SignIn
Kerala Kaumudi Online
Saturday, 04 July 2020 12.09 PM IST

വീഴ്‌ചകൾ പരിഹരിക്കാൻ നിർണായക നീക്കം: മന്ത്രിമാരുടെ പ്രകടനം പാർട്ടി വിലയിരുത്തും, ആവശ്യമെങ്കിൽ തിരുത്തൽ നടപടികൾ

cpm

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് ഒന്നേമുക്കാൽ വർഷം മാത്രം ബാക്കി നിൽക്കേ തങ്ങളുടെ മന്ത്രിമാരുടെ പ്രവർത്തനം സി.പി.എം സമഗ്രമായി വിലയിരുത്തുന്നു. ഇടതുമുന്നണി സർക്കാർ 2016ൽ അധികാരത്തിൽ വന്നതിന് ശേഷം ഇതു രണ്ടാംതവണയാണ് മന്ത്രിമാരുടെ പ്രവർത്തനത്തെക്കുറിച്ച് പാർട്ടി വിലയിരുത്തുന്നത്. ഇപ്പോൾ നടന്നുവരുന്ന പാർട്ടി നേതൃയോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും.

ഒന്നര വർഷം മുമ്പ് പാർട്ടി കോൺഗ്രസിന് മുന്നോടിയായി ബ്രാഞ്ച് മുതൽ സംസ്ഥാന തലം വരെ നടന്ന പാർട്ടി സമ്മേളനങ്ങളിലും മന്ത്രിമാരുടെ പ്രവർത്തനം വിലയിരുത്തിയിരുന്നു. അന്ന് കീഴ് ഘടകങ്ങൾ തൊട്ട് സംസ്ഥാന കമ്മിറ്രി വരെ ശക്തമായ വിമർശനമായിരുന്നു പല മന്ത്രിമാർക്കും നേരെ ഉയർന്നത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, തദ്ദേശവകുപ്പ് മന്ത്രിയായിരുന്ന കെ.ടി.ജലീൽ എന്നിവർക്കെതിരെ വിമർശനം രൂക്ഷമായിരുന്നു. ഇതേതുടർന്നാണ് അന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് രവീന്ദ്രനാഥിൽ നിന്നും തദ്ദേശസ്വയം ഭരണം ജലീലിൽ നിന്നും മാറ്രിയത്. മുൻ വ്യവസായ വകുപ്പ് മന്ത്രി കൂടിയായിരുന്ന ഇ.പി.ജയരാജനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുത്തതിന്റെ ഭാഗമായിരുന്നു വകുപ്പുകളിൽ മാറ്റം വരുത്തിയതെങ്കിലും പാർട്ടി സമ്മേളനങ്ങളിലെ വിമർശനങ്ങളും ഇതിന് കാരണമായി. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് വർഷം പോലുമില്ലെന്നിരിക്കേ മന്ത്രിസഭയിൽ ഇനിയൊരു അഴിച്ചുപണിക്ക് സാദ്ധ്യത കുറവാണ്. മന്ത്രിമാരുടെ പ്രവർത്തനം വിലയിരുത്തി, സർക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തി മുന്നോട്ട് പോകാനാണ് ശ്രമം. ഇതിന്റെ ഭാഗമായാണ് വീണ്ടും മന്ത്രിമാരുടെ പ്രവർത്തനം വിലയിരുത്തുന്നത്.

ശബരിമല വിഷയം ഉൾപ്പെടെയുള്ളവ കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് ഗുരുതരമായ വീഴ്ച വന്നതായി പാർട്ടിയുടെ ജനസമ്പർക്ക വേളയിൽ വിമർശനമുയർന്നിരുന്നു. ഇതേ തുടർന്നാണ് പാർട്ടിയുടെ ഓരോ മന്ത്രിമാരുടെ പ്രവർത്തന മികവിനെക്കുറിച്ചും വിശദമായി പഠിച്ച് വിലയിരുത്തൽ നടത്താൻ സി.പി.എം നേതൃത്വം തയ്യാറായത്. സി.പി.ഐ എം.എൽ എയ്ക്കും നേതാക്കൾക്കും നേരെ നടന്ന പൊലീസ് അതിക്രമം, ലോക്കപ്പ് മർദ്ദനങ്ങൾ, സാമ്പത്തിക പ്രതിസന്ധി, പ്രളയ ദുരിതാശ്വാസ പ്രവർത്തനം, ശബരിമല, വിദ്യാഭ്യാസ വകുപ്പിലെ നിയമനങ്ങൾ തുടങ്ങി എല്ലാവകുപ്പുകളിലെയും പ്രശ്‌നങ്ങൾ പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. തങ്ങളുടെ വകുപ്പിലെ പ്രവർത്തന നേട്ടത്തെക്കുറിച്ച് എല്ലാ മന്ത്രിമാരും പാർട്ടി നേതൃത്വത്തിന് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കും. പാർലമെന്ററി പ്രവർത്തനത്തിനായുള്ള മാർഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ മന്ത്രിമാരുടെ പ്രവർത്തനത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് ആണ് സംസ്ഥാന സെകട്ടറി അവതരിപ്പിക്കുക.

ഇന്നും നാളെയുമായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്രും പിന്നീട് മൂന്ന് ദിവസം സംസ്ഥാന കമ്മിറ്രിയും വിഷയം ചർച്ച ചെയ്യും. സംസ്ഥാന സെക്രട്ടേറിയറ്ര് അംഗീകരിച്ച വിലയിരുത്തലുകളും മന്ത്രിമാരുടെ റിപ്പോർട്ടുകളും സംസ്ഥാന സെക്രട്ടറിയുടെ റിപ്പോർട്ടും സംസ്ഥാന കമ്മിറ്റിയുടെ മുമ്പാകെ വയ്കും. കാര്യക്ഷമമല്ലാത്ത വകുപ്പുകളെ സജീവമാക്കാനും പ്രവർത്തനം മെച്ചപ്പെടുത്താനുമുള്ള നടപടികളാകും അതിനുശേഷം സ്വീകരിക്കുക.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: STATE GOVERNMENT, CPM, CPM MEETING, CABINET MEETING, CPM TO EXAMINE STATE GOVERNMENTS PERFORMENCE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.