ആലങ്ങാട്: പൊലീസിന്റെ അനാസ്ഥയെ തുടർന്ന് കരുമാല്ലൂർ പഞ്ചായത്തിലെ മനക്കപ്പടിയിൽ മദ്യ -മയക്കുമരുന്ന് മാഫിയാ അഴിഞ്ഞാട്ടം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം ബി.ജെ.പി മുൻ മണ്ഡലം നേതാവ് രാജേഷിനെയും കുടുംബത്തെയുംധിക്കാൻ ശ്രമിച്ച സംഭവമാണ് അവസാനത്തേത്. ഇത്തരം സംഭവങ്ങൾ അമർച്ച ചെയ്യേണ്ട പോലീസ് ഗുണ്ടകൾക്ക് അനുകൂല നിലപാടാണ് എടുക്കുന്നതെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. സന്ധ്യ മയങ്ങിയാൽ ഉൾപ്രദേശങ്ങളിൽ തമ്പടിക്കുന്ന ഇവർ ലഹരി ഉപയോഗിച്ച ശേഷമാണ് പല അതിക്രമങ്ങളും നടത്തുന്നത്. ഇതുവരെ യാതൊരു സാമൂഹിക പ്രവർത്തനവും നടത്താത്ത ഒരു ക്ലബിന്റെ മറവിലാണ് ഈ സംഘം പ്രവർത്തിക്കുന്നത്. രാസലഹരി അടക്കമുള്ള മാരക മയക്കുമരുന്നുകൾ ഉപയോഗിച്ച ശേഷം ഇവർ തമ്മിലുണ്ടാകുന്ന വാക്കുതർക്കങ്ങൾ കത്തിക്കുത്തിൽ വരെ കലാശിച്ചിട്ടുണ്ട്. ഈ മാഫിയ സംഘത്തിനെതിരെ നിരവധി പരാതികൾ നേരിട്ടും അല്ലാതെയും അധികൃതർക്ക് നൽകിയിട്ടും യാതൊരു നടപടിയും എടുക്കാത്തത് ഇവർക്ക് ചില രാഷ്ട്രീയ നേതാക്കളുടെ സഹായം ഉള്ളതിനാലാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
നിരന്തരമായി ജനജീവിതത്തെ ദുസ്സഹമാക്കുന്ന സാമൂഹിക വിരുദ്ധർക്കെതിരെ പരസ്യമായ പ്രതികരണത്തിന് ആരും തയ്യാറാകാത്തത് ഇവർക്ക് വളമാകുകയാണ്. ജനങ്ങൾ ഒരുമിച്ചുനിന്നു ഇവരെ എതിർത്തു തോല്പിക്കേണ്ടത് നാടിന്റെ ആവശ്യമാണ്
സുനിൽ കണ്ണൻ
സാമൂഹിക പ്രവർത്തകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |