കരുനാഗപ്പള്ളി: മേൽമൂടി ഇല്ലാത്ത ഓടകളിലേക്ക് കാട് വളർന്ന് നിറഞ്ഞ് അപകടക്കെണിയാകുന്നു. മഴ മാറിയതോടെ റോഡിന്റെ വശങ്ങളിലും കാടായി. മുൻസിപ്പാലിറ്റിയിലെ മിക്ക റോഡുകളുടെ വശങ്ങളിലും വെള്ളം ഒഴുകി പോകുന്നതിനായി ഓടകൾ നിർമ്മിച്ചിട്ടുണ്ട്. മിക്ക ഓടകളും മേൽമൂടി ഇല്ലാത്തതാണ്. നിലവിൽ റോഡേത് ഓടയേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണ്.
അപകടങ്ങൾ പതിവായി
കാൽനട യാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരുമാണ് കൂടുതലായി അപകടത്തിൽ പെടുന്നത്. കാൽനട യാത്രക്കാർക്കെതിരെയുള്ള ദിശയിൽ വാലിയ വാഹനങ്ങൾകടന്ന് വരുമ്പോൾ യാത്രക്കാർ റോഡിന്റെ വശങ്ങളിലേക്ക് മാറുമ്പോഴാണ് ഓടകളിൽ വീണ് അപകടങ്ങൾ സംഭവിക്കുന്നത്. രാത്രിയിലാണ് അപകടങ്ങളുടെ തോത് വർദ്ധിക്കുന്നത്. ഇരുചക്ര വാഹനക്കാർ ഓടകളിൽ വീണ് പരിക്കേൽക്കുന്നത് പതിവ് കാഴ്ചയാണ്.
മൂടിയില്ലാത്ത ഓടകൾ
വീടുകളുടെ മുന്നിലൂടെ പോകുന്ന ഓടകളുടെ മേൽ വളർന്ന് നിൽക്കുന്ന കാട് വീട്ടുകാർ ചെത്തി മാറ്റാറില്ല. അതെല്ലാം മുൻസിപ്പാലിറ്റി ചെയ്യണം. തൊഴിലുറപ്പ് തൊഴിലാളികളെ വിനിയോഗിച്ചാണ് നഗരസഭ റോഡുകളുടെ വശങ്ങളിൽ വളർന്ന് നിൽക്കുന്ന കാടുകൾ ചെത്തി വൃത്തിയാക്കുന്നത്. കാട് ചെത്തി മാറ്റി ദിവസങ്ങൾക്കുള്ളിൽ തന്നെ വീണ്ടും വളർന്ന് ഓടകൾ മൂടും. ഓരോ ഡിവിഷനിലെയും പ്രധാനപ്പെട്ട റോഡുകളുടെ വശങ്ങളിൽ മഴ വെള്ളം ഒഴുകി പോകുന്നതിനായി മൂടിയില്ലാത്ത ഓടകൾ നിർമ്മിച്ചിട്ടുണ്ട്. ഇതെല്ലാം കാടിൽ മുങ്ങി കിടക്കുകയാണ്.
ഓടകൾ നിർമ്മിക്കുമ്പോൾ തന്നെ ഓടകൾക്ക് കോൺക്രീറ്റ് മേൽമൂടികൾ കൂടി നിർമ്മിച്ചാൽ നിലവിലുള്ള പ്രശ്നത്തിന് പരിഹാരമാകും. മേൽമൂടി ഇല്ലാത്ത ഓടകൾക്ക് മൂടി നിർമ്മിക്കാനുള്ള നടപടികൾ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടാകണം.
നാട്ടുകാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |