തിരുവനന്തപുരം: ''എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാനുള്ള അംഗീകാരമാണിത്...'' ജെ.സി.ഡാനിയേൽ പുരസ്കാരം ലഭിച്ചത് സംബന്ധിച്ച് ഷാജി എൻ.കരുൺ പറഞ്ഞു.
ദേശീയ, അന്താരാഷ്ട്ര തലങ്ങളിൽ ഷാജി എൻ.കരുണിന്റെ ചിത്രങ്ങളിലൂടെ നിരവധി തവണ മലയാളത്തിന് ആദരവ് ലഭിച്ചിട്ടുണ്ട്. ചാർളി ചാപ്ലിൻ ജന്മശതാബ്ജിയോടനുബന്ധിച്ചുള്ള അവാർഡ് 'പിറവി'ക്ക് ലഭിച്ചതാണ് തിളക്കമേറിയ ഓർമ്മയായി മനസിലുള്ളത്. അന്ന് 'ടൈംസി'ൽ അവാർഡ് ഇന്ത്യയിലേക്ക് എന്ന തലക്കെട്ടിലാണ് ഒന്നാം പേജിൽ വാർത്തവന്നത്. പക്ഷേ, സംസ്ഥാനത്ത് മികച്ച ചിത്രമായി പിറവി മാറിയില്ല! കുട്ടിസ്രാങ്കിന് ദേശീയ പുരസ്കാരം ലഭിച്ചപ്പോഴും സംസ്ഥാനത്തിന്റെ അംഗീകാരം മാറിനിന്നു.
അദ്ദേഹത്തിന്റെ 'സ്വം' കാനിൽ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ചത് 1994ൽ. പിന്നീട് 30 വർഷത്തിനു ശേഷമാണ് ഒരു ഇന്ത്യൻ ചിത്രം മത്സര വിഭാഗത്തിൽ ഇടം നേടുന്നത്. പായൽ കപാഡിയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്' ആയിരുന്നു ആ ചിത്രം.
1975ൽ കേരള സംസ്ഥാന ചലച്ചിത്ര വികസനകോർപ്പറേഷന്റെ രൂപീകരണവേളയിൽ അതിന്റെ ആസൂത്രണത്തിൽ മുഖ്യപങ്കു വഹിച്ചു. 1976ൽ കെ.എസ്.എഫ്.ഡി.സിയിൽ ഫിലിം ഓഫീസർ ആയി ചുമതലയേറ്റു. കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ, ചിദംബരം, ഒരിടത്ത് തുടങ്ങിയ അരവിന്ദൻ ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ച അദ്ദേഹം മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡും മൂന്ന് സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. 1988ൽ സംവിധാനം ചെയ്ത 'പിറവി'യാണ് ആദ്യ സംവിധാന സംരംഭം. പിറവി, സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിലൂടെ, കാൻമേളയുടെ ഔദ്യോഗിക വിഭാഗത്തിൽ തുടർച്ചയായി മൂന്നു ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെടുന്ന ലോകസിനിമയിലെ അപൂർവം സംവിധായകരിലൊരാളായി. കുട്ടിസ്രാങ്ക്, സ്വപാനം, നിഷാദ്, ഓള് എന്നിവയാണ് ശ്രദ്ധേയമായ മറ്റ് സിനിമകൾ. ഇതിനകം ഏഴ് ദേശീയ പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാനപുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. കലാസാംസ്‌കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സർക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ 'ദ ഓർഡർ ഓഫ് ആർട്സ് ആന്റ് ലെറ്റേഴ്സ്', പദ്മശ്രീ എന്നീ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
1998ൽ രൂപംകൊണ്ട സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ ആദ്യ ചെയർമാൻ ആയിരുന്നു. ഐ.എഫ്.എഫ്.കെയിൽ മത്സരവിഭാഗം ആരംഭിച്ചതും മേളയ്ക്ക് ഫിയാഫിന്റെ അംഗീകാരം ലഭിച്ചതും അദ്ദേഹം ചെയർമാനായിരുന്ന കാലത്താണ്. നിലവിൽ കെ.എസ്.എഫ്.ഡി.സി ചെയർമാനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |