അബുദാബി: അടുത്ത ദശാബ്ദത്തിനുള്ളിൽ ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ അബുദാബിയിൽ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട്. 2035 ആകുമ്പോഴേക്കും അബുദാബി ജിഡിപിയിലേക്ക് 100 ബില്യൺ ദിർഹം അധികമായി കൂട്ടിച്ചേർക്കുമെന്നും ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും ആരോഗ്യ വകുപ്പ് ചെയർമാനുമായ മൻസൂർ അൽ മൻസൂരി തിങ്കളാഴ്ച അബുദാബി ഫിനാൻസ് വീക്കിൽ പറഞ്ഞു.
സൂക്ഷ്മാണുക്കൾ, സസ്യങ്ങൾ, മൃഗങ്ങൾ, മനുഷ്യർ എന്നിവയെ ഉൾക്കൊള്ളുന്ന ജീവജാലങ്ങളെയും പ്രക്രിയകളെയും കുറിച്ചുള്ള പഠനമാണ് ലൈഫ് സയൻസ്. പ്രധാനമായും നാല് ശാഖകളാണ് ലൈഫ് സയൻസിനുള്ളത്. ബയോളജി, അനാട്ടമി, അസ്‌ട്രോബയോളജി, ബയോടെക്‌നോളജി. കൂടാതെ മറ്റ് ചില ശാഖകളുമുണ്ട്.
നമ്മളെ സംബന്ധിച്ചിടത്തോളം ആരോഗ്യമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് മൻസൂർ അൽ മൻസൂരി പറഞ്ഞു.' നമ്മുടെ ആരോഗ്യമാണ് നമ്മുടെ സമ്പത്ത്. ആരോഗ്യമുള്ള ഒരു ജനസംഖ്യ സാമൂഹിക ക്ഷേമം ഉറപ്പാക്കുകയും സാമ്പത്തിക വളർച്ചയ്ക്ക് ഇന്ധനമാകുകയും ചെയ്യുന്നു. നമ്മുടെ ജനസംഖ്യയുടെ ആരോഗ്യകരമായ ജീവിതശൈലിയിൽ മികവ് പുലർത്തുന്നതിന് വ്യക്തിഗതവും പ്രതിരോധപരവുമായ പരിചരണം നൽകിക്കൊണ്ട് ഏറ്റവും ബുദ്ധിപരവും കാര്യക്ഷമവുമായ സംവിധാനം സൃഷ്ടിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു'- അദ്ദേഹം പറഞ്ഞു.
ഭാവിയിൽ അബുദാബി നടപ്പിലാക്കുന്ന ഈ പദ്ധതി ഒരുപാട് വിദേശികൾക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. സ്വദേശിവത്കരണം നടപ്പിലാക്കുന്ന പല ഗൾഫ് രാജ്യങ്ങളും ഈ മേഖലയിലേക്ക് വിദേശികളെ വേണ്ടി വന്നേക്കാം. ഇന്ത്യക്കാർക്ക് അടക്കമുള്ളവർക്ക് ഈ അവസരം മുതലെടുക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |