രശസ്തമായ കമ്പനിയിലെ മാനേജരായിരുന്നു. അവിടെ നിന്ന് രാജിവച്ചാണ് അദ്ദേഹം 'കിംഗ്‌സ് ബീഡി" എന്ന പേരിൽ സ്വന്തമായി കമ്പനി തുടങ്ങുന്നത്. തിരുനെൽവേലി കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. പിതാവ് മരിച്ചതോടെ, പതിനേഴാം വയസിൽ നിഷാം മുതലാളിയായി. ബീഡി കമ്പനിക്കെന്ന പേരിൽ തിരുനെൽവേലിയിലും കോയമ്പത്തൂരിലും വാങ്ങിയ സ്ഥലങ്ങളെല്ലാം റിയൽ എസ്റ്റേറ്റ് ബിസിനസിനായി വിറ്റു. 'കിംഗ്‌സ് സ്‌പേസ്" എന്ന പേരിൽ റിയൽ എസ്റ്റേറ്റ് ആൻഡ് ബിൽഡിംഗ് ഗ്രൂപ്പുണ്ടാക്കി. ബീഡി കമ്പനി വഴി നിഷാം അഞ്ഞൂറു കോടിയുടെ ഉടമയായെന്നായിരുന്നു റിപ്പോർട്ടുകൾ.
ഫെറാറി, റോൾസ് റോയ്‌സ്, റേഞ്ച് റോവർ, ജഗ്വാർ, ഹമ്മർ എന്നിങ്ങനെ കോടികൾ വിലമതിക്കുന്ന ആഡംബര വാഹനങ്ങളെല്ലാം നിഷാമിന് സ്വന്തമായിരുന്നു. ആഡംബര ജീവിതവും ക്രിമിനൽ കേസും കാരണം എല്ലാം തകർന്നടിഞ്ഞു. ആറു വർഷത്തിനിടെ 16 കേസിലാണ് നിഷാം പ്രതിയായത്. 2015- ൽ സംസ്ഥാനത്തും പുറത്തുമായി 13 കേസുണ്ടായിരുന്നു. കാപ്പ നിയമവും ചുമത്തി. 2014-ൽ വണ്ടിയോടിച്ച് പോകുമ്പോൾ ഇടിച്ചുവെന്ന പരാതിയിൽ ബംഗളൂരുവിലും കേസായി. 2013-ൽ ഒമ്പതു വയസുകാരനായ മകനെക്കൊണ്ട് ഫെരാരി കാർ ഓടിപ്പിച്ചതിനും കേസെടുത്തു. 2013 ജൂൺ 15ന് വാഹനപരിശോധന നടത്തുകയായിരുന്ന വനിതാ എസ്.ഐയെ കാറിനുള്ളിൽ പൂട്ടിയിട്ടതാണ് മറ്റൊരു കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |