ചെസിൽ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കപ്പെട്ട വർഷമാണ് 2024. ആദ്യം കാൻഡിഡേറ്റ്സ് ടൂർണമെന്റ് ജേതാവായി ഗുകേഷിന്റെ വരവ്. പിന്നീട‌് ചെസ് ഒളിമ്പ്യാഡിലെ ഓപ്പൺ,വനിതാ വിഭാഗങ്ങളിലെ കിരീടനേട്ടവും വ്യക്തിഗത വിഭാഗങ്ങളിലെ ചാമ്പ്യൻ പട്ടങ്ങളും. ഒടുവിൽ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനായിതന്നെ ഗുകേഷിന്റെ പട്ടാഭിഷേകം. ഒരു വിശ്വനാഥൻ ആനന്ദിന്റെ ചരിത്രനേട്ടങ്ങളിൽ അഭിരമിച്ചിരുന്ന ഇന്ത്യ ഒരുകൂട്ടം മികച്ച കൗമാരതാരങ്ങളുടെ കൂടാരമായി മാറിയിരിക്കുന്നു. അവരുടെ നായകനാണ് ഗുകേഷ്. ഇവരെയെല്ലാം ഒരു ചരടിൽച്ചേർത്ത് മുന്നോട്ടുകൊണ്ടുപോകാൻ ഗുരുവിനെപ്പോലെ ആനന്ദും.
കരുക്കൾകൊണ്ട് കളം കീഴടക്കാൻ കൊതിക്കുന്ന ഇന്ത്യൻ യുവതലമുറയ്ക്ക് ഏറെ പ്രചോദനം പകരുന്നതാണ് ഗുകേഷിന്റെ ലോക ചാമ്പ്യൻ പദവി. കഴിഞ്ഞ ഏപ്രിലിൽ ഡിംഗ് ലിറനെ എതിരിടാനുള്ള കാൻഡിഡേറ്റായി ഗുകേഷ് തിരഞ്ഞെടുക്കപ്പെടുമ്പോൾ അവൻ ഇന്ത്യയിൽ വോട്ടവകാശം നേടാൻ പ്രായമെത്താത്ത പയ്യനായിരുന്നു. ഗാരി കാസ്പറോവും അനാറ്റൊലി കാർപ്പോവും ബോബി ഫിഷറുമൊന്നും ഈ പ്രായത്തിൽ എത്തിച്ചേരാത്തത്ര ഉയരത്തിലേക്കാണ് ഗുകേഷ് തന്റെ പതിനെട്ടാം വയസിൽ എത്തിയിരിക്കുന്നത്. 1983ലെ കപിലിന്റെ ചെകുത്താന്മാരുടെ ലോകകപ്പ് നേട്ടം ഇന്ത്യയിൽ ക്രിക്കറ്റിന് അടിവേരിട്ടതുപോലെ ഗുകേഷിന്റെ വിജയത്തിന് ചെസിലേക്ക് യുവതലമുറയെ ആകർഷിക്കാൻ കഴിയും. ചെസിൽ ആനന്ദ് ഏന്തിയ ദീപം പകർന്നുപിടിക്കുന്ന കുഞ്ഞിക്കൈകളൊക്കെ ബലിഷ്ഠമായി മാറിയിരിക്കുന്നു.
സമീപകാലത്ത് അൽപ്പം മോശം അവസ്ഥയിലായിരുന്നെങ്കിലും ഡിംഗ് ലിറെൻ എന്ന ചൈനീസ് ഗ്രാൻഡ് മാസ്റ്റർ നിസാരനായിരുന്നില്ല. മാഗ്നസ് കാൾസൺ മതിയാക്കി മടങ്ങിയതിന് ശേഷം ലോക ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ നിപ്പോംനിയാഷിയെ മലർത്തിയടിച്ച് മുന്നേറിയ ലിറെൻ ഏത് പ്രതിസന്ധിഘട്ടത്തെയും മികച്ച കരുനീക്കങ്ങളിലൂടെ മറികടന്ന് മുന്നേറാൻ ശേഷിയുള്ള താരമായിരുന്നു. ആ മികവിന്റെ ചില മിന്നലാട്ടങ്ങൾ ഈ ചാമ്പ്യൻഷിപ്പിലും അദ്ദേഹം പുറത്തെടുത്തു. ആദ്യ റൗണ്ടിലെ ലിറെന്റെ വിജയം ഗുകേഷിന്റെ പരിചയക്കുറവ് മുതലെടുത്തായിരുന്നെങ്കിൽ 12-ാം റൗണ്ടിലെ വിജയം ലിറെന്റെ സർവാധിപത്യം പ്രകടമാക്കുന്നതായിരുന്നു. കഴിഞ്ഞ മത്സരത്തിൽ സമനിലയ്ക്ക് വേണ്ടി ലിറെൻ കളിച്ചത് തനിക്ക് മുൻതൂക്കമുള്ള ടൈബ്രേക്കറിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. അത് കണ്ടറിഞ്ഞുതന്നെ അവസാന ഗെയിമിൽ സമനിലയെന്നുറപ്പിച്ച് ലിറെൻ പിഴവുവരുത്തുന്നതുവരെ കാത്തിരുന്ന് ഗുകേഷ് നേടിയ ഈ വിജയത്തിന് മാറ്റേറെയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |