വാഷിംഗ്ടൺ: അധികാരത്തിലേറുന്നതോടെ അമേരിക്കയിലെ ജൻമാവകാശ പൗരത്വ നിയമം (ബെർത്ത്റൈറ്റ് സിറ്റിസൺഷിപ്പ്) എടുത്തുകളയുമെന്ന് വ്യക്തമാക്കി നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത്തരത്തിലുളള പൗരത്വം പരിഹാസ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. മാതാപിതാക്കളുടെ പൗരത്വം പരിഗണിക്കാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് അമേരിക്കൻ പൗരത്വം അനുവദിക്കുന്നതാണ് ജൻമാവകാശ പൗരത്വ നിയമം. ഇതിൽ മാറ്റം വരുത്തുമെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
റിപ്പബ്ലിക്കൻ ഭരണകൂടം ജനുവരി 20ന് അധികാരത്തിലേറുന്നതോടെ ഇത്തരം നിയമങ്ങളിൽ മാറ്റം വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടുളള ഭരണം താൻ മുൻപ് അധികാരത്തിലിരുന്ന സമയത്ത് ഉന്നയിച്ചിരുന്നെങ്കിലും അനുകൂലമായി ഒന്നും സംഭവിച്ചില്ലെന്നും ട്രംപ് ഓർമപ്പെടുത്തി. ഇത് എല്ലാ രാജ്യങ്ങളുടെയും രീതിയല്ല. ഈ സംവിധാനം ദുരുപയോഗം ചെയ്യപ്പെടുമെന്നും അമേരിക്കൻ പൗരത്വം നേടുന്നതിൽ കർശനമായ മാനദണ്ഡങ്ങൾ കൊണ്ടുവരണമെന്നും ട്രംപ് അനുയായിയും സർക്കിൾ ഒഫ് കൗൺസെൽസിന്റെ പങ്കാളിയുമായ റസൽ എ സ്റ്റമെറ്റ്സ് ബിസിനസ് സ്റ്റാന്റേഡിനോട് പറഞ്ഞു.
അമേരിക്കൻ ഭരണഘടനയുടെ 14-ാം ഭേദഗതിയും നിയമത്തിനും അടിസ്ഥാനമാക്കി നടപ്പിലാക്കി വരുന്ന ഒന്നാണ് ജൻമാവകാശ പൗരത്വം. അതിനാൽത്തന്നെ ഈ നിയമം എടുത്തുകളയുന്നത് നിയമപരമായ വെല്ലുവിളികൾ ഉണ്ടാക്കാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ. 14-ാം ഭരണഘടനാഭേദഗതിയിൽ പറയുന്നതനുസരിച്ച് അമേരിക്കയിൽ ജനിക്കുന്നവർക്ക് പൗരത്വം സ്വീകരിക്കാൻ സാധിക്കും. ഇത് രാജ്യത്ത് ബെർത്ത് ടൂറിസം എന്ന പ്രണതയുണ്ടാക്കുമെന്നാണ് ട്രംപിന്റെ അഭിപ്രായം. അതായത് ഗർഭിണികളായ അന്യരാജ്യത്തിലെ സ്ത്രീകൾ അമേരിക്കയിൽ എത്തുകയും ഇവിടെ വച്ച് കുഞ്ഞിന് ജൻമം നൽകുന്നു. ശേഷം സ്വന്തം രാജ്യത്തേക്ക് കുഞ്ഞുമായി മടങ്ങുന്നതിന് മുൻപ് പൗരത്വം ലഭിക്കുന്നതിനുളള നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. ഇങ്ങനെയുളളവർക്ക് പൗരത്വം നൽകരുതെന്നും കുടിയേറ്റം കുറയ്ക്കണമെന്നും നമ്പേഴ്സ് യുഎസ്എയുടെ ഗവേഷക ഡയറക്ടറായ എറിക് യുവാർക്ക് അഭിപ്രായപ്പെട്ടു.
അതേസമയം, ജന്മാവകാശ പൗരത്വം അടുത്തുകളയുന്നത് രാജ്യത്തുളള എല്ലാവരെയും ബാധിക്കുമെന്നാണ് 2011ൽ പുറത്തുവന്ന ഫാക്ട്ഷീറ്റിൽ വ്യക്തമാക്കുന്നത്. ഇത് അമേരിക്കൻ പൗരത്വമുളള രക്ഷിതാക്കൾക്ക് അവരുടെ മക്കളുടെ പൗരത്വം തെളിയിക്കാനും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ. അമേരിക്കൻ പൗരൻമാരുടെ ജനനസർട്ടിഫിക്കറ്റുകൾ പൗരത്വം തെളിയിക്കുന്നതുമായി ബന്ധപ്പെട്ടുളള തെളിവുകളാണ്. ജന്മാവകാശ പൗരത്വം എടുത്തുകളയുന്നതിലൂടെ അത്തരം തെളിവുകൾ പ്രായോഗികമായി ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
2022ൽ നടന്ന അമേരിക്കൻ ജനസംഖ്യാകണക്കെടുപ്പനുസരിച്ച് 4.8 മില്യൺ അമേരിക്കൻ പൗരത്വമുളള ഇന്ത്യക്കാർ താമസിക്കുന്നുവെന്നാണ് കണ്ടെത്തൽ. അതിൽ 1.6 മില്യൺ ആളുകളും അമേരിക്കയിൽ ജനിച്ചവരാണ്. അമേരിക്കൻ നിയമപ്രകാരം ഇവർക്ക് പൗരത്വം ഉണ്ട്. ട്രംപിന്റെ പുതിയ തീരുമാനം നടപ്പിലാക്കപ്പെടുകയാണെങ്കിൽ ഇവർക്ക് പൗരത്വം നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ട്. ഈ നീക്കത്തിനെതിരെ പ്രോ ഇമിഗ്രേഷൻ കാറ്റോ ഇൻസ്റ്റിറ്റ്യൂട്ടിലെ വൈസ് പ്രസിഡന്റ് അലെക്സ് നൗരസ്‌തെയും രംഗത്തെത്തി. ട്രംപിന്റെ ആവശ്യം അംഗീകരിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |