കൊച്ചി: ആന എഴുന്നള്ളിപ്പിനുള്ള ഹൈക്കോടതിയുടെ മാർഗനിർദ്ദേശങ്ങൾ അക്ഷരംപ്രതി പാലിക്കണമെന്ന് ഇന്നലെ കൊച്ചിൻ ദേവസ്വം ബോർഡ് ഉത്തരവിറക്കിയതോടെ തൃശൂർ പൂരമടക്കമുള്ളവയുടെ നടത്തിപ്പിൽ ആശങ്കയുയർന്നു. ഉത്രാളിക്കാവ്, ആറാട്ടുപുഴ, എറണാകുളം പൂരങ്ങളും കൊടുങ്ങല്ലൂർ താലപ്പൊലിക്കുമടക്കം ഇത് ബാധകമാണ്. ചോറ്റാനിക്കര മകം ഉത്സവത്തിനുള്ള എഴുന്നള്ളിപ്പിനും ബാധകം. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ളതാണ് ഈ ക്ഷേത്രങ്ങൾ.
രാവിലെ 9നും വൈകിട്ട് 5നും മദ്ധ്യേ പൊതുവഴിയിൽ ആനയെ എഴുന്നള്ളിക്കരുതെന്ന ഉത്തരവ് തൃശൂർ പൂരത്തിന് വിഘാതമാകും. പത്ത് കിലോമീറ്റർ അകലെയുള്ള നെയ്തലക്കാവിലമ്മ ആനപ്പുറത്തെത്തി തെക്കേഗോപുരനട തുറന്ന് പൂരവിളംബരം നടത്തിയെങ്കിൽ മാത്രമേ പൂരം ചടങ്ങുകൾക്ക് തുടക്കമാകൂ.
ആറാട്ടുപുഴ പൂരത്തിന് 50ലേറെ ആനകൾ പങ്കെടുക്കാറുണ്ട്. തൃപ്രയാർ ക്ഷേത്രം, നെട്ടിശേരി ക്ഷേത്രം തുടങ്ങി 40 കിലോമീറ്റർവരെ ദൂരത്തു നിന്നാണ് ആനപ്പുറത്ത് ഇവിടേക്ക് ദേവീദേവന്മാർ എഴുന്നള്ളുന്നത്. ആനകളെ ദിവസം 30 കിലോമീറ്റർ നടത്താൻ പാടില്ല തുടങ്ങിയ നിബന്ധനകൾ നൂറ്റാണ്ടുകളായി നടക്കുന്ന ദേവസംഗമത്തിനെയും കൂട്ടിയെഴുന്നള്ളിപ്പിനെയും ബാധിക്കും.
കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് ആനകളുടെ ദൂരപരിധി പാലിച്ചില്ലെന്ന പേരിൽ ദേവസ്വം ഓഫീസർ ഹൈക്കോടതി നടപടികൾ നേരിടുകയാണ്.
പ്രധാന നിർദ്ദേശങ്ങൾ
ആനകൾ തമ്മിൽ 3 മീറ്റർ അകലം പാലിക്കണം, പൊതുവഴിയിൽ രാവിലെ 9നും വൈകിട്ട് 5നും മദ്ധ്യേ എഴുന്നള്ളിക്കരുത്
രാത്രി 10 മുതൽ രാവിലെ 4 വരെ യാത്ര ചെയ്യിക്കരുത്. 3 മണിക്കൂറിലധികം എഴുന്നള്ളിക്കരുത്
ആനയുമായി ലോറികൾ 25 കിലോമീറ്ററിലധികം സ്പീഡിൽ സഞ്ചരിക്കരുത്
എഴുന്നള്ളിപ്പ് അനുമതിക്കായി ആനകളുടെ വിശദാംശങ്ങൾ ഒരുമാസം മുമ്പ് സമർപ്പിക്കണം,
ഹൈക്കോടതി നിർദ്ദേശം ദേവസ്വം ഓഫീസർമാരെ ഔദ്യോഗികമായി അറിയിക്കാനാണ് ഉത്തരവ്. ബോർഡിന്റെ ഒരു തീരുമാനവും ഇതിലില്ല. ഇക്കാര്യത്തിൽ സർക്കാർ ഇടപെടൽ പ്രതീക്ഷിക്കുന്നു.
ഡോ.എം.കെ. സുദർശൻ
പ്രസിഡന്റ്
കൊച്ചിൻ ദേവസ്വം ബോർഡ്
@ആനയെഴുന്നള്ളിപ്പ്
ജഡ്ജിക്കെതിരെ ചീഫ്
ജസ്റ്റിസിന് പരാതി
തൃശൂർ: ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വിധി പുറപ്പെടുവിച്ച ഡിവിഷൻ ബെഞ്ചിലെ ജസ്റ്റിസ് മൃഗസംരക്ഷണ സംഘടനയായ 'പെറ്റ'യുടെ അഭിഭാഷകനായിരുന്നെന്നും അദ്ദേഹത്തെ ബെഞ്ചിൽ നിന്നും മാറ്റണമെന്നും ആവശ്യപ്പെട്ട് പൂരപ്രേമി സംഘം ചീഫ് ജസ്റ്റിസിന് പരാതി നൽകി. 1021 പേർ ഒപ്പിട്ട പരാതിയാണ് കേരള ചീഫ് ജസ്റ്റിസിന് സമർപ്പിച്ചത്. സമാന സ്വഭാവമുള്ള കേസിൽ 'പെറ്റ'യ്ക്കായി മേനോൻ ആൻഡ് പൈ എന്ന അഭിഭാഷക സ്ഥാപനം മുഖേന നിലവിലെ ജഡ്ജി അഭിഭാഷകനായിരിക്കെ ഹാജരായിയെന്നത് മുൻവിധിക്ക് തെളിവാണെന്നും പരാതിയിൽ ആരോപിക്കുന്നു.
ഇതിനിടെ ഉത്സവാഘോഷം സംരക്ഷിക്കണമെന്നും വെടിക്കെട്ട് നിയന്ത്രണം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പൂരപ്രേമി സംഘത്തിന്റെ നേതൃത്വത്തിൽ ഇന്നലെ കോർപ്പറേഷൻ ഓഫീസിന് മുമ്പിൽ ഏകദിന ഉപവാസം സംഘടിപ്പിച്ചു. മേയർ എം.കെ.വർഗീസ് ഉദ്ഘാടനം ചെയ്തു.
കേരള ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 14ന് തൃശൂരിൽ ഉത്സവരക്ഷാസംഗമം സംഘടിപ്പിക്കും. തെക്കേഗോപുരനടയിൽ വൈകിട്ട് നാലിന് നടക്കുന്ന സംഗമം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ,സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ.ബിജു,മുൻമന്ത്രി വി.എസ്.സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |