വാഷിംഗ്‌ടൺ: ശതകോടീശ്വരൻ ആകുന്നതിന് മുമ്പ് എലോൺ മസ്‌ക് ജീവിതത്തിൽ അനുഭവിച്ചിരുന്ന പ്രതിസന്ധികൾ വെളിപ്പെടുത്തി മാതാവ് മേയ് മസ്‌ക്. പതിറ്റാണ്ടുകൾക്ക് മുമ്പ് തന്റെ കുടുംബം കടന്നുപോയ സാമ്പത്തിക ബുദ്ധിമുട്ടുകളെപ്പറ്റിയാണ് അവർ പറഞ്ഞത്.
'1990ൽ എലോൺ മസ്‌ക്' എന്ന തലക്കെട്ടോടെ അടുത്തിടെ ഒരു ചിത്രം പുറത്തുവന്നിരുന്നു. ഇതിന് മറുപടിയായാണ് മാതാവ് രംഗത്തെത്തിയത്. കറുത്ത സ്യൂട്ടും വെള്ള ഷർട്ടും ടൈയും ധരിച്ച എലോൺ മസ്‌ക് ഒരു അപ്പാർട്ട്‌മെന്റിനുള്ളിലെ പെയിന്റിംഗിന് മുന്നിൽ നിൽക്കുന്നതാണ് ചിത്രം. ഈ ഫോട്ടോ ടൊറന്റോയിൽ വാടകയ്‌ക്ക് താമസിച്ചിരുന്ന സമയത്തുള്ളതാണെന്നാണ് മേയ് പറഞ്ഞത്. ചുവരിൽ കാണുന്നത് അവരുടെ അമ്മ വരച്ച പെയിന്റിംഗാണ്. അതിൽ എലോൺ മസ്‌ക് ധരിച്ചിരുന്ന സ്യൂട്ടിന്റെ വില 99ഡോളർ (ഏകദേശം 8,000രൂപ) ആയിരുന്നു. അതിനൊപ്പം ഒരു ഷർട്ടും ടൈയും സോക്‌സും ഉണ്ടായിരുന്നു. വിലപേശിയാണ് അന്ന് വാങ്ങിയത്.
ആ സമയത്ത് എലോൺ മസ്‌കിനുണ്ടായിരുന്ന ഒരേയൊരു സ്യൂട്ടാണത്. ദിവസേന ജോലിക്ക് പോകുമ്പോൾ ധരിക്കാൻ ഈ ഒരു വസ്‌ത്രം മാത്രമേ ഉണ്ടായിരുന്നുള്ളു. ഒരു സ്യൂട്ട് വാങ്ങിക്കൊടുക്കാനുള്ള പണം തന്റെ കൈവശം ഇല്ലായിരുന്നു. പക്ഷേ, ഞങ്ങൾ സന്തുഷ്‌ടരായിരുന്നുവെന്നും മേയ് മസ്‌ക് പറഞ്ഞു.
ഡയറ്റീഷ്യനും മോഡലുമായിരുന്ന മേ മസ്‌ക് (76) തന്റെ ഭർത്താവും ദക്ഷിണാഫ്രിക്കൻ എഞ്ചിനീയറുമായ എറോൾ മസ്‌കിൽ നിന്ന് അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചും, വിവാഹമോചനത്തിന് ശേഷം മൂന്ന് മക്കളെ വളർത്തിയ കഷ്‌ടപ്പാടുകളെക്കുറിച്ചും ഇതിന് മുമ്പ് തുറന്ന് പറഞ്ഞിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയിൽ നിന്ന് കാനഡയിലേക്ക് കുടിയേറിയ ശേഷം കടുത്ത സാമ്പത്തിക പ്രശ്‌നങ്ങൾ കുടുംബത്തിന് ഉണ്ടായി. എന്നിട്ടും കഴിയുന്നത്ര നന്നായി മക്കളെ വളർത്താൻ മേയ് മസ്‌ക് ശ്രമിച്ചിരുന്നു. പലപ്പോഴും പുതിയത് വാങ്ങാൻ പണമില്ലാതെ സെക്കൻഡ് ഹാൻഡ് വസ്‌ത്രങ്ങളാണ് ഇവർ വാങ്ങി ധരിച്ചിരുന്നത്. പുറത്ത് പോയി ഭക്ഷണം കഴിക്കാൻ പണമില്ലാതെ, മക്കൾക്ക് പീനട്ട് ബട്ടർ സാൻഡ്‌വിച്ചുകൾ ഉണ്ടാക്കി നൽകുമായിരുന്നുവെന്നും മേയ് പറഞ്ഞിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |