കേന്ദ്ര സർവകലാശാലകളടക്കമുള്ള 250 ഓളം സർവകലാശാലകളിലേക്കും അവയ്ക്കു കീഴിലുള്ള കോളേജുകളിലേക്കുമുള്ള 2025ലെ യു.ജി,പി.ജി കോമൺ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷയിൽ (സി.യു.ഇ.ടി) കാലോചിത പരിഷ്‌കാരങ്ങൾ നിർദ്ദേശിച്ച രാധാകൃഷ്ണൻ കമ്മിറ്റിയുടെ ശുപാർശകൾ അടുത്ത വർഷത്തോടെ നടപ്പാകും. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് പരീക്ഷ നടത്തുന്നത്. പരീക്ഷ 2025 മാർച്ചിൽ നടക്കും. ഡിസംബറിൽ നോട്ടിഫിക്കേഷൻ പുറത്തിറങ്ങും. പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് (CBT).
ഓരോ പേപ്പറിന്റെയും സമയം ഒരു മണിക്കൂർ. ചോദ്യങ്ങൾക്കു ചോയ്‌സ് ഉണ്ടാവില്ല. ചോദ്യങ്ങളുടെ എണ്ണം 40 ആയി കുറയും. ഓരോ പേപ്പറിന്റെയും മാർക്ക് 250. വിദ്യാർത്ഥികൾക്ക് അഞ്ചു വിഷയങ്ങൾ പരീക്ഷയ്ക്ക് വേണ്ടി തിരഞ്ഞെടുക്കാം. 13 ഭാഷകളിൽ ചോദ്യങ്ങളുണ്ടാകും. അഭിരുചി പരീക്ഷ പൊതുവെ നടപ്പിലാക്കും. എന്റർപ്രേണർഷിപ്,ടീച്ചിംഗ്,ഫാഷൻ പഠനം,ടൂറിസം,നിയമം,എൻജിനിയറിംഗ്,ഗ്രാഫിക്‌സ് എന്നിവയ്ക്കു അപേക്ഷകർ കുറവായതിനാൽ ഇവയ്ക്കു പ്രത്യേക അഭിരുചി പരീക്ഷയുണ്ടാകും.
13.47ലക്ഷം വിദ്യാർത്ഥികളാണ് 2024ൽ പരീക്ഷ എഴുതിയത്. ബോർഡ് പരീക്ഷക്ക് നന്നായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക കോച്ചിംഗ് ഇല്ലാതെ സി.യു.ഇ.ടി പരീക്ഷയിൽ മികച്ച സ്‌കോർ നേടാൻ സാധിക്കും. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ കീഴിലുള്ള കാർഷിക കോളേജുകളിലെ 15 ശതമാനം അഖിലേന്ത്യ ക്വോട്ട സീറ്റുകളിലേക്കും പ്രവേശനം സി.യു.ഇ.ടി യു.ജി വഴിയാണ്. രാജ്യത്തെ മികച്ച സർവകലാശാലകളിൽ പ്രവേശനം നേടാൻ പരീക്ഷ ഉപകരിക്കും. കാസർഗോട് കേന്ദ്രസർവകലാശാലയിലടക്കം പ്രവേശനം സി.യു.ഇ.ടി വഴിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |