ന്യൂഡൽഹി: എയിംസ് ഉൾപ്പെടെ കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ആശുപത്രികളിലേക്ക് നടന്ന നഴ്‌സിംഗ് ഓഫീസർമാരുടെ പരീക്ഷയിൽ അട്ടിമറി. നിയമനം നേടി ജോലിക്കെത്തിയ നാലുപേരെ ഡൽഹി ആർഎംഎൽ ആശുപത്രി പിരിച്ചുവിട്ടു. ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയെന്ന് കണ്ടെത്തിയതോടെയാണ് നടപടി.
ഡൽഹി എയിംസ് ഉൾപ്പെടെ രാജ്യത്തെ വിവിധ എയിംസുകളിലേക്കുള്ള നഴ്‌സിംഗ് ഓഫീസർമാരുടെ നിയമനത്തിനാണ് നോർസെറ്റ് (നഴ്‌സിംഗ് ഓഫീസർ റിക്രൂട്ട്‌മെന്റ് കോമൺ എലിജിബിലിറ്റി ടെസ്റ്റ്) എന്ന കേന്ദ്രീകൃത പരീക്ഷ നടത്തിയിരുന്നത്. 2019 മുതൽ ഈ പരീക്ഷ വഴി ആർഎംഎൽ, സഫ്‌ദർജംഗ് അടക്കം കേന്ദ്രസർക്കാരിന്റെ കീഴിലുള്ള മറ്റ് ആശുപത്രികളിലേക്ക് നിയമനം നടത്തി തുടങ്ങി. എന്നാൽ, 2022ൽ നടന്ന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആർഎംഎൽ ആശുപത്രിയിൽ നടന്ന നിയമനത്തിലെ കള്ളക്കളിയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ആശുപത്രിയിൽ നിയമിതരായ നാലുപേർക്ക് തൊഴിൽ സംബന്ധമായി ഒരു അറിവും ഇല്ലെന്ന് ബോദ്ധ്യമായതോടെ ആശുപത്രി അധികൃതർ തന്നെ തുടർ പരിശോധനകൾ നടത്തുകയായിരുന്നു. ഇതിൽ ആശുപത്രിയിൽ നിയമിതരായവരല്ല പരീക്ഷ എഴുതിയതെന്ന് തെളിഞ്ഞു. ഇതോടെ നാലുപേരെയും പുറത്താക്കി. സംഭവം പൊലീസിൽ റിപ്പോർട്ട് ചെയ്‌തതടക്കമുള്ള കാര്യങ്ങളിൽ ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല. പരീക്ഷ അട്ടിമറിയിൽ ഇന്ത്യൻ പ്രൊഫഷണൽ നഴ്‌സസ് അസോസിയേഷൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |