നിതേഷ് തിവാരിയുടെ 'രാമായണ' എന്ന സിനിമയിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ് നടി സായ് പല്ലവി. ചിത്രത്തിലെ സീത എന്ന കഥാപാത്രത്തിനുവേണ്ടി സായ് പല്ലവി സസ്യാഹാരിയായെന്ന് അടുത്തിടെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ പ്രചരണങ്ങൾ തള്ളി രംഗത്തെത്തിയിരിക്കുകയാണ് നടി. പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും നുണകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സമൂഹമാദ്ധ്യമ പോസ്റ്റിലൂടെ താരം മുന്നറിയിപ്പ് നൽകി.
'അടിസ്ഥാനരഹിതമായ പ്രചരണങ്ങൾ കാണുമ്പോൾ കൂടുതൽ സമയവും ഞാൻ മൗനം പാലിക്കുകയാണ് പതിവ്. എന്നാലിത് തുടർക്കഥയാവുന്നതിനാൽ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ സിനിമയുടെ റിലീസ്, പ്രഖ്യാപന സമയങ്ങളിലും കരിയറിലെ നല്ല സമയങ്ങളിലുമാണ് പ്രധാനമായും അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. വാർത്തയുടെയും ഗോസിപ്പിന്റെയും പേരിൽ ഏതെങ്കിലും മാദ്ധ്യമങ്ങളോ ആളുകളോ അടുത്ത തവണ ഇത്തരത്തിൽ തട്ടിക്കൂട്ട് കഥകൾ പ്രചരിപ്പിക്കുന്നത് കാണുകയാണെങ്കിൽ നിങ്ങൾ നിയമപരമായി എന്നെ നേരിടേണ്ടതായി വരും'- സായ് പല്ലവി സമൂഹമാദ്ധ്യമ പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകി.
സീത എന്ന കഥാപാത്രത്തിനായി സായ് പല്ലവി സസ്യാഹാരിയായി മാറിയെന്നും സസ്യാഹാര വിഭവങ്ങൾക്കായി തന്റെ പാചക സംഘത്തോടൊപ്പം യാത്ര ചെയ്തുവെന്നും ഒരു തമിഴ് മാദ്ധ്യമമാണ് പ്രസിദ്ധീകരിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നടിയുടെ കുറിപ്പ്. താൻ സസ്യാഹാരിയാണെന്ന് സായ് പല്ലവി ചില അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. 'ആഹാരത്തിന്റെ കാര്യത്തിൽ ഞാൻ ജീവിതകാലം മുഴുവൻ സസ്യാഹാരിയായിരിക്കും. ഒരു ജീവൻ പോകുന്നത് എനിക്ക് കണ്ടുനിൽക്കാനാകില്ല. മറ്റൊരാളെ വേദനിപ്പിക്കാൻ എനിക്ക് കഴിയില്ല'- എന്നായിരുന്നു നടി വ്യക്തമാക്കിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |