സ്ത്രീക്ക് മാത്രമല്ല, പുരുഷനും അന്തസും അഭിമാനവുമുണ്ടെന്ന ഹൈക്കോടതി വിധി സ്വാഗതാർഹമാണ്. സമൂഹത്തിൽ ജീവിക്കുമ്പോൾ സ്ത്രീ- പുരുഷ ഭേദമന്യേ അന്തസ് എല്ലാവർക്കും പ്രധാനമാണ്. നിയമപരമായി ലഭ്യമായ അവകാശങ്ങൾ പലരും ദുരുപയോഗപ്പെടുത്തുന്നുണ്ട്. ഇക്കാര്യത്തിൽ വളരെ സംഘടിതമായ പരിശ്രമങ്ങൾ കൂടി ഉണ്ടാകുന്നതായി സമകാലിക സംഭവങ്ങളും സൂചിപ്പിക്കുന്നു. പലപ്പോഴും അതൊരു ഗൂഢാലോചനയുടെ തലത്തിലേക്കുമെത്തുന്നു. ഇത്തരം സംഭവങ്ങളും ആരോപണങ്ങളും ഉണ്ടാകുമ്പോൾ വസ്തുനിഷ്ഠമായി അതിനെ സമീപിക്കുന്ന നിയമസംവിധാനമാണ് നമുക്ക് ആവശ്യം.
മാദ്ധ്യമശ്രദ്ധയിലേക്ക് വളരെപ്പെട്ടെന്ന് വരുന്ന വിഷയമാണിത്. അതിനനസുരിച്ച് സമൂഹമനഃസാക്ഷിയുടെ അഭിപ്രായം രൂപപ്പെടും. അത് പലപ്പോഴും മുൻവിധികളുടെയോ അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പിൻബലത്തിലുമൊക്കെയാകും. നിയമപരിരക്ഷയിലൂടെ മറ്റൊരാളുടെ ആത്മാഭിമാനത്തെയും അന്തസിനെയും സമൂഹത്തിന് മുന്നിലുള്ള അയാളുടെ പ്രതിച്ഛായയെയും തകർക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കപ്പെടണം.
പുരുഷനെതിരെ എന്ത് ആരോപണവും സ്ത്രീ ഉന്നയിച്ചാൽ അതേപടി വിശ്വസിക്കുന്ന മനോവ്യവസ്ഥയും സമീപനവുമാണ് സമൂഹത്തിൽ നിലനിൽക്കുന്നത്. ഈ സാഹചര്യം തിരുത്തപ്പെടുന്നതിനും അതിലേക്ക് നയിക്കുന്നതിനും ഉപകരിക്കുന്ന നിരീക്ഷണങ്ങളാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. സ്ത്രീയുടെ ആരോപണത്തിൽ നിന്ന് പുറത്തുവരേണ്ട നിയമപരമായ ബാദ്ധ്യത കുറ്റാരോപിതനിൽ നിക്ഷിപ്തമാകുന്നു. ഏറെക്കാലത്തിനുശേഷം ആരോപണം അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കപ്പെട്ടാലും അയാൾക്ക് മുഴുവൻ തകർച്ചകളും സംഭവിച്ചിട്ടുണ്ടാകും. ഒരുപക്ഷേ അയാൾ കുടുംബത്തിൽ നിന്ന് നിഷ്കാസിതനാകും. സമൂഹത്തിലെ നിലയും മാന്യതയും നഷ്ടമാകും. പരിഹാസ കഥാപാത്രവും വെറുക്കപ്പെട്ടവനുമായി മാറും. രോഗിയായിത്തീരാം. സമ്പത്ത് നശിച്ച് നിസ്വനാകാം. മരണംവരെ ദുരന്തങ്ങളിലൂടെയാകും ശിഷ്ടജീവിതം കഴിഞ്ഞുപോകുന്നത്. എത്രയോ ആളുകൾ ഇത്തരം സാഹചര്യങ്ങളെ നേരിടാനാവാതെ ആത്മഹത്യ ചെയ്യുന്നു. കുറ്റകൃത്യം ചെയ്തിട്ടില്ലെന്ന് തെളിയിക്കപ്പെട്ടാലും നഷ്ടപരിഹാരക്കേസ് നൽകാനുള്ള സാഹചര്യം പോലും അയാൾക്കുണ്ടാവണമെന്നില്ല. അയാളുടെ അമ്മയും ഭാര്യയും പെൺമക്കളുമൊക്കെ മറ്റൊരു രീതിയിൽ ഇരകളായി മാറുന്ന അവസ്ഥയാണ് നിലവിലുള്ളത്. ആരോപിതനാകുമ്പോൾ ഉണ്ടാകുന്ന കോലാഹലങ്ങളൊന്നും അതിൽ നിന്ന് പുറത്തുവരുമ്പോൾ ഉണ്ടാകണമെന്നുമില്ല. ഇത്തരം ആരോപണങ്ങൾക്ക് പ്രഥമദൃഷ്ട്യാ സാധുത കൈവരുന്ന നിയമസംവിധാനം പുനഃപരിശോധിക്കണം.
ആരോപണം തെളിവാകരുത്
എല്ലാക്കാലത്തും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോൾ അതിന്റെ ആധിക്യം നമ്മളെ ഭയപ്പെടുത്തുന്നു. ആരോപണങ്ങൾ ഉന്നയിക്കുന്നയാളിന്റെ സ്വകാര്യത മാനിക്കപ്പെടേണ്ടതുതന്നെയാണ്. അതുപോലെ കുറ്റാരോപിതന്റെ സ്വകാര്യതയ്ക്കും വിലയുണ്ട്. കുറ്റവിമുക്തനാക്കപ്പെടുന്ന സാഹചര്യത്തിൽ അയാളുടെ നഷ്ടങ്ങൾ ആര് തിരിച്ചുകൊടുക്കും? കുറ്റക്കാരനായി തെളിയിക്കപ്പെടുന്നതുവരെ അയാൾക്ക് അന്തസോടെ ജീവിക്കാനാകണം. പ്രതികാരം ചെയ്യാനും പണം വസൂലാക്കാനും നിയമവ്യവസ്ഥകൾ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിൽ ഇത്തരം പരിരക്ഷ അനിവാര്യമാണ്.
ഇരയുടെ ആരോപണത്തെ പ്രഥമദൃഷ്ട്യാ തെളിവായി കണക്കാക്കാവുന്ന സംവിധാനമാണ് ഏറ്റവുമധികം ദുരുപയോഗം ചെയ്യപ്പെടുന്നത്. ഒരാളുടെ ജീവിതം നശിപ്പിച്ചശേഷം മറ്റൊരാൾക്ക് മാറിയിരുന്ന് ചിരിക്കാനുള്ള അവസരം ലഭ്യമാകുന്നത് പരിഷ്കൃതസമൂഹത്തിന് യോജിച്ചതല്ല. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചുള്ള നിയമത്തിന്റെ ദുരുപയോഗം അങ്ങേയറ്റം ഗൗരവകരമായ ക്രിമിനൽ കുറ്റമായി മാറ്റണം.
(പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനും നടനുമാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |