തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ തെറ്റ് കടന്നുകൂടിയത് ചർച്ചയായി. പഴയ സിനിമ പ്രദർശന വിഭാഗത്തിൽ സംവിധായകന്റെ ചിത്രം മാറി നൽകുകയായിരുന്നു. 1965ൽ പുറത്തിറങ്ങിയ 'കാവ്യമേള' എന്ന പ്രശസ്‌ത ചിത്രത്തിന്റെ സംവിധായകൻ എം കൃഷ്‌ണൻ നായരുടെ ചിത്രത്തിന് പകരം പ്രശസ്‌ത സാഹിത്യ നിരൂപകൻ പ്രൊഫ. എം. കൃഷ്‌ണൻ നായരുടെ ചിത്രമാണ് നൽകിയത്. പിന്നീട് ചിത്രം നീക്കി ശരിയായ ചിത്രം നൽകി.
പുതുമയും ജനപിന്തുണയും കൊണ്ട് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മേളയായി കേരള രാജ്യാന്തര ചലച്ചിത്ര മേള മാറിയെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. വനിതാ സംവിധായകരുടെ സിനിമകളുടെ പ്രാതിനിധ്യവും പഴയകാല മലയാള ചലച്ചിത്രനടിമാർക്കുള്ള ആദരവും മേളയുടെ സ്ത്രീ പക്ഷ നിലപാടുകളുടെ ഉദാഹരണങ്ങളാണെന്ന് മന്ത്രി വ്യക്തമാക്കി. പതിമൂവായിരത്തോളം ഡെലിഗേറ്റുകൾ എത്തുന്ന ചലച്ചിത്ര മേളയുടെ ഈ പതിപ്പ് ലോക സിനിമ ഭൂപടത്തിൽ കേരളത്തെ കൂടുതൽ ശ്രദ്ധേയമാക്കും. മൺമറഞ്ഞുപോയ ചലച്ചിത്ര പ്രതിഭകളുടെ സ്മൃതി കുടീരങ്ങളിൽ ആദരവ് അർപ്പിച്ച് ഡിസംബർ 12ന് സംഘടിപ്പിക്കുന്ന ദീപശിഖാ പ്രയാണത്തോടെ 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ അധ്യക്ഷത വഹിച്ചു, റിസപ്ഷൻ കമ്മിറ്റി ചെയർമാൻ എം. വിജയകുമാർ, ഫെസ്റ്റിവൽ ക്യൂറേറ്റർ ഗോൾഡ സെല്ലം, സാംസ്‌കാരിക പ്രവർത്തക ബോർഡ് ചെയർമാൻ മധുപാൽ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ചലച്ചിത്ര അക്കാദമി അംഗം കുക്കു പരമേശ്വരൻ, ഡെലിഗേറ്റ് കമ്മിറ്റി ചെയർമാൻ കെ.ജി. മോഹൻകുമാർ, ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടർ എച്ച്. ഷാജി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |