ചില്ലറ വില സൂചിക നവംബറിൽ 5.48 ശതമാനമായി താഴ്ന്നു
കൊച്ചി: കേന്ദ്ര സർക്കാരിനും റിസർവ് ബാങ്കിനും ഏറെ ആശ്വാസം പകർന്ന് നവംബറിൽ ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം 5.48 ശതമാനമായി കുറഞ്ഞു. ഒക്‌ടോബറിൽ നാണയപ്പെരുപ്പം 14 മാസത്തെ ഉയർന്ന തലമായ 6.21 ശതമാനത്തിലായിരുന്നു. ഭക്ഷ്യ ഉത്പന്ന വില സൂചിക മുൻമാസത്തെ 10.9 ശതമാനത്തിൽ നിന്ന് ഒൻപത് ശതമാനത്തിലേക്ക് താഴ്‌ന്നു.അതേസമയം ഉപഭോക്‌തൃ വില സൂചിക തുടർച്ചയായ മൂന്നാം മാസവും അഞ്ച് ശതമാനത്തിന് മുകളിൽ തുടരുന്നതാണ് പ്രധാന ആശങ്ക.
നഗരങ്ങളിലേക്കാൾ ഗ്രാമങ്ങളിൽ വിലക്കയറ്റം രൂക്ഷമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഗ്രാമീണ വില സൂചിക 5.95 ശതമാനവും നഗരങ്ങളിൽ 4.83 ശതമാനവുമാണ്. പച്ചക്കറികൾ, പഴങ്ങൾ, ഭക്ഷ്യ എണ്ണ തുടങ്ങിയവയുടെ വില ഇപ്പോഴും ഉയർന്ന തലത്തിലാണ്.
2022 ഏപ്രിലിൽ നാണയപ്പെരുപ്പം 7.79 ശതമാനമായി ഉയർന്നതോടെയാണ് റിസർവ് ബാങ്ക് പലിശ വർദ്ധന നടപടികളാരംഭിച്ചത്. അതിനുശേഷം മുഖ്യ നിരക്കായ റിപ്പോ ആറ് തവണയായി രണ്ടര ശതമാനം വർദ്ധിപ്പിച്ച് 6.5 ശതമാനമാക്കി.
വ്യാവസായിക ഉത്പാദനത്തിൽ 3.5 ശതമാനം വളർച്ച
ഒക്‌ടോബറിൽ ഇന്ത്യയുടെ വ്യവാസായിക ഉത്പാദനത്തിൽ 3.5 ശതമാനം വളർച്ചയുണ്ടായി. ഉത്സവകാലത്തിന് മുന്നോടിയായി കമ്പനികൾ ഉത്പാദനം ഉയർത്തിയതാണ് അനുകൂലമായത്. മാനുഫാക്‌ചറിംഗ് രംഗത്ത് 4.1 ശതമാനവും വൈദ്യുതി മേഖലയിൽ രണ്ട് ശതമാനവും ഉത്പാദന വളർച്ച നേടി. ഖനന രംഗത്ത് 0.9 ശതമാനവും ഉണർവുണ്ടായി. ഏപ്രിൽ മുതൽ ഒക്‌ടോബർ വരെ വ്യവസായ ഉത്പാദനം നാല് ശതമാനം ഉയർന്നു.
റിസർവ് ബാങ്ക് പലിശ കുറച്ചേക്കും
നവംബറിൽ നാണയപ്പെരുപ്പം താഴ്ന്നതും വ്യവസായ മേഖലയിലെ തളർച്ചയും മുഖ്യ പലിശ നിരക്ക് കുറയ്‌ക്കാൻ റിസർവ് ബാങ്കിന് അനുകൂല സാഹചര്യമൊരുക്കുന്നു. ഫെബ്രുവരിയിൽ നടക്കുന്ന റിസർവ് ബാങ്കിന്റെ അടുത്ത ധന നയ രൂപീകരണ യോഗത്തിൽ വായ്പ പലിശയിൽ കാൽ ശതമാനം കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. റിസർവ് ബാങ്കിന്റെ പുതിയ ഗവർണറായി ചുമതലയേറ്റ സഞ്ജയ് മൽഹോത്ര ആദ്യ ധന നയത്തിൽ ഉദാരമായ സമീപനം സ്വീകരിക്കുമെന്ന് വിലയിരുത്തുന്നു.
മാസം നാണയപ്പെരുപ്പം
ഏപ്രിൽ 4.83 ശതമാനം
മേയ് 4.75 ശതമാനം
ജൂൺ 5.8 ശതമാനം
ജൂലായ് 3.54 ശതമാനം
ആഗസ്‌റ്റ് 3.65 ശതമാനം
സെപ്‌തംബർ 5.39 ശതമാനം
ഒക്ടോബർ 6.2 ശതമാനം
നവംബർ 5.48 ശതമാനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |