തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസമേഖലയ്ക്കുള്ള കേന്ദ്ര പദ്ധതിയായ പി.എം-ഉഷയിൽ (പ്രധാനമന്ത്രി ഉച്ചതാർ സർവശിക്ഷാ അഭിയാൻ) കേരളം ആവശ്യപ്പെട്ട 2117കോടി അനുവദിക്കുന്നതിൽ തീരുമാനമെടുക്കാതെ കേന്ദ്രം. സർവകലാശാലകൾക്ക് 100 കോടി വീതവും സർക്കാർ, എയ്ഡഡ് കോളേജുകൾക്ക് 5 കോടി വീതവും കിട്ടേണ്ട പദ്ധതിയാണിത്.
ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കാമെന്ന് കേരളം സത്യവാങ്മൂലം നൽകിയതോടെയാണ് ആദ്യം ഉടക്കിട്ടിരുന്ന കേന്ദ്രം, പദ്ധതികൾ അപ്‌ലോഡ് ചെയ്യാൻ പോർട്ടൽ തുറന്നു നൽകിയത്. കേരള, എം.ജി, കാലിക്കറ്റ്, സംസ്കൃത, കണ്ണൂർ സർവകലാശാലകൾ 100 കോടി വീതവും 250 സർക്കാർ, എയ്ഡഡ് കോളേജുകൾ 5 കോടി വീതവുമുള്ള പദ്ധതികൾ നൽകി. അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് പുറമേ അദ്ധ്യാപകരുടെ പരിശീലനം, ഗുണനിലവാരം ഉയർത്തൽ, ഗവേഷണം എന്നിവയടക്കം അമ്പതിലേറെ ഇനങ്ങളിൽ പണം കിട്ടും. കേന്ദ്രവിദ്യാഭ്യാസ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ യു.ജി.സി, എ.ഐ.സി.ടി.ഇ എന്നിവിടങ്ങളിലെ വിദഗ്ദ്ധരടങ്ങിയ പ്രോജക്ട് അപ്രൂവൽ ബോർഡ് നവംബർ 19ന് ഈ പദ്ധതികളിൽ സംതൃപ്തി രേഖപ്പെടുത്തിയിരുന്നതാണ്. സാധാരണ ഗതിയിൽ മൂന്ന് ദിവസത്തിനകം തീരുമാനമെടുക്കാറുള്ളതാണ്.
നേരത്തേയുണ്ടായിരുന്ന റൂസ പദ്ധതിയാണ് പി.എം-ഉഷ ആക്കിയത്. പദ്ധതിയിൽ 60 ശതമാനം കേന്ദ്രത്തിന്റെയും 40 ശതമാനം സംസ്ഥാനത്തിന്റെയും വിഹിതമാണ്. നേരത്തേ 20- 50കോടിയായിരുന്ന സർവകലാശാലകൾക്കുള്ള സഹായം ഇത്തവണയാണ് 100കോടിയാക്കിയത്. കോളേജുകൾക്ക് രണ്ടു കോടിയായിരുന്നത് 5കോടിയാക്കി. കേന്ദ്രനയം അംഗീകരിച്ച് ധാരണാപത്രം ഒപ്പിടാൻ വൈകിയതിനാൽ ആദ്യഘട്ടത്തിൽ കേരളത്തെ പദ്ധതിയിൽ പരിഗണിച്ചിരുന്നില്ല.
അടിസ്ഥാന സൗകര്യം
കൂട്ടാനാവും
നാലുവർഷ ബിരുദത്തിനായി സർവകലാശാലകളിലും കോളേജുകളിലും കൂടുതൽ ക്ലാസ്‌മുറികളും ലൈബ്രറികളും ലബോറട്ടികളുമടക്കം നിർമ്മിക്കാം.
കമ്പ്യൂട്ടറുകളും ഗവേഷണ ഉപകരണങ്ങളും സോഫ്‌റ്റ്‌വെയറുകളും വാങ്ങാം. അദ്ധ്യാപകർക്ക് വിദഗ്ദ്ധ പരിശീലനം നൽകാം.
ഓഡിറ്റോറിയങ്ങൾ, സെമിനാർഹാളുകൾ, ഭരണനിർവഹണ ബ്ലോക്കുകൾ, പരീക്ഷാകേന്ദ്രങ്ങൾ, ഭക്ഷണശാലകൾ, ഡിജിറ്റൽ ലൈബ്രറികൾ, ഹോസ്റ്റലുകൾ എന്നിവയും പണിയാം.
#12926.10കോടി
പി.എം-ഉഷയിലൂടെ മൂന്നു വർഷക്കാലത്തേക്ക് കേന്ദ്രം ചെലവിടുന്നത്
#565കോടി
റൂസയിൽ നിന്ന് കേരളത്തിന് നേരത്തേ അനുവദിച്ച പദ്ധതികൾ
ആഗോള സുസ്ഥിര വികസന റാങ്കിംഗിൽ
തിളങ്ങി കേരള സർവകലാശാല
തിരുവനന്തപുരം: അന്താരാഷ്ട്ര തലത്തിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുസ്ഥിര വികസന നിലവാരം അളക്കുന്ന ആഗോള സംവിധാനമായ ക്യു.എസ് റാങ്കിംഗിൽ കേരള സർവകലാശാലയ്ക്ക് മികച്ച നേട്ടം. 1181- 1200 ബാൻഡിൽ കേരള സർവകലാശാല ഇടംപിടിച്ചു. ഏഷ്യയിൽ 395ാം സ്ഥാനത്തും ഇന്ത്യയിലെ ഉന്നതനിലവാരമുള്ള സ്ഥാപനങ്ങളിൽ 48ാം സ്ഥാനത്തുമാണ് കേരളസർവകലാശാല. പാരിസ്ഥിതിക സംഭാവനകളുടെ വിഭാഗത്തിൽ- 810, സാമൂഹ്യ സംഭാവനകളിൽ 1001, ഭരണ നിർവഹണത്തിൽ- 868 എന്നിങ്ങനെയാണ് നേട്ടം. മുൻ വർഷങ്ങളിൽ നാക്, എൻ.ഐ.ആർ.എഫ് ദേശീയ റാങ്കിംഗിൽ മുന്നേറ്റം നടത്തിയിരുന്നു. അന്താരാഷ്ട്ര റാങ്കിംഗിൽ ഇടംപിടിച്ചതോടെ കൂടുതൽ വിദേശവിദ്യാർത്ഥികളുടെ പഠന, ഗവേഷണ കേന്ദ്രമായി സർവകലാശാല മാറുമെന്ന് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |