സ്‌പേസ് എക്സിന്റെ സ്ഥാപകനും ടെസ്‌ലയുടെ സിഇഒയുമായ എലോൺ മസ്‌ക് ലോകത്തിലെ എറ്റവും വലിയ ധനികനായി തുടരുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ബ്ലൂംബെർഗ് മില്യണയേഴ്സ് ഇൻഡക്സ് പുറത്തുവിട്ട വിവരമനുസരിച്ച് അദ്ദേഹത്തിന്റെ ആസ്തി 400 മില്യൺ ഡോളർ മറികടന്നു. ഇതോടെ എലോൺ മസ്ക് ചരിത്രം കുറിച്ചിരിക്കുകയാണ്. അതേസമയം,ഒരു കാലത്ത് എലോൺ മസ്കിനെക്കാൾ ധനികനായിരുന്ന ഒരു വ്യക്തി ജീവിച്ചിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. മുകേഷ് അംബാനിയെയും അദാനിയെക്കാളും ധനികനായിരുന്ന വ്യക്തി ആരാണെന്ന് പരിശോധിക്കാം.
പതിനാലാം നൂറ്റാണ്ടിൽ പശ്ചിമാഫ്രിക്കയിലെ മാലി സാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്ന മൻസ മൂസയെക്കുറിച്ചാണ് പറയുന്നത്. ഇതുവരെ ജീവിച്ചിരുന്നതിൽ ഏറ്റവും ധനികനായ വ്യക്തിയായിരുന്നു മൻസ മൂസ. 1280 എഡി കാലഘട്ടത്തിൽ ജനിച്ച മൂസ 1312ലാണ് അധികാരത്തിലെത്തുന്നത്. പലപ്പോഴായി മൂസയെയാണ് എറ്റവും ധനികനായ വ്യക്തിയായി കണക്കാക്കപ്പെടുന്നത്. നാണയപ്പെരുപ്പം കണക്കിലെടുത്താൽ അദ്ദേഹത്തിന്റെ ആസ്തി ഇന്നത്തെ ശതകോടീശ്വരൻമാരുടെ സമ്പത്തിനെ കടത്തിവെട്ടുന്ന തരത്തിലായിരിക്കും. ഏകദേശം 400 മില്യൺ ഡോളറിനേക്കാൾ കൂടുതൽ വരും മൂസയുടെ സമ്പാദ്യം. അദ്ദേഹത്തിന്റെ ഭരണത്തെ തുടർന്ന് മാലി സാമ്രാജ്യം സാമ്പത്തിക സാംസ്കാരിക ശക്തികേന്ദ്രമായി മാറുകയായിരുന്നു.
സാമ്രാജ്യത്തിന്റെ ഭാഗമായ ബാംബുക്ക്,ബുരെ,വംഗര തുടങ്ങിയ പ്രദേശങ്ങളിൽ സ്വർണഖനനവും ഉപ്പ് ഖനനവും ഉയർന്ന തോതിൽ നടന്നിരുന്നു. ഇത് കൂടുതൽ സമ്പാദ്യമാണ് കൊണ്ടുവന്നത്. സബ് സഹാറൻ ആഫ്രിക്കയും നോർത്ത് ആഫ്രിക്കയും തമ്മിലുളള വ്യാപാരം (ട്രാൻസ്-സഹാറൻ വ്യാപാരം) മാലിയുടെ വാണിജ്യ പദവി ഉയർത്താൻ സഹായിച്ചു.
വ്യാപാരത്തിന് മാത്രമല്ല മൻസ മൂസ പ്രാധാന്യം നൽകിയിരുന്നത്. അദ്ദേഹം മക്കയിലേക്ക് തീർത്ഥാടനത്തിന് പോയതും വഴിത്തിരിവായിരുന്നു. അദ്ദേഹത്തിന്റെ യാത്രയിൽ സ്വർണ്ണചരക്ക് ചുമക്കുന്ന 100 ഒട്ടകങ്ങളും 12,000 പരിചാരകരും 60,000 അടിമകളും ഉണ്ടായിരുന്നു. അത്തരത്തിൽ മൂസ ഏകദേശം 18 ടൺ സ്വർണം കടത്തിയിരുന്നുവെന്നാണ് ചരിത്രപുസ്തകങ്ങളിൽ സൂചിപ്പിക്കുന്നത്. ഇത് 957 മില്യൺ ഡോളർ വിലമതിപ്പുളളതായിരുന്നു. ഈ തീർത്ഥാടനം മൂസയുടെ സമ്പത്തിനെ ലോകത്തിന് മുന്നിൽ കാണിക്കുക മാത്രമല്ല ചെയ്തത്. ലോക പ്രാധാന്യമുളള വ്യക്തിയെന്ന നിലയിൽ പ്രശസ്തനാക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |