തിരുവനന്തപുരം : കുറഞ്ഞ പലിശ നിരക്കിൽ വായ്‌പ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. നോർത്ത് ബാംഗ്ലൂർ കല്ല്യാണനഗർ ഹെന്നൂർ റോഡ് സ്വദേശി റിബിൻ എബ്രഹാമിനെയാണ് (35) വഞ്ചിയൂർ പൊലീസ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിക്കെതിരെ കർണാടകയിൽ വധശ്രമം ഉൾപ്പെടെ വിവിധ കേസുകളും തമിഴ്‌നാട്ടിലും കേരളത്തിലും പല കേസുകളുമുണ്ടെന്ന് പൊലീസ് അറിയിച്ചു.
സ്റ്റാച്യുവിൽ താമസിക്കുന്ന പരാതിക്കാരന് ഒരുകോടി രൂപ ലോൺ വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഒൻപത് ലക്ഷം തട്ടിയെടുത്തെന്നാണ് കേസ്. കേസിലെ പ്രധാന പ്രതിയായ തമിഴ്‌നാട് ശ്രീവള്ളിപുത്തൂർ സ്വദേശി വീരകുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് റിബിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഫോണിൽ കുറഞ്ഞ പലിശനിരക്കിൽ ലോൺ എന്ന സന്ദേശം നൽകിയാണ് ഇവർ പലരെയും വീഴ്ത്തിയത്. വലയിൽ വീഴുന്നവരോട് വൻ തുകയുടെ മുദ്രപത്രം വാങ്ങാൻ ആവശ്യപ്പെടും. അത്രയും വിലയുടെ പത്രം കിട്ടാനില്ലെന്നു പറയുമ്പോൾ തമിഴ്‌നാട്ടിലുണ്ടെന്നും വെണ്ടറുടെ അക്കൗണ്ടിൽ പണം നൽകിയാൽ പത്രം കിട്ടുമെന്നും അറിയിക്കും. വ്യാജപേരിലുള്ള അക്കൗണ്ടിൽ പണം അയച്ചവരാണ് കബളിപ്പിക്കപ്പെട്ടത്. ശംഖുംമുഖം എ.സി.പി അനുരൂപിന്റെ നിർദ്ദേശാനുസരണം വഞ്ചിയൂർ സി.ഐ ഷാനിഫ്, എസ്.ഐ അലക്‌സ്, സി.പി.ഒ സജീവ്, സുബിൻ പ്രസാദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |