ഡമാസ്‌കസ് : സിറിയയിൽ പ്രസിഡന്റ് ബാഷർ അൽ-അസദിന്റെ പതനത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ബാത്ത് പാർട്ടിയുടെ പ്രവർത്തനം അനിശ്ചിതകാലത്തേക്ക് നിറുത്തിവച്ചു. 53 വർഷം നീണ്ട ബാത്ത് പാർട്ടിയുടെ ഏകാധിപത്യ ഭരണത്തിന് ഇതോടെ അന്ത്യമായി. പാർട്ടിയുടെ വെബ്‌സൈറ്റിലൂടെയാണ് വിവരം പുറത്തുവിട്ടത്. പാർട്ടിയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളും ആയുധങ്ങളും ആഭ്യന്തര മന്ത്രാലയത്തിനോ അടുത്തുള്ള പൊലീസ് സ്റ്റേഷനോ കൈമാറും. പാർട്ടിയുടെ സ്വത്തുക്കളും ഫണ്ടുകളും സാമ്പത്തിക, നീതി മന്ത്രാലയങ്ങളുടെ മേൽനോട്ടത്തിൽ വിട്ടുകൊടുക്കും. വരുമാനം സിറിയൻ സെൻട്രൽ ബാങ്കിൽ നിക്ഷേപിക്കും. അതേ സമയം, അസദ് ഭരണകൂടം രാഷ്ട്രീയ എതിരാളികളെയും സാധാരണക്കാരെയും അടിച്ചമർത്താൻ ഉപയോഗിച്ചിരുന്ന ജയിലുകൾ അടച്ചുപൂട്ടുമെന്ന് വിമത തലവൻ അബു മുഹമ്മദ് അൽ ഗൊലാനി പ്രഖ്യാപിച്ചു. സുരക്ഷാ സേനകളെ പിരിച്ചുവിടുമെന്നും പറഞ്ഞു. അതിനിടെ, വിമത നേതാവ് മുഹമ്മദ് അൽ ബാഷിർ പ്രധാനമന്ത്രിയായുള്ള താത്കാലിക സർക്കാർ പൊലീസ് സേനയിലേക്ക് ജനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ലതാകിയ, ടാർറ്റസ് എന്നിവിടങ്ങളിലുള്ള അസദ് ഭരണകൂടത്തിന്റെ ആയുധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്നലെയും ഇസ്രയേൽ വ്യോമാക്രമണങ്ങൾ നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |