തലസ്ഥാനമായ ഡമാസ്‌കസിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ വടക്കുള്ള ഒരു ചെറിയ പട്ടണത്തിൽ 1980-കളിലാണ് സെഡ്‌നയ ജയിൽ സ്ഥാപിച്ചത്. ജയിൽ നിർമ്മിക്കാനുള്ള ശ്രമങ്ങൾ 1978-ൽ ആരംഭിച്ചിരുന്നു. ആദ്യ തടവുകാർ 1987-ൽ എത്തി. റിപ്പോർട്ട് അനുസരിച്ച്, ജയിലിൽ രണ്ട് തടങ്കൽ കേന്ദ്രങ്ങൾ ഉണ്ടായിരുന്നു: "റെഡ് ബിൽഡിംഗ്", "വൈറ്റ് ബിൽഡിംഗ്". ഓരോ കേന്ദ്രത്തിലും 10,000 മുതൽ 20,000 വരെ ആളുകളെ ഉൾക്കൊള്ളാൻ കഴിയും. റെഡ് ബിൽഡിംഗിൽ കൂടുതലും 2011 ആഭ്യന്തരയുദ്ധം ആരംഭിച്ചതിന് ശേഷം അറസ്റ്റിലായവരാണ്. വൈറ്റ് ബിൽഡിംഗിൽ രാജ്യ ദ്രോഹികളായി കണക്കാക്കുന്നവരെയും സൈനികരെയുമാണ് പാർപ്പിക്കുന്നത്. രണ്ട് കെട്ടിടങ്ങളിൽ നിന്നും തടവുകാരെ അപൂർവ്വമായി മാത്രമേ മോചിപ്പിക്കാറുള്ളൂ. റെഡ് പ്രിസൺ എന്ന പേരിൽ ഭൂമിക്കടിയിൽ മൂന്നു നില താഴെ തടവുമുറികളുണ്ട്. അവ ഇതുവരെ തുറക്കാനായിട്ടില്ല. വളരെ സങ്കീർണമായ പൂട്ടുകളാണ്. അതു തുറക്കാൻ അറിയാവുന്നവർ ഇപ്പോൾ സ്ഥലത്തില്ല എന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ബഷാറിന്റെ ഭരണക്കാലത്ത് പുരുഷൻമാരും സ്ത്രീകളടക്കം ആയിരക്കണക്കിനു ആളുകളാണ് സെയ്ദ്നിയ ജയിലിൽ തടവിലിട്ടു പീഡിപ്പിച്ചത്. ചെറിയ ഭൂഗർഭ അറകളിൽ, ആവശ്യത്തിനു ഭക്ഷണം കിട്ടാതെ, സൂര്യപ്രകാശം പോലും കാണാതെ വർഷങ്ങളോളം കഴിഞ്ഞ തടവുകാരുണ്ട് അക്കൂട്ടത്തിൽ . ബഷാറിന്റെ സേന പിടിച്ചുവലിച്ചു കൊണ്ടുപോയ ഭൂരിഭാഗം പേരിൽ പലർക്കും എന്തുപറ്റിയെന്നത് ഇപ്പോഴും ജനങ്ങൾക്ക് അറിയില്ല. അതിൽ ചിലർ മാത്രമാണ് വിമതസേന മോചിപ്പിച്ച് പുറത്തുവന്നത്.
അപലപിച്ച് രാജ്യങ്ങൾ
ഈജിപ്തും ഖത്തറും സൗദി അറേബ്യയും ഇസ്രയേൽ നുഴഞ്ഞുകയറ്റത്തെ അപലപിച്ചു. ഈ നീക്കം സിറിയയുടെ സുരക്ഷ പുനഃസ്ഥാപിക്കാനുള്ള സാധ്യതകളെ നശിപ്പിക്കുമെന്ന് സൗദി അറേബ്യ പറഞ്ഞു. രാജ്യത്ത് വിമതസേന വാഗ്ദാനങ്ങൾ പാലിക്കുകയാണെങ്കിൽ ഭീകരസംഘടനയെന്ന ലേബൽ പിൻവലിക്കുമെന്ന് യു.കെയും വ്യക്തമാക്കി.
അഭയാർഥികൾ തിരികെ വരുന്നു
ആഭ്യന്തര യുദ്ധ കാലത്ത് സിറിയ വിട്ട് അയൽ രാജ്യങ്ങളിലേക്ക് മടങ്ങിപോയ അഭയാർഥികൾ തിരികെ വന്ന് തുടങ്ങിയിട്ടുണ്ട്.
കർഫ്യൂ പ്രഖ്യാപിക്കപ്പെട്ട ഡെമാസ്കസിൽ അവശ്യ വസ്തു ക്ഷാമം രൂക്ഷമാണ്. പലയിടത്തും ഭക്ഷണ സാധനങ്ങൾക്കായി വലിയ ക്യൂ കാണാം.
ഓസ്റ്റിൻ ടൈസിനെ തിരഞ്ഞ് യു.എസ്
12 വർഷം മുൻപ് സിറിയയിൽവച്ച് കാണാതായ യു.എസ് മാധ്യമപ്രവർത്തകൻ ഓസ്റ്റിൻ ടൈസിനെ കണ്ടെത്താനുള്ള നീക്കങ്ങൾ യുഎസ് ആരംഭിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് വ്യക്തമായ അറിവില്ലെന്ന് ജോ ബിഡൻ വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു, ടൈസിനെ കാണാതായി ആഴ്ചകൾക്ക് ശേഷം ഒരു വീഡിയോ പുറത്ത് വന്നിരുന്നു. അതിൽ ആയുധധാരികൾക്ക് നടുവിൽ കണ്ണ് മൂടിക്കെട്ടിയ നിലയിൽ ആയിരുന്നു അദ്ദേഹം. ശേഷം ടൈസിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ലഭിച്ചില്ല. എന്നാൽ തങ്ങൾ അദ്ദേഹത്തെ പിടികൂടിയിട്ടില്ലെന്ന് സിറിയ അന്ന് പരസ്യമായി നിഷേധിച്ചിരുന്നു. ടൈസ് ജീവിച്ചിരിപ്പുണ്ടെന്നതിന് പുതിയ തെളിവുകളൊന്നും അമേരിക്കയുടെ പക്കലില്ലെന്നും, എന്നാൽ ആ അനുമാനത്തിൽ പ്രവർത്തിക്കുന്നത് തുടരുകയാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിനായി പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥൻ റോജർ കാർസ്റ്റെൻസ് ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെത്തി. അതേ സമയം ടൈസ് കുടുംബം കഴിഞ്ഞ ആഴ്ച സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലെയും വൈറ്റ് ഹൗസിലെയും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
അതേസമയം സിറിയയിലെ കുപ്രസിദ്ധമായ സെയ്ദ്നായ അടക്കമുള്ള ജയിലുകളിലെ തടവുകാരെ വിമതർ മോചിപ്പിച്ചിരുന്നു.
അതിനിടെ, കാണാതായവരെ തേടി കുടുംബാംഗങ്ങൾ ജയിലുകളിൽ തിരച്ചിൽ ആരംഭിച്ചു. എന്നാൽ പലരെയും കണ്ടെത്താനായില്ലെന്നാണു ലഭിക്കുന്ന വിവരം. ഇതിന്റെ പേരിൽ പല ജയിലുകളിലും അധികൃതരും തടവുകാരുടെ ബന്ധുക്കളും തമ്മിൽ സംഘർഷങ്ങളുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |