നെടുമങ്ങാട്: ഐ.ടി.ഐ വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ പ്രതിശ്രുത വരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാവുമായുള്ള വാക്കുതർക്കമാണ് ആത്മഹത്യയിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. യുവതിയുടെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ഈ പരിശോധനഫലവും പോസ്റ്റുമോർട്ടം റിപ്പോർട്ടും ലഭിച്ചശേഷം യുവാവിനെ കേസിൽ പ്രതി ചേർക്കണോ വേണ്ടയോ എന്നു തീരുമാനിക്കും.
വഞ്ചുവം ജംഗ്‌ഷനിൽ വാടകയ്ക്ക് താമസിക്കുന്ന പച്ചമല വെമ്പ് ചാത്തിച്ചൽ കരിക്കകത്ത് വീട്ടിൽ രജിയുടെ ഇളയമകൾ നമിതയെ (19) ഇക്കഴിഞ്ഞ 8ന് ഉച്ചയോടെയാണ് വാടകവീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇതിനു തൊട്ടുമുമ്പ് പ്രതിശ്രുത വരനും യുവതിയുടെ അകന്ന ബന്ധുവുമായ 25കാരൻ വീട്ടിൽ വന്നിരുന്നു. ഫോൺ ഉപയോഗത്തെ ചൊല്ലി ഇരുവരും വാക്കുതർക്കത്തിലാവുകയും തന്നെ സംശയിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് യുവതി ഭീഷണി മുഴക്കുകയും ചെയ്തതായി സൂചനയുണ്ട്. ഇഷ്ടംപോലെ ചെയ്യാൻ പറഞ്ഞ് വീടിനുപുറത്തിറങ്ങിയ യുവാവ് സംശയം തോന്നി യുവതിയുടെ ഫോണിൽ വിളിച്ചെങ്കിലും അറ്റൻഡ് ചെയ്തില്ല.
പരിസരവാസികളെ വിളിച്ച് യുവാവ് ഉടൻ മടങ്ങിയെത്തിയപ്പോൾ നമിത തൂങ്ങി നിൽക്കുകയായിരുന്നു. യുവാവിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ചുള്ളിമാനൂരിൽ വച്ചാണ് മരിച്ചത്. ഇരുവരും വഴക്കിടുമ്പോൾ വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല.നമിതയുടെ അമ്മ രജി സമീപത്തെ കോഴി ഫാമിൽ ജോലിക്ക് പോയിരുന്നു. അച്ഛൻ ബൈജു വീടുമായി അകന്നുകഴിയുകയാണ്.സഹോദരി നന്ദിത കുടുംബത്തോടെ മറ്റൊരിടത്താണ് താമസം.മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടവും പൊലീസ് ഇൻക്വസ്റ്റും കഴിഞ്ഞ് മൃതദേഹം ഇന്നലെ വൈകിട്ട് പച്ചമലയിലുള്ള ഇവരുടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ആര്യനാട് ഗവൺമെന്റ് ഐ.ടി.ഐയിൽ രണ്ടാംവർഷ ഇലക്ട്രോണിക്സ് വിദ്യാർത്ഥിനിയായിരുന്നു. വെമ്പ് സ്വദേശിയായ പ്ലംബിംഗ് തൊഴിലാളിയാണ് പൊലീസ് കസ്റ്റഡിയിലുള്ള യുവാവ്.
വലിയമല സ്റ്റേഷൻ ഓഫീസർ അവധിയിലായതിനാൽ നെടുമങ്ങാട് എസ്.എച്ച്.ഒയുടെ നേതൃത്വത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |