തിരുവനന്തപുരം: പാർട്ടി നേതൃത്വത്തോടുള്ള അതൃപ്‌തി പരസ്യമാക്കി ചാണ്ടി ഉമ്മൻ എംഎൽഎ. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പ്രചരണച്ചുമതല ഉൾപ്പെടെ നൽകാത്തതാണ് ചാണ്ടി ഉമ്മന്റെ അതൃപ്‌തിക്ക് കാരണം. അന്ന് പറയേണ്ടെന്ന് കരുതിയതാണ്. ഇപ്പോഴും കൂടുതൽ കാര്യങ്ങളൊന്നും പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചാണ്ടി ഉമ്മന്റെ വാക്കുകൾ:
'ചിലരെ മാറ്റിനിർത്തി മറ്റ് ചിലർ മാത്രം മുന്നോട്ട് വരുന്ന സാഹചര്യമാണ് പാർട്ടിയിൽ ഇപ്പോൾ ഉണ്ടാവുന്നത്. താഴെത്തട്ട് മുതലുള്ള ആളുകളെ ചേർത്തുപിടിച്ച് മുന്നോട്ട് പോവുകയാണ് സംഘടന ചെയ്യേണ്ടത്. ഇവിടെ മാറ്റിനിർത്തുന്ന സമീപനം ഉണ്ടാവുന്നു. ഈ യാഥാർത്ഥ്യം ഉൾക്കൊണ്ട് അവരെക്കൂടി ചേർത്ത് ഒന്നിച്ച് മുന്നോട്ടുപോകാൻ ശ്രമിക്കണം.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ എല്ലാവർക്കും ചുമതല കൊടുത്തു. എനിക്ക് നൽകിയില്ല. അതിന്റെ കാരണം എനിക്കറിയില്ല. അതുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചചെയ്യാനില്ല. പ്രചരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട് പോയത്. എല്ലാവരെയും ഒന്നിച്ച് നിർത്തി നേതൃത്വം മുന്നോട്ട് പോകണം. പാർട്ടി പുനഃസംഘടനയിൽ യുവാക്കൾക്ക് പ്രാതിനിധ്യം കിട്ടണം. കെ സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറണം എന്ന അഭിപ്രായം എനിക്കില്ല. അത് ചർച്ച ചെയ്യാൻ പോലും പാടില്ല. എല്ലാവരെയും ചേർത്തുപിടിച്ച് കൊണ്ടുപോകണം. '
അതേസമയം, തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറ രാഹുല്‍ മാങ്കൂട്ടത്തില്‍ സന്ദര്‍ശിച്ചിരുന്നു. അന്ന് ചാണ്ടി ഉമ്മന്‍ അവിടെ ഉണ്ടായിരുന്നില്ല. ചാണ്ടി ഉമ്മന്‍ സ്ഥലത്തില്ലെന്നും അദ്ദേഹം വിളിച്ചിരുന്നുവെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്. രാഷ്ട്രീയ യാത്ര തുടങ്ങിയതും മുന്നോട്ട് പോകുന്നതും ഇവിടെ നിന്നാണെന്നും രാഷ്ട്രീയത്തില്‍ മാത്രമല്ല ജീവിതത്തില്‍ എന്തൊക്കെ സംഭവിക്കുമ്പോഴും ആദ്യം ഓര്‍ക്കുന്ന പേര് ഉമ്മന്‍ ചാണ്ടിയുടേതാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ അന്ന് പ്രതികരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |