നവംബറിലെ നിക്ഷേപം 35,943 കോടി രൂപ
സാമ്പത്തിക തളർച്ചയിൽ നിക്ഷേപകർക്ക് ആശങ്ക
കൊച്ചി: വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായതോടെ ഓഹരി അധിഷ്‌ഠിത മ്യൂച്വൽ ഫണ്ടുകളിലേക്ക് പണമൊഴുക്ക് കുറയുന്നു. അസോസിയേഷൻ ഒഫ് മ്യൂച്വൽ ഫണ്ട്സ് ഒഫ് ഇന്ത്യയുടെ(എ.എം.എഫ്.ഐ) കണക്കുകളനുസരിച്ച് നവംബറിൽ ഓഹരി അധിഷ്ഠിത ഫണ്ടുകളിലെ നിക്ഷേപം 14 ശതമാനം ഇടിഞ്ഞ് 35,943 കോടി രൂപയായി. ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങളും രൂപയുടെ മൂല്യയിടിവും സാമ്പത്തിക രംഗത്തെ തളർച്ചയും നിക്ഷേപ ഒഴുക്കിനെ പ്രതികൂലമായി ബാധിച്ചു.
നവംബറിൽ ഓഹരി, കടപ്പത്രങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ പണം മുടക്കുന്ന മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള മൊത്തം നിക്ഷേപം 60,295 കോടി രൂപയായി കുത്തനെ കുറഞ്ഞെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഒക്ടോബറിൽ 2.4 ലക്ഷം കോടി രൂപയുടെ മൊത്തം നിക്ഷേപമാണ് മ്യൂച്വൽ ഫണ്ടുകളിലെത്തിയിരുന്നത്. നിക്ഷേപ ഒഴുക്കിൽ കുറവുണ്ടായെങ്കിലും മ്യൂച്വൽ ഫണ്ടുകളുടെ മൊത്തം ആസ്തി ഒക്ടോബറിലെ 67.25 ലക്ഷം കോടി രൂപയിൽ നിന്ന് കഴിഞ്ഞ മാസം 68.08 ലക്ഷം കോടി രൂപയായി ഉയർന്നു.
ചെറുകിട ഓഹരികൾക്ക് പ്രിയമേറുന്നു
എ.എം.എഫ്.ഐയുടെ കണക്കുകളനുസരിച്ച് ചെറുകിട കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുന്ന സ്കീമുകൾക്കാണ് പ്രിയം കൂടുതൽ. സ്മാൾ ക്യാപ് ഫണ്ടുകളിലെ നിക്ഷേപം ഒക്ടോബറിലെ 3,772 കോടി രൂപയിൽ നിന്ന് കഴിഞ്ഞ മാസം 4,112 കോടി രൂപയായി ഉയർന്നു. ലാർജ് ക്യാപ് ഫണ്ടുകളിലെ നിക്ഷേപം ഇക്കാലയളവിൽ 3,452 കോടിയിൽ നിന്ന് 2,548 കോടി രൂപയിലേക്ക് താഴ്ന്നു. സെക്‌ടറൽ തീമാറ്റിക് ഫണ്ടുകളിലേക്കാണ് ഏറ്റവുമധികം നിക്ഷേപം ലഭിച്ചത്.
പ്രതികൂല ഘടകങ്ങൾ
1.നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നികുതി നടപടികളിലെ അവ്യക്തത
2. ജൂലായ്-സെപ്തംബർ കാലയളവിൽ ഇന്ത്യൻ കമ്പനികളുടെ പ്രവർത്തന ലാഭത്തിലെ ഇടിവ്
3. ഭക്ഷ്യവിലക്കയറ്റവും ഉപഭോഗത്തിലെ തളർച്ചയും സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്ന ആശങ്ക
അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പും പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളുമാണ് നിക്ഷേപകരെ കഴിഞ്ഞ മാസം വിപണിയിൽ നിന്ന് അകറ്റിയത്
അഖിൽ ചതുർവേദി
സി.ഇ.ഒ
മോട്ടിലാൽ ഓസ്വാൾ എ.എം.സി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |