കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വൈസ് ചാൻസലർ നിയമനത്തിൽ വീണ്ടും പിടിമുറുക്കി ഗവർണർ സി.വി. ആനന്ദബോസ്.
മുൻ ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെ നേതൃത്വത്തിലുള്ള സെർച്ച് കം സെലക്ഷൻ കമ്മിറ്റി നിർദ്ദേശിച്ച പാനലിൽ നിന്ന് ഗവർണർക്കു കൂടി സ്വീകാര്യരായവരെ വൈസ് ചാൻസലറായി നിയമിക്കുകയുള്ളൂ എന്ന് രാജ്ഭവൻ വ്യക്തമാക്കി.
ഇതിനകം സെർച്ച് കമ്മിറ്റി നിർദ്ദേശിച്ച സ്ഥാനാർത്ഥികളുടെ പാനലിൽ നിന്ന് 11 പേരെ നിയമിക്കാൻ സംസ്ഥാന എയ്ഡഡ് സർവകലാശാലകളുടെ ചാൻസലറായ ഗവർണർ അനുമതി നൽകിയതായി അറ്റോർണി ജനറൽ ആർ. വെങ്കിട്ടരാമണി സുപ്രീംകോടതിയെ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ഇക്കാര്യം രാജ്ഭവൻ വ്യക്തമാക്കിയത്.
ഗവർണറുടെ നിർദ്ദേശം അംഗീകരിച്ച് മറ്റ് സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കാൻ സുപ്രീം കോടതി അദ്ദേഹത്തിന് കൂടുതൽ സമയം അനുവദിച്ചു.
സുപ്രീം കോടതി നിയോഗിച്ച സെർച്ച് കം സെലക്ഷൻ കമ്മിറ്റി ഓരോ സർവകലാശാലയ്ക്കും മൂന്ന് പേരുകളുടെ വീതം പാനൽ നൽകിയിട്ടുണ്ട്. അവയിൽ മുൻഗണന രേഖപ്പെടുത്തി മുഖ്യമന്ത്രി സമർപ്പിച്ച പട്ടിക ഗവർണർ സൂക്ഷ്മമായി പരിശോധിക്കുകയും അതിലുൾപ്പെട്ട എല്ലാവരുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
വി.സി നിയമനനടപടികൾ അഴിമതിമുക്തവും സുതാര്യവുമാക്കാൻ ചുമതലയേറ്റപ്പോൾ തന്നെ ഗവർണർ കൈക്കൊണ്ട കർശന നടപടികളെത്തുടർന്ന് സർക്കാർ ഗവർണർ സംഘർഷം രൂക്ഷമാവുകയും നിയമപോരാട്ടം സുപ്രീം കോടതിവരെ എത്തുകയും ചെയ്തു.
ഇടക്കാല വൈസ് ചാൻസലർമാരെ ഗവർണർ സ്വന്തം വിവേചനാധികാരമുപയോഗിച്ച് നിയമിച്ചതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഉത്തരവുകൾ ഗവർണർക്കനുകൂലമായതിനെത്തുടർന്നാണ് സ്ഥിരം നിയമന വിഷയം സുപ്രീം കോടതിയിലെത്തിയത്.
സർക്കാർ നടത്തുന്ന സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിന് മേൽനോട്ടം വഹിക്കാൻ ഒരു സെർച്ച്കംസെലക്ഷൻ കമ്മിറ്റിക്ക് നേതൃത്വം നൽകാൻ ജൂലൈയിൽ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ലളിതിനെ നിയമിച്ചു.ആ പാനൽ സമർപ്പിക്കുന്ന പട്ടികയിൽ നിന്ന് സർക്കാർ ശുപാർശ ചെയ്യുന്ന മൂന്നംഗ പാനലിൽ നിന്ന് ഏറ്റവും യോഗ്യതയുള്ളവരെ നിയമിക്കാനുള്ള അധികാരം ഗവർണർക്ക് തന്നെയായിരിക്കുമെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി വ്യവഹാരത്തിൽ തീർപ്പുകൽപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |