ന്യൂയോർക്ക് : ആസ്തി 40,000 കോടി ഡോളർ കടന്ന ആദ്യ വ്യക്തിയെന്ന ചരിത്ര നേട്ടവുമായി ശതകോടീശ്വരൻ ഇലോൺ മസ്‌ക്. യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചതിന് പിന്നാലെ മസ്കിന്റെ ആസ്തിയിൽ വൻ മുന്നേറ്റമാണുണ്ടായത്.
ബ്ലൂംബെർഗിന്റെ കണക്ക് പ്രകാരം മസ്കിന്റെ ആസ്തി ഇന്നലെ 44,700 കോടി ഡോളറിലെത്തി. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് (24,900 കോടി ഡോളർ) , മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗ് ( 22,400 കോടി ഡോളർ) എന്നിവരാണ് പിന്നിലുള്ളത്. ടെസ്‌ലയുടെ ഓഹരിയിലെ കുതിപ്പാണ് മസ്കിന്റെ ആസ്തി വർദ്ധിപ്പിച്ചത്.
സ്‌പേസ് എക്സ്, എക്സ് എന്നിവയുടെ ഉടമയായ മസ്കിനെ ട്രംപ് സർക്കാർ കമ്മിഷനായ ഡോഷിന്റെ ( DOGE- ഡിപ്പാർട്ട്മെന്റ് ഒഫ് ഗവൺമെന്റ് എഫിഷ്യൻസി/ കാര്യക്ഷമതാ ഡിപ്പാർട്ട്മെന്റ്) മേധാവികളിൽ ഒരാളായി തിരഞ്ഞെടുത്തിരുന്നു. സർക്കാരിന്റെ പാഴ്ച്ചെലവുകൾ വെട്ടിക്കുറയ്ക്കുക, ഫെഡറൽ ഏജൻസികളെ പുനഃക്രമീകരിക്കുക തുടങ്ങിയവയാണ് ഡോഷിന്റെ ദൗത്യങ്ങൾ. ജനുവരി 20ന് ട്രംപ് അധികാരമേറ്റ ശേഷം യു.എസ് കോൺഗ്രസിന്റെ അംഗീകാരത്തോടെ ഡോഷ് നിലവിൽ വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |