കോർപ്പറേഷൻ അനങ്ങാഞ്ഞന്തെന്നും ഹൈക്കോടതി
കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരിൽ സി.പി.എം പാളയം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി റോഡിൽ സ്റ്റേജ് കെട്ടുകയും ഗതാഗതം മണിക്കൂറുകളോളം തടസപ്പെടുകയും ചെയ്ത സംഭവത്തിൽ ഹൈക്കോടതി സംസ്ഥാന പൊലീസ് മേധാവിയുടെ വിശദീകരണം തേടി. സ്റ്റേജിലുണ്ടായിരുന്നവരുടെ പേരു വിവരങ്ങൾ സമർപ്പിക്കാൻ കോടതിയിൽ ഹാജരായ വഞ്ചിയൂർ എസ്.എച്ച്.ഒയോട് നിർദ്ദേശിച്ചു. റിപ്പോർട്ടുകൾ തിങ്കളാഴ്ച സമർപ്പിക്കണം.
നേതാക്കളുടെയും നാടകം കളിച്ചവരുടെയും പേരിൽ കേസെടുക്കാത്തതെന്തെന്നും ഗതാഗതതടസം നോട്ടീസില്ലാതെ പൊളിച്ചുനീക്കാൻ അധികാരമുള്ള കോർപ്പറേഷൻ അനങ്ങാഞ്ഞതെന്തെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ചോദിച്ചു. മൈക്ക് ഓപ്പറേറ്റർക്കെതിരെ മാത്രം കേസെടുത്ത നടപടിയെ വിമർശിച്ചു.
വഞ്ചിയൂർ - ഉപ്പിടാംമൂട് റോഡിന്റെ ഒരു വശം അപ്പാടെ തടസപ്പെടുത്തി കഴിഞ്ഞ 5നായിരുന്നു സി.പി.എം സമ്മേളനം. ഇതു സംബന്ധിച്ച ദൃശ്യങ്ങളും മാദ്ധ്യമ റിപ്പോർട്ടുകളും ഹൈക്കോടതി പരിശോധിച്ചു. സ്കൂൾ വാഹനങ്ങളും നവജാത ശിശുവുമായി വന്ന കാറും ജില്ല ആശുപത്രിയിലേക്ക് രോഗികളുമായി പോയ വാഹനങ്ങളുമടക്കം കുരുക്കിൽപ്പെട്ടു. ജില്ല കോടതി സമുച്ചയത്തിന് മുമ്പിലുള്ള പാതയാണ് തടസപ്പെടുത്തിയത്. സീബ്രാ ലൈനിന് മുകളിലാണ് വേദി കെട്ടിയത്. വിശ്വാസ വഞ്ചനയടക്കം പലതരം നിയമലംഘനങ്ങളാണുണ്ടായതെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ഡി.ജി.പി തുടങ്ങിയവരെ എതിർകക്ഷികളാക്കി മരട് സ്വദേശി എൻ. പ്രകാശ് സമർപ്പിച്ച കോടതിഅലക്ഷ്യ ഹർജിയാണ് പരിഗണിക്കുന്നത്.
പന്തലും കസേരകളും നീക്കം ചെയ്യണമെന്ന് സമ്മേളനത്തിന്റെ ജനറൽ കൺവീനർ പി. ബാബുവിനോട് നിർദ്ദേശിച്ചെങ്കിലും അനുസരിച്ചില്ലെന്ന് എസ്.എച്ച്.ഒ അറിയിച്ചു. റോഡരികിൽ ഒരു സാധാരണക്കാരൻ ടീഷോപ്പ് വച്ചാൽ പൊളിച്ചുനീക്കുന്നവരല്ലേ നിങ്ങളെന്ന് കോടതി ചോദിച്ചു. കോർപ്പറേഷൻ സെക്രട്ടറിക്കും നടപടിയെടുക്കാമായിരുന്നു. കോടതി വിധികളുടെയും സർക്കാർ ഉത്തരവുകളുടെയും ലംഘനമാണുണ്ടായതെന്നും ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
സെക്രട്ടേറിയറ്റ് ധർണയിലും നടപടി
സി.പി.ഐ ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗൺസിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ രാപ്പകൽ ധർണയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ കേസെടുത്തേക്കും. ഫുട്പാത്തും റോഡിന്റെ ഒരു ഭാഗവും കൈയേറിയാണ് സമരം നടത്തിയതെന്ന് കോടതി വിലയിരുത്തി. ഇതിനെക്കുറിച്ചും വിശദീകരണം തേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |