പതിനഞ്ച് വർഷത്തെ പ്രണയത്തിനൊടുവിൽ നടി കീർത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായിരിക്കുകയാണ്. ഗോവയിൽ വച്ച് നടന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ കീർത്തി സുരേഷ് തന്നെയാണ് വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്. ഇതിനിടെ കീർത്തിയുടെയും ആന്റണിയുടെയും പ്രായവ്യത്യാസവും ചർച്ചയാകുന്നുണ്ട്.
ഒരേ സ്‌കൂളിൽ ഒന്നിച്ച് പഠിച്ചവരാണ് കീർത്തിയും ആന്റണിയും. ഹൈസ്‌കൂൾ കാലത്താണ് ഇരുവരുടെയും പ്രണയം തുടങ്ങിയത്. കീർത്തിയെക്കാൾ രണ്ട് വയസിന് മുതിർന്നയാളാണ് ആന്റണി. കീർത്തിക്ക് 32ഉം ആന്റണിക്ക് 34 വയസുമാണ് പ്രായം. കൊച്ചി സ്വദേശിയായ ആന്റണി ദോഹയിൽ ബിസിനസുകാരനാണ്. കൊച്ചി ആസ്ഥാനമായുള്ള ആസ്‌പെറോസ് വിൻഡോസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന്റെ ഉടമ കൂടിയാണ് ആന്റണി.
ഹിന്ദു- ക്രിസ്ത്യൻ ആചാരപ്രകാരമാണ് കീർത്തിയുടെ വിവാഹം നടക്കുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പരമ്പരാഗത ഹിന്ദു ആചാരപ്രകാരമുള്ള ആദ്യ ചടങ്ങാണ് കഴിഞ്ഞത്. വൈകിട്ട് ക്രിസ്ത്യൻ രീതിയിൽ വിവാഹം നടക്കും. സൂര്യാസ്തമയത്തെ സാക്ഷിയാക്കി പ്രത്യേക ചടങ്ങുണ്ടാകും. കാസിനോ നൈറ്റ് പാർട്ടിയോടെ ആയിരിക്കും വിവാഹാഘോഷങ്ങൾ അവസാനിക്കുകയെന്നാണ് വിവരം.
പരമ്പരാഗത രീതിയിലാണ് ഹൈന്ദവാചാരപ്രകാരമുള്ള വിവാഹച്ചടങ്ങുകൾക്കായി കീർത്തി അണിഞ്ഞൊരുങ്ങിയത്. മഞ്ഞയിൽ പച്ച ബോർഡറുള്ള പട്ട് പുടവയാണ് കീർത്തി ധരിച്ചത്. ജിമിക്കി കമ്മലും ട്രെഡീഷണൽ ആഭരണങ്ങളും ധരിച്ച് തമിഴ് സ്റ്റൈൽ വധു ആയിരുന്നു താരം. ആന്റണിയും ഹൈന്ദവാചാര പ്രകാരമുള്ള വേഷമാണ് ധരിച്ചത്. ചടങ്ങിൽ നടൻ വിജയ് അടക്കമുള്ള താരങ്ങൾ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |