സിനിമയിലൂടെയും ടെലിവിഷൻ അവതാരകയായും പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് മീനാക്ഷി. മീനാക്ഷിയുടെ പല സോഷ്യൽ മീഡിയ പോസ്റ്റുകളും ഏറെ സ്‌നേഹത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം താരം പങ്കുവച്ച ഗായകൻ കൗശിക്കുമൊത്തുള്ള ചിത്രമാണ് ചർച്ചയാവുന്നത്. ഇവർ തമ്മിലുള്ള ബന്ധമാണ് ആരാധകർക്ക് അറിയേണ്ടത്. ഇപ്പോഴിതാ വിഷയത്തിൽ ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചിരിക്കുകയാണ് മീനാക്ഷിയുടെ അച്ഛൻ അനൂപ്.
'സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചകളും അനുമാനങ്ങളും കാണുമ്പോൾ ചിരിയാണ് വരുന്നത്. കൗശിക്കിന്റെ കുടുംബവുമായി വളരെ അടുപ്പത്തിലാണ് ഞങ്ങൾ. കൗശിക് നല്ല കുട്ടിയാണ്. ഞങ്ങളുടെ വീട്ടിൽ അവർ കുടുംബമായി വരാറുണ്ട്. കൗശിക്കും ഏട്ടനുമൊക്കെ വളരെ സ്‌നേഹത്തോടെ പെരുമാറുന്ന കുട്ടികളാണ്. മീനൂട്ടിയും കൗശിക്കും നല്ല കൂട്ടുകാരാണ്', അനൂപ് പറഞ്ഞു.
ഇന്നലെയായിരുന്നു കൗശിക്കിന്റെ ജന്മദിനം. ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിനൊപ്പം ഒരു കുറിപ്പും മീനാക്ഷി പങ്കുവച്ചിരുന്നു. 'എന്റെ ഏറ്റവും പ്രിയപ്പെട്ട 'തലവേദനയ്‌ക്ക്' ജന്മദിനാശംസകൾ. എന്റെ ജീവിതത്തിൽ എപ്പോഴും വേണമെന്ന് ഞാൻ ആഗ്രഹിക്കുന്ന 'പ്രശ്‌നം' നീയാണ്. ഇന്നും എന്നും നിനക്കൊപ്പം നിൽക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു. ഒരുപാട് ഇഷ്‌ടം ഇച്ചുടൂ' , മീനാക്ഷി കുറിച്ചു.
മീനാക്ഷിയുടെ പിറന്നാളിനും കൗശിക് ആശംസകൾ പങ്കുവച്ചിരുന്നു. 'പാപ്പുമാ, ഞാൻ എത്രയൊക്കെ വഴക്കിട്ടാലും അവസാനം വരെ കൂടെനിൽക്കുന്ന ഒരേയൊരാൾ നീയാണ്. എത്ര തവണ നിന്നോട് അടികൂടിയെന്ന് എനിക്കുതന്നെ നിശ്ചയമില്ല. മരണത്തിന് പോലും എന്റെയും നിന്റെയും ആത്മാക്കളെ പിരിക്കാനാവില്ല', കൗശിക് കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |