തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി നേട്ടമുണ്ടാക്കാനുളള അടവുനയവുമായി ബിജെപി. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമായി തദ്ദേശ തിരഞ്ഞെടുപ്പിനെ മാറ്റാനാണ് പാർട്ടിയുടെ ശ്രമം. 250 തദ്ദേശ സ്ഥാപനങ്ങളിലെങ്കിലും നിർണായക ശക്തിയാവാനുളള തന്ത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുപ്പതുശതമാനമോ അതിൽ കൂടുതലോ വോട്ടും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റവും ഉണ്ടാക്കിയ 62 നിയമസഭാ മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ പാർട്ടി കോർ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങളെയും വാർഡുകളെയും പല വിഭാഗങ്ങളായി തിരിച്ചായിരിക്കും തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകുക. നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലങ്ങൾക്ക് എ, ബി , സി കാറ്റഗറി നിശ്ചയിച്ച രീതിയിലായിരിക്കും ഇതും ചെയ്യുക. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളിൽ മുഴുവൻ വാർഡുകളിലും സ്ഥാനാർത്ഥികളെ നിറുത്തും. പ്രാദേശികമായ അഭിപ്രായം കൂടി കേട്ടശേഷമായിരിക്കും സ്ഥാനാർത്ഥികളെ നിശ്ചയിക്കുക. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തെത്തുടർന്നുണ്ടായതുപോലുള്ള പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാനും പരമാവധി സീറ്റുകളിൽ ജയിച്ചുകയറാനുമാണിത്. പാർട്ടി കോർകമ്മിറ്റി അംഗങ്ങൾക്ക് കോർപ്പറേഷനുകളുടെയും മുതിർന്ന സംസ്ഥാന ഭാരവാഹികൾക്ക് നഗരസഭകളുടെയും ജില്ലാ ഭാരവാഹികൾക്ക് പഞ്ചായത്തുകളുടെയും തിരഞ്ഞെടുപ്പ് ചുമതലയാണ് നൽകിയിട്ടുള്ളത്.
വരുന്ന ഫെബ്രുവരിയോടെ സംഘടനാ തിരഞ്ഞെടുപ്പ് പൂർത്തിയാവും. കഴിയുന്നതും സമവായത്തിലാവും തിരഞ്ഞെടുപ്പ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ മികച്ച വിജയത്തോടെ പാർട്ടി ഉണ്ടാക്കിയെടുത്ത ഇമേജ് പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിനിർണയവും തുടർന്നുള്ള പ്രശ്നങ്ങളും മൂലം ഇടിഞ്ഞുവെന്ന വിലയിരുത്തൽ ഭാരവാഹികളിൽ ചിലർക്കുതന്നെയുണ്ട്. സന്ദീപ് വാര്യരുടെ കൊഴിഞ്ഞുപോക്ക് പാലക്കാട് ജില്ലയിൽ ഉൾപ്പെടെ സംഘടനയ്ക്ക് വലിയ ക്ഷീണമുണ്ടാക്കിയിട്ടുണ്ടെന്ന വിലയിരുത്തലും ഇവർക്കുണ്ട് . അതിനാൽത്തന്നെ അത് മറികടക്കുന്ന രീതിയിലാവും പ്രവർത്തനങ്ങൾ. പാലക്കാട്ടെ തോൽവിയും തുടർന്നുണ്ടായ പരസ്യപ്രകടനങ്ങളും പാർട്ടിക്കുണ്ടാക്കിയ അവമതിപ്പ് ചില്ലറയായിരുന്നില്ല.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 140 നിയമസഭാ മണ്ഡലങ്ങളിൽ 11 ഇടത്ത് ബിജെപി ഒന്നാം സ്ഥാനത്തും ഒൻപതിടത്ത് രണ്ടാമതും എത്തി. ബിജെപി ഒന്നാമതെത്തിയ 11 മണ്ഡലങ്ങളും എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. ഇതിൽ മന്ത്രിമാരായ കെ രാജന്റെ ഒല്ലൂർ, വി ശിവൻകുട്ടിയുടെ നേമം, ആർ ബിന്ദുവിന്റെ ഇരിങ്ങാലക്കുട എന്നീ മണ്ഡലങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. കഴക്കൂട്ടം,വട്ടിയൂർക്കാവ്,നേമം,ആറ്റിങ്ങൽ,കാട്ടാക്കട,മണലൂര്‍, ഒല്ലൂർ, തൃശൂർ, നാട്ടിക, പുതുക്കാട്, ഇരിങ്ങാലക്കുട മണ്ഡലങ്ങളിലാണ് ബിജെപി ഒന്നാം സ്ഥാനത്തെത്തിയത്. തിരുവനന്തപുരം,കോവളം,നെയ്യാറ്റിന്‍കര,വര്‍ക്കല,ഹരിപ്പാട്,കായംകുളം,പാലക്കാട്, മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തും എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |