തിരുവനന്തപുരം: സർവകലാശാലകളിലെ വിദ്യാർത്ഥി പ്രവേശനം മുതൽ സർട്ടിഫിക്കറ്റുനൽകുന്നതുവരെയുള്ള നടപടികൾ മഹാരാഷ്ട്രയിലെ കമ്പനിയെ ഏല്പിക്കുന്നതിൽ സർവകലാശാലകൾക്ക് എതിർപ്പ്.
ഡേറ്റാ സുരക്ഷ ഉറപ്പാക്കാതെ ഒന്നേകാൽ ലക്ഷം വിദ്യാർത്ഥികളുടെ ആധാർ വിവരങ്ങൾ അടക്കം കൈമാറാൻ കഴിയില്ലെന്ന് കേരള സർവകലാശാല സർക്കാരിനെ അറിയിച്ചു. മാർക്ക് രേഖപ്പെടുത്തുന്നതും അതുപയോഗിച്ച് മാർക്ക്‌ലിസ്റ്റുണ്ടാക്കുന്നതും ബിരുദ സർട്ടിഫിക്കറ്റുണ്ടാക്കുന്നതുമെല്ലാം കമ്പനിയുടെ സോഫ്‌റ്റ്‌വെയറിലാണ്. പരീക്ഷ നടത്തിപ്പും മൂല്യ നിർണയവും മാത്രമാകും സർവകലാശാലകളുടെ ചുമതല.
മാർക്ക് തിരിമറിയുടെ പേരിൽ രാജ്യത്തെ പത്തു സർവകലാശാലകൾ കരിമ്പട്ടികയിൽ പെടുത്തിയ മഹാരാഷ്ട്രയിലെ എം.കെ.സി.എൽ കമ്പനിയെയാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഈ ചുമതല ഏല്പിച്ചിരിക്കുന്നത്.
സർവകലാശാലകളുടെയും കോളേജുകളുടെയും സേവനങ്ങളും പ്രവർത്തനങ്ങളും ഒരു കുടക്കീഴിലാക്കുന്ന കേരള റിസോഴ്സ് ഫോർ എഡ്യൂക്കേഷൻ, അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിംഗ് ( കെ.റീപ്) പദ്ധതി എന്നാണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ പറയുന്നത്. ഇതിനായി കമ്പനിയുടെ സോഫ്റ്റ്‌വെയറിലേക്ക് വിവരങ്ങൾ നൽകാനാണ് കൗൺസിൽ കേരള സർവകലാശാലയോട് ആവർത്തിച്ചാവശ്യപ്പെട്ടത്. സുരക്ഷ ഉറപ്പാക്കാതെയും വിദ്യാഭ്യാസ നയം പ്രഖ്യാപിക്കാതെയും ചെയ്യാൻ കഴിയില്ലെന്ന് സർവകലാശാല മറുപടി നൽകി.
കാലിക്കറ്റ് സർവകലാശാലയും രണ്ടുലക്ഷത്തോളം വിദ്യാർത്ഥികളുടെ വിവരങ്ങൾ നൽകിയിട്ടില്ല.എം.ജി.സർവകലാശാലയും സന്നദ്ധമായിട്ടില്ല.
ഇതൊന്നും ഗൗനിക്കാതെ കണ്ണൂർ സർവകലാശാല വിവരങ്ങൾ നൽകിത്തുടങ്ങി. ഒ.ടി.പി അടക്കം വരുന്നത് കമ്പനിയിൽ നിന്നാണ്
നിലവിലെ സോഫ്റ്റ്‌വെയറിൽ
തിരിമറിക്ക് പഴുതില്ല
പാലക്കാട് ഐ.ടി.ഐ (ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ്) വികസിപ്പിച്ച സോഫ്‌റ്റ്‌വെയർ 2018 മുതൽ കേരള സർവകലാശാല ഉപയോഗിക്കുന്നുണ്ട്. മൂല്യനിർണയ ക്യാമ്പുകളിൽ നിന്ന് അദ്ധ്യാപകർക്ക് മാർക്ക് അപ് ലോഡ് ചെയ്യാം. പുനഃക്രമീകരിക്കാം. എക്സാമിനേഷൻ ബോർഡുകൾ അംഗീകരിച്ചശേഷം പോർട്ടലിൽതന്നെ ഫലം പ്രസിദ്ധീകരിക്കും. മാർക്ക്‌ലിസ്റ്റും പ്രൊവിഷണൽ സർട്ടിഫിക്കറ്റും സോഫ്‌റ്റ്‌വെയറിലൂടെ ലഭ്യമാക്കും. ഇതുവരെ ക്രമക്കേടുകൾ കണ്ടെത്താനായിട്ടില്ല.
ടെൻഡറില്ലാതെ കരാർ
# മഹാരാഷ്ട്ര കമ്പനിക്ക് ടെൻഡറില്ലാതെയാണ് കരാർ കൈമാറിയത്. മദ്രാസ് ഐ.ഐ.ടി, പാസ്പോർട്ട് സേവനം നൽകുന്ന ടാറ്റാ കൺസൾട്ടൻസി അടക്കമുള്ളവയെ ഒഴിവാക്കി
# സർക്കാരിന്റെ അസാപ്പ് കമ്പനിയാണ് ടെൻഡറിൽ പങ്കെടുത്തത്. അതിന്റെ മറവിലാണ് കരാർനേടിയത്.അഡ്വാൻസും ആദ്യഗഡുവും നൽകിയിട്ടും കരാർതുക അടക്കം പുറത്തുവിട്ടിട്ടില്ല.
വീതംവയ്പ്പ് 60:40
ഓരോവിദ്യാർത്ഥിയിൽ നിന്നും 150 രൂപ ഈടാക്കി 60% കമ്പനിക്കും 40% അസാപ്പിനും വീതംവയ്ക്കാനാണ് കരാറെന്നറിയുന്നു.10 ലക്ഷം വിദ്യാർത്ഥികളുടെ വിവരങ്ങളാണ് കൈമാറുന്നത്.
''ദുരുപയോഗ സാദ്ധ്യതയുണ്ട്. ഡേറ്റാസുരക്ഷ
ഉറപ്പാക്കിയശേഷമേ വിവരങ്ങൾ കൈമാറാനാവൂ''
-ഡോ.മോഹനൻ കുന്നുമ്മേൽ
വൈസ്ചാൻസലർ,
കേരള യൂണിവേഴ്സിറ്റി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |