കൊല്ലം: എസ്.എൻ.ഡി.പി യോഗം മുൻ അസി. സെക്രട്ടറിയും സംഘടനാ സെക്രട്ടറിയുമായിരുന്ന എഴുകോൺ അമ്പലത്തുംകാല ഈലിയോട് ഗോവിന്ദ വിലാസത്തിൽ പ്രൊഫ. ജി. സത്യൻ (83) അന്തരിച്ചു.
വിവിധ എസ്.എൻ കോളേജുകളിൽ ഇക്കണോമിക്സ് അദ്ധ്യാപകനായിരുന്ന അദ്ദേഹം 1987ൽ ചെങ്ങന്നൂർ എസ്.എൻ കോളേജ് പ്രിൻസിപ്പലായി. പിന്നീട് ആലത്തൂർ, പുനലൂർ എസ്.എൻ കോളേജുകളിൽ പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ചു. 1997ൽ വിരമിച്ചു. ഇതിന് ശേഷം 11 വർഷം യോഗത്തിന്റെ സംഘടനാ സെക്രട്ടറി, അസി. സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. എം.ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം, മുൻ മന്ത്രി എൻ. ശ്രീനിവാസന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി, യോഗം ഡയറക്ടർ, കൗൺസിലർ, എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം, കാലിക്കറ്റ്, കേരള യൂണിവേഴ്സിറ്റികളിൽ അക്കാഡമിക് കൗൺസിൽ അംഗം, എസ്.ആർ.പി സംസ്ഥാന വൈസ് ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.
എസ്.എൻ.ഡി.പി യോഗത്തിന്റെ സമ്പൂർണ ചരിത്രം അടുത്തിടെ എഴുതി പൂർത്തിയാക്കിയിരുന്നു. 12 വർഷം യോഗനാദത്തിന്റെ ഉപദേശക സമിതി അംഗമായിരുന്നു. ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹം കലാകേരളം മാസികയുടെ ചീഫ് എഡിറ്ററും ശ്രീചക്രം, യുഗദർശനം മാസികകളുടെ എഡിറ്റോറിയൽ ബോർഡ് അംഗമായും പ്രവർത്തിക്കുകയായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. സഞ്ചയനം 16ന് രാവിലെ 7ന്. ഭാര്യ : പരേതയായ എൽ. ചന്ദ്രിക (പുനലൂർ കക്കോട് ചെമ്പകശേരിയിൽ കുടുംബാംഗം). മക്കൾ: സി.എസ്. പ്യാർ (ബിസിനസ്), സി.എസ്. പ്യാരി (അദ്ധ്യാപിക, എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ്, ചേർത്തല). മരുമക്കൾ: സി.വി. പ്രീത (അദ്ധ്യാപിക, എസ്.എൻ പബ്ലിക് സ്കൂൾ, വടക്കേവിള), മനോജ് പ്രസാദ് (ലണ്ടൻ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |