പാലക്കാട്: പനയമ്പാടം അപകടത്തിൽ മരിച്ച വിദ്യാർത്ഥിനികളുടെ മൃതദേഹം പൊതുദർശനത്തിനായി തുപ്പനാട് കരിമ്പനയ്‌ക്കൽ ഹാളിൽ എത്തിച്ചു. ജില്ലാ കളക്ടറും, ജനപ്രതിനിധികളും അടക്കമുള്ളവർ സ്ഥലത്തുണ്ട്. അവസാനമായി ഒരുനോക്കുകാണാൻ വിദ്യാർത്ഥിനികളുടെ സഹപാഠികളും അദ്ധ്യാപകരുമടക്കം ആയിരക്കണക്കിനാളുകൾ ഇവിടെയെത്തിക്കൊണ്ടിരിക്കുകയാണ്.
ചെറുള്ളി സ്വദേശികളായ അബ്ദുൾ സലാമിന്റെ മകൾ പി.എ.ഇർഫാന ഷെറിൻ, അബ്ദുൾ റഫീഖിന്റെ മകൾ റിദ ഫാത്തിമ, അബ്ദുൾ സലീമിന്റെ മകൾ കെ.എം.നിദ ഫാത്തിമ, ഷറഫുദ്ദീന്റെ മകൾ എ.എസ്.ആയിഷ എന്നിവരാണ് അപകടത്തിൽ മരിച്ചത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ആറരയോടെയാണ് മൃതദേഹങ്ങൾ വീടുകളിലെത്തിച്ചത്.
രണ്ട് മണിക്കൂർ വീടുകളിൽ പൊതുദർശനത്തിനുവച്ച ശേഷമാണ് തുപ്പനാട് കരിമ്പനയ്‌ക്കൽ ഹാളിൽ എത്തിച്ചത്. വിദ്യാർത്ഥിനികൾ പഠിക്കുന്ന കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുദർശനമുണ്ടാകില്ല. പത്ത് മണിയോടെ തുപ്പനാട് ജുമാ മസ്‌ജിദിൽ ഖബറടക്കം നടക്കും.
സിമന്റ് ലോഡുമായി വന്ന ലോറി പാഞ്ഞുകയറിയാണ് വിദ്യാർത്ഥിനികൾ മരിച്ചത്. കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളാണിവർ. കൂടെയുണ്ടായിരുന്ന സഹപാഠി അജ്ന ഷെറിൻ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് 3.50ഓടെ കോഴിക്കോട് - പാലക്കാട് ദേശീയ പാതയിൽ കരിമ്പ, പനയമ്പാടത്തായിരുന്നു അപകടമുണ്ടായത്. സംഭവത്തിൽ സിമന്റ് കയറ്റിയ ലോറിയുടെ ഡ്രൈവറെയും ക്ലീനറെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കാസർകോട് സ്വദേശികളായ ലോറി ഡ്രൈവർ മഹേന്ദ്രപ്രസാദ്, ക്ലീനർ വർഗീസ് എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |