ഭൂമിക്കും വീടിനും ഏറ്റവും കുടുതൽ വിലയുള്ള നഗരമാണ് ബംഗളുരു. വാടകയ്ക്ക് പോലും വീട് കിട്ടാൻ പ്രയാസമുള്ള സ്ഥലം. 2020ൽ ഇന്ത്യൻ ശതകോടീശ്വരനും ഇൻഫോസിസ് സഹസ്ഥാപകനുമായ എൻ.ആർ. നാരായണ മൂർത്തിയുടെ ഭാര്യ സുധാമൂർത്തി 29 കോടി രൂപയ്ക്കാണ് ബംഗളുരുവിൽ ഒരു ഫ്ലാറ്റ് വാങ്ങിയത്. ബംഗളുരുവിലെ കിംഗ് ഫിഷേഴ്‌സ് ടവേഴ്സിലെ 23-ാം നിലയിലെ ആഡംബര ഫ്ലാറ്റാണ് സുധാമൂർത്തി സ്വന്തമാക്കിയത്.
നാലുവർഷത്തിനിപ്പുറം എൻ.ആർ. നാരായണ മൂർത്തി ഇതേ കിംഗ് ഫിഷേഴ്‌സ് ടവേഴ്സിൽ മറ്റൊരു ഫ്ലാറ്റ് കൂടി വാങ്ങിയിരിക്കുകയാണ്. 50 കോടിയോളം രൂപയ്ക്കാണ് നാരായണ മൂർത്തി ഫ്ലാറ്റ് സ്വന്തമാക്കിയത്. 16-ാം നിലയിലെ ഫ്ലാറ്റാണ് നാരായണ മൂർത്തി ഇപ്പോൾ വാങ്ങിയിരിക്കുന്നത്. 8400 ചതുരശ്ര അടിയിലുള്ള ആഡംബര ഫ്ലാറ്റിൽ നാല് കിടപ്പുമുറികളാണുള്ളത്. സാധ്വനി റിയൽ എസ്റ്റേറ്റ് ഫോൾഡിംഗ്സ് മുഖേന മുംബയിലെ ഒരു വ്യവസായിയിൽ നിന്നാണ് നാരായണ മൂർത്തി പുതിയ ഫ്ലാറ്റ് വാങ്ങിയതെന്നാണ് റിപ്പോർട്ട് .
വിജയ് മല്യയും പ്രസ്റ്റീജ് ഗ്രൂപ്പും സംയുക്തമായി നിർമിച്ച ഫ്ളാറ്റ് സമുച്ചയമാണ് കിങ്ഫിഷർ ടവേഴ്സ്. 34 നിലകളുള്ള കെട്ടിടത്തിൽ 81 ആഡംബര ഫ്ളാറ്റുകളാണുള്ളത്. ബയോകോൺ സ്ഥാപകൻ കിരൺ മസൂംദർ ഷാ, കർണാടക മന്ത്രി കെ.ജെ. ജോർജിന്റെ മകൻ റാണ ജോർജ്, ഫ്ളിപ്കാർട്ട് സഹസ്ഥാപകൻ സച്ചിൻ ബൻസാൽ, സെറോദ സഹസ്ഥാപകൻ നിഖിൽ കാമത്ത് തുടങ്ങിയവരും കിങ്ഫിഷർ ടവേഴ്സിലെ താമസക്കാരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |