ഹൈദരാബാദ്: ലോൺ ആപ്പ് ഏജന്റുമാർ ഭാര്യയുടെ മോർഫ് ചെയ്ത ചിത്രം സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അയച്ചതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. വിശാഖപട്ടണത്ത് താമസിക്കുകയായിരുന്ന നരേന്ദ്രയാണ് (25) മരിച്ചത്.
കഴിഞ്ഞ ഒക്‌ടോബർ 28നായിരുന്നു നരേന്ദ്രയുടെ വിവാഹം. ഏറെനാളത്തെ പ്രണയിനിയായ അഖിലയെ ആണ് നരേന്ദ്ര വിവാഹം കഴിച്ചത്. നരേന്ദ്ര മത്സ്യത്തൊഴിലാളിയാണ്. കാലാവസ്ഥാ വ്യതിയാനം മൂലം നരേന്ദ്രയ്ക്ക് ദിവസങ്ങളോളം കടലിൽ പോകാൻ സാധിച്ചിരുന്നില്ല. അതിനാൽ തന്നെ സാമ്പത്തിക സ്ഥിതി മോശമായി. തുടർന്നാണ് ഒരു ഓൺലൈൻ ആപ്പിൽ നിന്ന് നരേന്ദ്ര 2000 രൂപ വായ്‌പയെടുത്തത്. ആഴ്‌ചകൾക്കുള്ളിൽ തന്നെ ലോൺ തിരിച്ചടവുമായി ബന്ധപ്പെട്ട് ലോൺ ആപ്പ് ഏജന്റുമാർ നരേന്ദ്രയെ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങി.
ഇതിനിടെ ലോൺ ഏജന്റുമാർ അഖിലയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അതിൽ വില രേഖപ്പെടുത്തി നരേന്ദ്രയുടെ കോൺടാക്‌ട് ലിസ്റ്റിൽ ഉള്ളവർക്ക് അയച്ചുകൊടുത്തു. ചിത്രങ്ങൾ അഖിലയുടെ ഫോണിലും എത്തിയതോടെയാണ് നരേന്ദ്ര വിവരമറിയുന്നത്. പിന്നാലെ നരേന്ദ്ര വായ്‌പ തുക തിരിച്ചടച്ചെങ്കിലും ഏജന്റുമാർ ഉപദ്രവം തുടർന്നു. ചിലർ അഖിലയുടെ ചിത്രത്തെക്കുറിച്ച് തിരക്കി നരേന്ദ്രയെ ഫോണിൽ വിളിക്കാനും തുടങ്ങി. ഇതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കുകയായിരുന്നു.
ആന്ധ്രാപ്രദേശിൽ കഴിഞ്ഞ ഒരാഴ്‌ചക്കിടെ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. നന്ദ്യാൽ ജില്ലയിൽ ലോൺ ഏജന്റുമാരുടെ പീഡനം സഹിക്കവയ്യാതെ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പൊലീസിന്റെ ഇടപെടൽ മൂലമാണ് യുവതി രക്ഷപ്പെട്ടത്. ഗുണ്ടൂർ ജില്ലയിലും സമാന പീഡത്തെത്തുടർന്ന് ഒരാൾ ആത്മഹത്യ ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |