പാടിയ പല പാട്ടുകളും സിനിമകളിൽ ചിത്രീകരിച്ചിട്ടില്ലെന്ന് തുറന്നപറഞ്ഞ് ഗായകൻ മധു ബാലകൃഷ്ണൻ. കലാഭവൻ മണി നായകനായെത്തിയ സിനിമയിൽ പാടിയതിന് സംസ്ഥാന പുരസ്കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ദിലീപ് അഭിനയിച്ച ചിത്രങ്ങളിൽ കൂടുതൽ ഗാനങ്ങൾ പാടാൻ അവസരം ലഭിച്ചതിനെക്കുറിച്ചും മധു ബാലകൃഷ്ണൻ വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവച്ചത്.
'കലാഭവൻമണി ചിത്രത്തിൽ പാടിയതിന് മികച്ച ഗായകനുളള സംസ്ഥാന അവാർഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പാട്ട് പാടി ഒരു വർഷം കഴിഞ്ഞാണ് അവാർഡ് ലഭിച്ചത്. ദിലീപ് അഭിനയിച്ച പല സിനിമകളിലും ഞാൻ ഒരുപാട് ഗാനങ്ങൾ പാടിയിട്ടുണ്ട്. എന്റെ ശബ്ദവും ദിലീപിന്റെ അഭിനയവുമായി ചേരുന്നുണ്ടെന്ന് സംവിധായകൻ ബ്ലെസി പറഞ്ഞിട്ടുണ്ട്. ദിലീപും ഫോണിലൂടെ എന്നെ വിളിച്ച് ഈ കാര്യം പറഞ്ഞിട്ടുണ്ട്.
പാടിയ പല ഗാനങ്ങളും സിനിമയിൽ വന്നിട്ടില്ല. ദിലീപ് നായകനായ പാപ്പി അപ്പച്ച സിനിമയിൽ ഞാൻ പാട്ടുപാടിയിട്ടുണ്ട്. അത് ചിത്രീകരിച്ചിട്ടില്ല. അറബി ഒട്ടകവും പി മാധവൻ നായരും എന്ന സിനിമയിൽ ഹിറ്റാകേണ്ടിയരുന്ന പാട്ടും ഞാൻ പാടി. അത് സിനിമയിൽ ഉൾപ്പെടുത്തിയിട്ടില്ല. മോഹൻലാലിന്റെ ഉടയോൻ എന്ന ചിത്രത്തിൽ ഞാൻ പാടിയ ഗാനം നന്നായി ചിത്രീകരിച്ചില്ല. അത് കോമഡിയാക്കി കളഞ്ഞു. അല്ലെങ്കിൽ അത് ഹിറ്റ് ഗാനങ്ങളുടെ കൂട്ടത്തിൽപ്പെടുമായിരുന്നു.
തുടക്കകാലത്ത് എന്റെ ശബ്ദം കെ ജെ യേശുദാസ് സാറിന്റെ ശബ്ദവുമായി സാദൃശ്യമുണ്ടെന്ന് പലരും പറഞ്ഞിരുന്നു. തമിഴ്, തെലുങ്ക്, കന്നട ആസ്വാദകരാണ് എന്റെ ശബ്ദം യേശുദാസിന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന് പറഞ്ഞത്. ഒരിക്കൽ ദേവരാജൻ മാഷും എന്നോട് പറഞ്ഞിട്ടുണ്ട്. എന്നോട് ആ ശൈലി മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. യേശുദാസും മുഹമ്മദ് റാഫിയുടെ ശബ്ദം അനുകരിച്ചാണ് പാടി തുടങ്ങിയതെന്നും ദേവരാജൻ മാഷ് എന്നോട് പറഞ്ഞിട്ടുണ്ട്'- മധു ബാലകൃഷ്ണൻ പങ്കുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |