ധാക്ക: ബംഗ്ലാദേശിൽ ഹിന്ദുക്കളടക്കം ന്യൂനപക്ഷങ്ങൾക്കു നേരെ നടക്കുന്ന ആക്രമണങ്ങളിൽ ശക്തമായ പ്രതിഷേധവും ആശങ്കയും നേരിട്ടറിയിച്ച് ഇന്ത്യ. ഇന്നലെ ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലെത്തിയ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇക്കാര്യം അധികൃതരെ അറിയിച്ചത്.
ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് മുഹമ്മദ് തൗഹീദുമായും വിദേശകാര്യ സെക്രട്ടറി മുഹമ്മദ് ജഷീം ഉദ്ദീനുമായും മിസ്രി ചർച്ച നടത്തി. ഇസ്കോൺ ഉൾപ്പെടെ മതസ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കും നേരെ ആക്രമണം ആവർത്തിക്കുന്നത് ഖേദകരമാണ്. ഇതിനെതിരെ നടപടി സ്വീകരിക്കണം. ഇടക്കാല സർക്കാരിന്റെ തണുപ്പൻ നടപടി അംഗീകരിക്കാനാവില്ല. അതേസമയം, ബംഗ്ലാദേശുമായി ക്രിയാത്മകവും പരസ്പര സഹകരണത്തോടെയുമുള്ള ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് മിസ്രി വ്യക്തമാക്കി.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പതനത്തിനു ശേഷം ബംഗ്ലാദേശിലെത്തിയ ആദ്യ ഉന്നത ഇന്ത്യൻ ഉദ്യോഗസ്ഥനാണ് മിസ്രി. കഴിഞ്ഞ ആഴ്ചയും രാജ്യത്ത് ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടിരുന്നു.
നദീജലം പങ്കിടൽ, വ്യാപാരം, ഗതാഗത കരാറുകൾ തുടങ്ങി ഉഭയകക്ഷി വിഷയങ്ങൾ ചർച്ചചെയ്യാൻ ബംഗ്ലാദേശ് താത്പര്യം പ്രകടിപ്പിച്ചു. എന്നാൽ, ഇത്തരം വിഷയങ്ങൾ ചർച്ചചെയ്യാൻ അനുകൂലമായ അന്തരീക്ഷം ഉണ്ടാകണമെന്ന് മിസ്രി ചൂണ്ടിക്കാട്ടി.
വർഗീയ അക്രമങ്ങൾക്ക്
ന്യായീകരണമില്ല
ന്യൂനപക്ഷ ആക്രമണങ്ങളിൽ ഇന്ത്യക്കാർ അസ്വസ്ഥരാണെന്ന് മിസ്രി ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി മുഹമ്മദ് ജഷീം ഉദ്ദീനോട് വ്യക്തമാക്കി
ആക്രമണങ്ങൾക്ക് വർഗീയ സ്വഭാവമാണ്. ഇസ്‌കോൺ, ഹിന്ദുമത നേതാക്കൾക്കെതിരായ ആക്രമണങ്ങൾ രാഷ്ട്രീയ കാരണത്താലല്ല
ബംഗ്ലാദേശ് അന്താരാഷ്ട്ര മര്യാദ നിലനിറുത്താൻ ആഗ്രഹിക്കുന്നെങ്കിൽ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കണം
ചില രാഷ്ട്രീയ, മതനേതാക്കളും ഇടക്കാല സർക്കാരിലെ സുപ്രധാനികളും ഇന്ത്യാവിരുദ്ധ പ്രസംഗം തുടരുന്നത് ഉഭയകക്ഷി ബന്ധത്തെ ബാധിക്കും
ചിന്മയ് ദാസിനെതിരെ വീണ്ടും കേസ്
ഹിന്ദു പുരോഹിതനും ഇസ്കോൺ മുൻ അംഗവുമായ ചിന്മയ് കൃഷ്ണദാസിനും അനുയായികൾക്കുമെതിരെ വീണ്ടും കേസ്. ദാസിന്റെ അറസ്റ്റിന് പിന്നാലെയുണ്ടായ സംഘർഷങ്ങളുടെ പേരിലാണ് കേസ്. ദാസാണ് മുഖ്യപ്രതി. ദാസിന്റെ 164 അനുയായികൾക്കും തിരിച്ചറിയാത്ത അഞ്ഞൂറോളം പേർക്കെതിരെയും പൊലീസ് കേസെടുത്തു. നവംബർ 26ന് ചിറ്റഗോങ്ങ് കോടതി പരിസരത്തു വച്ച് ദാസിന്റെ അനുയായികൾ തന്നെ ആക്രമിച്ചെന്ന ഹെഫാസത്ത് ഇ ഇസ്ലാം പ്രവർത്തകന്റെ പരാതിയിലാണ് കേസ്. ദാസ് ചിറ്റഗോങ്ങിലെ ജയിലിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |