തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ഐ എച്ച് ആർ ഡി സംഘടിപ്പിച്ച എ ഐ അന്താരാഷ്ട്ര കോൺക്ലേവ് സമാപിച്ചു. വൈകിട്ട് നിശാഗന്ധിയിൽ നടന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. കൃഷിക്ക് പോലും വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ പുതിയ സാങ്കേതിക വിദ്യകൾക്ക് ഉണ്ടാകാവുന്ന നേട്ടങ്ങളും കോട്ടങ്ങളും വിശദമായി പരിശോധിക്കപെടുന്ന ഇത്തരം കോൺക്ലേവുകൾ അഭിനന്ദനാർഹമാണെന്ന് മന്ത്രി പറഞ്ഞു. കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ ഡോ സുധീർ കെ, ഹയർ എഡ്യൂക്കേഷൻ കൗൺസിൽ മെമ്പർ ഡോ രാജൻ വർഗീസ് എന്നിവർ പങ്കെടുത്തു. ഐ എച്ച് ആർ ഡി ഡയറക്ടർ ഡോ വി എ അരുൺകുമാർ സ്വാഗതവും കോൺക്ലേവ് കൺവീനർ ഡോ വി ജി രാജേഷ് നന്ദിയും രേഖപ്പെടുത്തി.
മൂന്ന് ദിവസങ്ങളായി തലസ്ഥാനത്തു സംഘടിപ്പിച്ച കോൺക്ലേവിന്റെ ഭാഗമായി ടെക്നിക്കൽ സെഷനുകൾ, പൊതു സെഷനുകൾ, ഹാക്കത്തോൺ മത്സരം, എ ഐ ക്വിസ്, IEEE റൗണ്ട് ടേബിൾ ചർച്ചകൾ, വിവിധ വകുപ്പുകളുടെ എക്സിബിഷനുകൾ, കലാസാംസ്കാരിക പ്രോഗ്രാമുകൾ തുടങ്ങി നിരവധി പരിപാടികളാണ് കനകക്കുന്ന് കൊട്ടാരത്തിലും അനുബന്ധ വേദികളിലും നടന്നത്.
"നിർമ്മിത ബുദ്ധിയും കേരള വിദ്യാഭ്യാസവും" എന്ന വിഷയത്തിൽ രാവിലെ നടന്ന പൊതു സെഷനിൽ കേരള യൂണിവേഴ്സിറ്റിയുടെയും കേരള ആരോഗ്യ സർവകലാശാലയുടെയും വൈസ് ചാൻസലർ ഡോ മോഹനൻ കുന്നുമ്മൽ സംസാരിച്ചു. എ ഐ ടെക്നോളജി സമസ്ത മേഖലകളിലും ഉപയോഗത്തിൽ ആണെന്നും നിർമ്മിത ബുദ്ധിയെ ആർജിത ബുദ്ധി എന്നാണ് യഥാർത്ഥത്തിൽ വിളിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസ രംഗത്ത് എ ഐ പോലുള്ള ടെക്നോളോജികളുടെ ഗുണഫലങ്ങൾ പ്രാവർത്തികമാക്കാൻ കേരളം മുൻനിരയിൽ പ്രവർത്തിച്ചു വരികയാണെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ രാജൻ വർഗീസ് ചൂണ്ടിക്കാട്ടി. സ്കൂൾ വിദ്യാഭ്യാസ രംഗത്ത് എ ഐ യുടെ വിവേചനപരവും ഉത്തരവാദിത്തപരവുമായ ഉപയോഗമാണ് വേണ്ടതെന്ന് ചർച്ചയിൽ പങ്കെടുത്ത സംസാരിച്ച കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ അൻവർ സാദത്ത് അഭിപ്രായപ്പെട്ടു.
"നിർമ്മിത ബുദ്ധിയും സിനിമയും" എന്ന വിഷയത്തിൽ നടന്ന സെഷനിൽ സംസാരിച്ച ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ എ ഐ പോലുള്ള ടെക്നോളജികൾ സിനിമയുടെ സാങ്കേതികതയിൽ അപാരമായ മാറ്റങ്ങൾ കൊണ്ടവരുമെങ്കിലും മനുഷ്യന് മാത്രം ലഭ്യമായ സർഗാത്മകതയും ചിന്താശേഷിയും എന്നും നിലനിൽക്കുമെന്ന് അഭിപ്രായപ്പെട്ടു. സിനിമയിൽ മനുഷ്യരെ ഉൾപ്പടെ പുനർസൃഷ്ടിക്കുവാൻ കഴിയുന്ന എ ഐ ടെക്നോളജി പൊതുജീവിതത്തിൽ ഗുണകരമായി എത്തിക്കുന്നതിനുള്ള മാർഗങ്ങളെ കുറിച്ച് ആലോചിക്കണമെന്ന് സാംസ്‌കാരിക പ്രവർത്തക ക്ഷേമ നിധി ചെയർമാൻ മധുപാൽ പറഞ്ഞു. എ ഐ ഉൾപ്പടെയുള്ള ടെക്നോളോജികൾ സിനിമ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടവരുമെങ്കിലും അവയുടെ പൂർണതയ്ക്ക് മനുഷ്യന്റെ ചിന്താശേഷിയും ഭാവനയും തീർച്ചയായും ആവശ്യമാണെന്ന് നടൻ സുധീർ കരമന ചൂണ്ടിക്കാട്ടി. പൂർണമായും എ ഐ നിർമ്മിത തിരക്കഥകൾ കൊണ്ടുള്ള ചലച്ചിത്രങ്ങൾ വരെ ഇറങ്ങുന്ന ഇക്കാലത്ത് ഡീപ് ഫേക്ക് പോലുള്ള ടെക്നോളോജികളെ ആശങ്കയോടെ മാത്രം കാണാതെ അവയുടെ സാധ്യതകളെ ഡ്യൂപ്പ് ക്രീയേഷൻ പോലുള്ള മേഖലകളിൽ ഉപയോഗിക്കാവുന്നതാണെന്നും സംവിധായകനും എഡിറ്ററും ആയ അപ്പു എൻ ഭട്ടതിരി അഭിപ്രായപ്പെട്ടു. ഇതിനോടനുബംന്ധിച്ച് എ ഐ ഉപയോഗിച്ച് നിർമ്മിച്ച വിഡീയോകളും അദ്ദേഹം പ്രദർശിപ്പിച്ചു.
അന്താരാഷ്ട്ര ഏജൻസിയായ IEEE ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റൗണ്ട് ടേബിൾ ചർച്ചകൾക്ക് ഐ എച്ച് ആർ ഡി ഡയറക്ടർ ഡോ വി എ അരുൺകുമാർ സ്വാഗതം പറഞ്ഞു. ഐ ഐ എസ് സി ബാംഗ്ലൂരിൽ നിന്നും പ്രൊഫ വിരാജ് കുമാർ , തിരുവനന്തപുരം DUK യിൽ നിന്നും ഡോ അഷ്‌റഫ് എസ്, മാത്ത് വർക്സ് ബാംഗ്ലൂരിൽ നിന്നും നികിത പിന്റോ, UST ഗ്ലോബൽ തിരുവനന്തപുരത്തും നിന്നും വിനോദ് നിലനാഥ് , IBM കൊച്ചിയിൽ നിന്നും മാധുരി ഡി എം എന്നിവർ നയിച്ചു..
"ഭിന്നശേഷിക്കാരായ കുട്ടികൾക്കു മികച്ച വിദ്യാഭ്യാസം നൽകുക " എന്ന വിഷയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച 24 മണിക്കൂർ ഹാക്കത്തോണിൽ ഒരു ടീമിൽ 4 വിദ്യാർത്ഥികൾ വീതമുള്ള 25 ടീമുകൾ പങ്കെടുത്തു.ഐ.ഐ.ടി മദ്രാസ്, ക്രൈസ്റ്റ് കോളേജ് ബാംഗ്ലൂർ, കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം, മോഡൽ എഞ്ചിനീയറിംഗ് കോളേജ് തൃക്കാക്കര, ടി.കെ.എം കോളേജ് കൊല്ലം , RIT പാമ്പാടി ഉൾപ്പടെയുള്ള കോളേജുകളിൽ നിന്ന് പങ്കെടുത്ത ടീമുകളിൽ ക്രൈസ്റ്റ് കോളേജ് ബാംഗ്ലൂർ ഒന്നാം സ്ഥാനവും കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി രണ്ടാം സ്ഥാനവും മോഡൽ എഞ്ചിനീയറിംഗ് കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കേരള പോലീസ്, കെഎസ്ആർടിസി, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ്, കെൽട്രോൺ, ഹൈഡ്രോഗ്രാഫിക് സർവ്വേ തുടങ്ങി വിവിധ സർക്കാർ വകുപ്പുകൾ വികസിപ്പിച്ചതോ ഉപയോഗിക്കുന്നതോ ആയിട്ടുള്ള എ ഐ സാങ്കേതികവിദ്യ ഉപകരണങ്ങളുടെ പ്രവർത്തനപ്രദര്ശനം ഒരുക്കിയിരുന്ന എക്സിബിഷൻ ഹാൾ കോൺക്ലേവിന്റെ മറ്റൊരു ആകർഷണമായിരുന്നു. സുരക്ഷിതമായ ജലയാത്ര ഒരുക്കുന്നതിനും യാനങ്ങൾ ട്രാക്ക് ചെയ്യുന്നതിനും വേണ്ടി ഹൈഡ്രോഗ്രാഫിക് സർവ്വേ വിഭാഗം ഒരുക്കിയ എഐ സംവിധാനമായ , "വെസൽ ട്രാക്കിംഗ് സിസ്റ്റത്തിൽ ", ജലനേത്ര, HYMSYS തുടങ്ങിയ വെബ് പോർട്ടൽ വഴി വെള്ളത്തിൻ്റെ ദിശ, മലിനീകരണത്തിന്റെ അളവ് തുടങ്ങി നിരവധി കാര്യങ്ങൾ കണ്ടെത്തുന്നതിനുള്ള റോബോട്ടിക് ക്യാമറയും, കടലിന്റെ അടിത്തട്ടിൻ്റെ ചിത്രം ലഭിക്കാനുള്ള സംവിധാനങ്ങളുമുണ്ട്. പോലീസ് സൈബർ ഡോമിൻ്റെ സ്റ്റാളിൽ പ്രദർശിപ്പിച്ചിരുന്ന ഡ്രോൺ ക്യാമെറയിൽ പബ്ലിക് അനൗൺസ്മെൻറ് സിസ്റ്റവും, ബിക്കൺ ലൈറ്റും തുടങ്ങിയ സംവിധാനങ്ങളുണ്ടായിരുന്നു. പ്രകൃതിക്ഷോഭങ്ങളോ ക്രമസമാധാന പ്രശ്നങ്ങളോ പോലുള്ള അത്യാവശ്യഘട്ടങ്ങളിൽ അഞ്ച് കിലോമീറ്റർ ചുറ്റളവ് വരെ ഉള്ള വിവരങ്ങൾ കൃത്യമായി ശേഖരിച്ച് നൽകാനുള്ള കഴിവ് ഈ ഡ്രോണിനുണ്ട് . കൂടാതെ 10 കിലോഗ്രാം വരെ ഭാരവാഹക ശേഷിയുള്ള ബോംബ് ഡിഫ്യൂഷൻ റോബർട്ടും പ്രദർശിപ്പിച്ചിരുന്നു.
നിർമ്മിത ബുദ്ധി ഉൾപ്പെടെയുള്ള സാങ്കേതിക മേഖലയിലെ പഠിതാക്കളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള കോഴ്സുകൾക്കൊപ്പം കെൽട്രോൺ അവതരിപ്പിച്ച ചാറ്റ് ബോട്ടായ "കെല്ലി" യുമായുള്ള സംവാദം സന്ദർശകർക്ക് വേറിട്ട അനുഭവമായിരുന്നു. സാധാരണ ജനങ്ങൾക്ക്, ഇത്തരം ഉപകരണങ്ങളുടെ ഉപയോഗവും സാധ്യതകളും മനസ്സിലാക്കാനും പ്രാഥമിക ധാരണ ഉണ്ടാക്കാനും ഇത് ഉപകാരപ്പെട്ടു.
യാത്രക്കാർക്ക് ഉപകാരപ്രദമായ വിവിധ സേവനങ്ങളായ ഓൺലൈൻ ബുക്കിംഗ് സംവിധാനം, ഓഫ്‌ലൈൻ ടിക്കറ്റ് സംവിധാനം, ബഡ്ജറ്റ് ടൂറിസം തുടങ്ങിയവ പരിചയപ്പെടുത്തുവാനാണ് കെഎസ്ആർടിസി ഈ പ്രദർശന നഗരി ഉപയോഗിച്ചത്. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ ഉള്ള നിയമപരിപാലന പരിപാടി മോട്ടോർ വാഹന ഡിപ്പാർട്ട്മെൻറ് അവതരിപ്പിച്ചപ്പോൾ, AI യുടെ സഹായത്തോടെ മുഖഭാവങ്ങളെ തിരിച്ചറിയാനുള്ള റിയൽ ടൈം റിമോഷൻ സെൻസറിങ് എന്ന ഉപകരണം അവതരിപ്പിച്ച് HlGBECPvt. LTD. ജനശ്രദ്ധ നേടി.
അതിവിപുലമായ രീതിയിൽ സംഘടിപ്പിച്ച ഈ ത്രിദിന കോൺക്ലേവിനു തലസ്ഥാനത്ത് തിരശീല വീഴുമ്പോൾ, സമൂഹ നന്മക്കായി നിർമ്മിത ബുദ്ധിയെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നും ഇത് വിവിധ മേഖലകളെ എങ്ങനെ സ്വാധീനിക്കുന്നു എന്നതും ഉൾപ്പെടെയുള്ള ഒരു കൂട്ടം ആശയങ്ങളുടെ സമാഹരണമാണ് ഉരുത്തിരിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |