തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ജനങ്ങളെയും പാർലമെന്റിനെയും തെറ്റിദ്ധരിപ്പിച്ച് ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കേന്ദ്ര സംഘത്തിനും പ്രധാനമന്ത്രിക്കും മുമ്പാകെ ആവശ്യങ്ങൾ കൃത്യമായി അവതരിപ്പിച്ചിരുന്നു.
അതേസമയം,ആവശ്യപ്പെടുന്ന കണക്കുകൾ ഹൈക്കോടതി നിഷ്കർഷിക്കുന്ന ഫോർമാറ്റിൽ സമർപ്പിക്കാൻ ഒരുക്കമാണന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിശദമായ പഠന റിപ്പോർട്ട് നൽകാൻ വൈകിയതിനാലാണ് പ്രത്യേക സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിക്കാത്തത് എന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു ശേഷം നൂറു ദിവസത്തിലധികമായി. മെമ്മോറാണ്ടം സമർപ്പിച്ചിട്ട് മൂന്ന് മാസത്തിലധികമായി. കേന്ദ്ര സംഘം വന്നുപോയിട്ടും മാസങ്ങളായി. പല സംസ്ഥാനങ്ങൾക്കും രേഖാമൂലം ആവശ്യപ്പെടാതെ സഹായം നൽകിയിട്ടുണ്ട്. പ്രത്യേക ധനസഹായമായി ഒരു രൂപ പോലും കേരളത്തിന് തന്നില്ല.
തീവ്രസ്വഭാവമുള്ള ദുരന്തമായി പ്രഖ്യാപിക്കുക, ദേശീയ ദുരന്തനിവാരണ അതോറിറ്റിയിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളുക, ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്നും അടിയന്തര സഹായം അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചത്. ഇതുവരെ അനുകൂലമായ മറുപടി തന്നിട്ടില്ല.
പ്രതീക്ഷിക്കുന്ന ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളും അടക്കം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1,202 കോടി രൂപയുടെ പ്രാഥമിക സഹായമാണ് ആവശ്യപ്പെട്ടത്. പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്‌മെന്റ് (പി .ഡി .എൻ. എ) നടത്തി വിശദമായ റിപ്പോർട്ട് നവംബർ 13 ന് നൽകി.
റിക്കവറി ആൻഡ് റീകൺസ്ട്രക്ഷൻ എസ്റ്റിമേറ്റായി മേപ്പാടിക്ക് 2,221 കോടി രൂപയും വിലങ്ങാടിന് 98.1 കോടി രൂപയുമാണ് കണക്കാക്കിയത്. ഈ റിപ്പോർട്ട് വൈകിയതുകൊണ്ടാണ് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാത്തത് എന്ന വിചിത്രവാദമാണ് കേന്ദ്രം ഉയർത്തുന്നത്.
പ്രധാനമന്ത്രി സന്ദർശിച്ച സമയത്ത് പി.ഡി.എൻ.എ സാമ്പത്തിക സഹായം ലഭിക്കുവാനുള്ള ഔദ്യോഗിക രേഖയായി കണക്കാക്കിയിട്ടില്ല . ആഗസ്റ്റ് 14 ന് അതിന്റെ ഗൈഡ്‌ലൈൻ നിലവിൽ വന്നശേഷം കേരളമാണ് ആദ്യ പി.ഡി.എൻ.എ സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |