വാഷിംഗ്ടൺ: യു.എസ് ആസ്ഥാനമായ യുണൈറ്റഡ് ഹെൽത്ത്‌കെയർ ഇൻഷ്വറൻസ് കമ്പനിയുടെ സി.ഇ.ഒ ബ്രയാൻ തോംപ്‌സൺ ( 50 ) വെടിയേറ്റ് മരിച്ച സംഭവത്തിൽ കൊലയാളിയെന്ന് കരുതുന്ന യുവാവ് പിടിയിൽ. ഇന്നലെ പെൻസിൽവേനിയയിലെ ആൽട്ടൂണയിൽ നിന്ന് ലൂയിജി മാൻജിയോണി (26) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന തോക്കും വ്യാജ രേഖകളും പൊലീസ് പിടിച്ചെടുത്തു. ഈ മാസം 4ന് മാൻഹട്ടണിലെ ഹിൽട്ടൺ ഹോട്ടലിന് പുറത്തുവച്ചാണ് ബ്രയാന് വെടിയേറ്റത്. ഓടിരക്ഷപ്പെട്ട പ്രതിയുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയായ യുണൈറ്റഡ് ഹെൽത്ത് ഗ്രൂപ്പിന്റെ യൂണിറ്റാണ് യുണൈറ്റഡ് ഹെൽത്ത് കെയർ. വരുമാനമനുസരിച്ച് യു.എസിലെ ഏറ്റവും വലിയ ഹെൽത്ത് കെയർ കമ്പനിയാണ് യുണൈറ്റഡ് ഹെൽത്ത് കെയർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |