വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. 15 വർഷത്തെ പ്രണയ സാഫല്യത്തിനൊടുവിലാണ് കീർത്തിയും ആന്റണിയും ഒന്നിച്ചത്. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. ഇതിനുപിന്നാലെ നവദമ്പതികളുടെ വിവാഹ വസ്ത്രങ്ങളും ചർച്ചയായി.
പരമ്പരാഗത തമിഴ് ബ്രാഹ്മണ അയ്യങ്കാർ രീതിയിലായിരുന്നു വിവാഹം. പരമ്പരാഗത ശൈലിയിലെ വസ്ത്രങ്ങളാണ് വധു വരന്മാർ തിരഞ്ഞെടുത്തത്. 'മഡിസർ' രീതിയിലുള്ള മഞ്ഞ നിറത്തിലുള്ള പട്ടുസാരിയും ബ്രൊക്കേഡ് ബ്ലൗസുമാണ് നടി ധരിച്ചത്. വേഷ്ഠി ധരിച്ചാണ് ആന്റണിയെത്തിയത്.
മഡിസർ സാരിയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. വിവാഹാനന്തര തമിഴ് ബ്രാഹ്മണ സ്ത്രീകളുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് ഈ സാരി.ഇന്നത്തെ കാലത്ത് അപൂർവ്വമായി മാത്രമേ മഡിസർ ധരിക്കാറുള്ളൂ. ആ ട്രഡീഷണൽ സാരി തിരികെ കൊണ്ടുവന്നിരിക്കുകയാണ് കീർത്തിയെന്നാണ് ആരാധകർ പറയുന്നത്. പരമ്പരാഗതമായി ഭരതനാട്യത്തിന് ഉപയോഗിക്കുന്ന രീതിയിലുള്ള ആഭരണങ്ങളായിരുന്നു കീർത്തി ധരിച്ചത്.
തുടർന്ന് നടന്ന മറ്റൊരു ചടങ്ങിൽ മെറൂൺ സാരിയായിരുന്നു കീർത്തി തിരഞ്ഞെടുത്തത്. ഇതിന് അനുയോജ്യമായ ഒരു നെക്ലേസും ധരിച്ചു. കൂടാകെ നെറ്റിച്ചുട്ടിയും ലളിതമായ മേക്കപ്പുമായിരുന്നു വധുവിന്റെ മറ്റൊരു പ്രത്യേകത.
നിർമ്മാതാവ് സുരേഷ് കുമാറിന്റെയും ചലച്ചിത്ര താരം മേനക സുരേഷിന്റെയും ഇളയ മകളാണ് കീർത്തി. പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് കീർത്തിയുടെ നായിക അരങ്ങേറ്റം. പിന്നീട് മറ്റ് തെന്നിന്ത്യൻ ഭാഷകളിലേക്കും എത്തിയ താരം അവിടെ വിജയക്കൊടി പാറിച്ചു. തെലുങ്കിൽ അഭിനയിച്ച മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കി.ഡിസംബർ 25ന് റിലീസ് ചെയ്യുന്ന ബേബി ജോൺ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് കീർത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |