കാലടി: 9.5 കിലോ കഞ്ചാവുമായി മൂന്ന് പേർ കാലടിയിൽ പൊലീസ് പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ ശുമാർ മണ്ഡൽ, അബ്ദുൾ അസീസ്, പെരുമ്പാവൂർ പാനിപ്ര സ്വദേശി ഷംസുദീൻ എന്നിവരാണ് പിടിയിലായത്. പെരുമ്പാവൂർ എഎസ്‌പിയുടെ സ്ക്വാഡും, കാലടി പൊലീസും ചേർന്ന് കാലടി ടൗണിൽ വച്ചാണ് കഞ്ചാവ് പിടികൂടിയത്. ഓട്ടോറിക്ഷയിലാണ് പ്രതികൾ കഞ്ചാവ് കൊണ്ടുവന്നത്. കാലടി, പെരുമ്പാവൂർ ഭാഗങ്ങളിൽ വിൽപ്പന നടത്തുന്നതിനായാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം.
അതേസമയം, രാസലഹരി പിടികൂടുന്നതിനിടെ തോട്ടിൽ ചാടി രക്ഷപ്പെട്ട പ്രതിയെ തടിയിട്ടപറമ്പ് പൊലീസും എഎസ്പിയുടെ സ്പെഷ്യൽ സ്ക്വാഡും ചേർന്ന് പിടികൂടി. പുക്കാട്ടുപടി ഊരക്കാട് ചേലക്കാട് ചെറിയാൻ ജോസഫിനെയാണ് (35) പിടികൂടിയത്. കഴിഞ്ഞ 27ന് രാത്രി പൂക്കോട്ടുമോളം ഭാഗത്ത് വച്ച് ഓട്ടോറിക്ഷയിൽ നിന്ന് 24 ഗ്രാം എം.ഡി.എം.എയുമായി തടിയിട്ടപറമ്പ് പൊലീസ് ഇയാളെ പിടികൂടിയിരുന്നു. പരിശോധന നടക്കുന്നതിനിടെ തൊട്ടടുത്തുള്ള തോട്ടിലേക്ക് ചാടി ഇയാൾ രക്ഷപ്പെട്ടു.
തുടർന്ന് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണമാരംഭിച്ചു. ഇയാൾ പിന്നീട് പൊള്ളാച്ചി, ബെംഗളുരു, മുംബയ്, ഒഡീഷ എന്നിവിടങ്ങളിൽ ഒളിവിൽ താമസിച്ചു. ഒടുവിൽ പൊള്ളാച്ചിയിലുണ്ടെന്ന വിവരം തമിഴ്നാട് പൊലീസിന് കൈമാറിയെങ്കിലും പിടികൂടാനായില്ല. മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്ന പ്രതിയെ ശാസ്ത്രീയമായ അന്വേഷണത്തിൽ കിഴക്കമ്പലത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്. അന്വേഷണസംഘത്തെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കിലോമീറ്ററോളം പിന്തുടർന്ന് പിടികൂടി. പിടികൂടുന്ന സമയം ഒഡീഷയിൽ നിന്ന് കടത്തിയ രണ്ട് കിലോ കഞ്ചാവും കൈവശമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |