ചതുരംഗക്കളത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ചാമ്പ്യൻ എന്ന ചരിത്രം രചിച്ചിരിക്കുകയാണ് ഇന്ത്യക്കാരനായ ഡി. ഗുകേഷ്. നിലവിലെ ചാമ്പ്യനും ചൈനീസ് ഗ്രാൻഡ്മാസ്റ്ററുമായ ഡിംഗ് ലിറെനെ ലോകചാമ്പ്യൻഷിപ്പിന്റെ ക്ളാസിക് ഫോർമാറ്റിലെ 14 റൗണ്ടിൽ 7.5-6.5 എന്ന പോയിന്റ് നിലയിലാണ് തറപറ്റിച്ചത്. ചെസ് വിശാരദരെപ്പോലും അമ്പരപ്പിച്ചുകൊണ്ടാണ് 58-ാം നീക്കത്തിൽ ഡിംഗ് ലിറനെ അടിയറവു പറയിപ്പിച്ചത്. അവസാനറൗണ്ടിൽ ലിറെന് വെള്ളക്കരുക്കളുടെ ആനുകൂല്യമുണ്ടായിരുന്നിട്ടും ഗുകേഷ് ഒരൊറ്റ കാലാളിന്റെ അധിക ആനുകൂല്യത്തിൽ വിജയത്തിലേക്കുള്ള കരുനീക്കി അഭിമാനചരിത്രം കുറിച്ചു.
തെലങ്കാനയിൽ നിന്നുള്ള ഡോക്ടർ ദമ്പതികളുടെ മകനായി ചെന്നൈയിൽ ജനിച്ചുവളർന്ന ഗുകേഷ് ഏഴാം വയസിലാണ് ചെസ് കളിക്കാൻ പഠിച്ചത്. 12-ാം വയസിൽ ഗ്രാൻഡ് മാസ്റ്റർ പട്ടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി വിസമയം സൃഷ്ടിച്ചു. സാക്ഷാൽ വിശ്വനാഥൻ ആനന്ദിന്റെ ചെന്നൈയിലെ വെസ്റ്റ്ബ്രിജ് ആനന്ദ് അക്കാഡമിയിലൂടെ അന്താരാഷ്ട്ര രംഗത്ത് അറിയപ്പെടുന്ന താരമായി. 2022ലെ ചെസ് ഒളിമ്പ്യാഡിൽ ടീം വെങ്കലവും ഫസ്റ്റ് ബോർഡിൽ സ്വർണവും നേടി. ഈവർഷത്തെ ഒളിമ്പ്യാഡിൽ ടീമിനത്തിലും വ്യക്തിഗത ഇനത്തിലും സ്വർണം. ഈ വർഷം ഏപ്രിലിൽ നടന്ന കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ ലോകത്തിലെ എണ്ണം പറഞ്ഞ ഗ്രാൻഡ് മാസ്റ്റർമാരെ കീഴടക്കിയാണ് നിലവിലെ ലോകചാമ്പ്യനെ നേരിടാനുള്ള ഏറ്റവും പ്രായം കുറഞ്ഞ കാൻഡിഡേറ്റായി മാറിയത്.
വലിയ വായനാ ശീലമുള്ളയാളാണ് ഗുകേഷ്. വീട്ടിലെ തന്റെ മുറിയിലെ അലമാര നിറയെ പുസ്തകങ്ങളാണ്. അതിൽ ഏറെയും ചെസ്സുമായി ബന്ധപ്പെട്ടത് തന്നെ. മാത്യു സാഡ്‌ലർ, നടാഷ റീഗൻ എന്നിവർ എഴുതിയ ഗെയിം ചെയിഞ്ചർ ആണ് തന്നെ ഏറ്റവും ആകർഷിച്ച പുസ്തകമെന്ന് ഗുകേഷ് പറയുന്നു. മറ്റ് രണ്ട് പുസ്തകങ്ങൾ കൂടി ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അണ്ടർ ദി സർഫസ് (ജാൻ മാർക്കോസ്), പ്രാക്‌ടിക്കൽ ചെസ്സ് ബ്യൂട്ടി (യോഷാനൻ അഫേക്).
ചെസ്സിനെ കുറിച്ച് ഈ രണ്ടു പുസ്തകങ്ങളുടെ ഉള്ളടക്കം തന്നെയാണ് ഗുകേഷിനെ അവയോട് ഏറെ അടുപ്പിച്ചത്. പൊസിഷൻസ്, പരിശീലന രീതി, ഫിലോസഫി തുടങ്ങിയവയെല്ലാം തന്റെ കരിയറിൽ വലിയ മാറ്റങ്ങൾ സൃഷ്‌ടിച്ചവയാണെന്ന് ഗുകേഷ് പറഞ്ഞിട്ടുണ്ട്.
തെലുങ്കാന സ്വദേശിയായ ഗുകേഷിന്റെ അച്ഛൻ ഇ.എൻ.ടി സർജനായ ഡോ. രജനികാന്ത് ജോലി സംബന്ധമായി ചെന്നൈയിൽ എത്തിയതാണ്. അമ്മ ഡോ.പത്മ ചെന്നൈയിൽ മൈക്രോ ബയോളജിസ്റ്റും. 2006 മേയ് 29നാണ് ഗുകേഷിന്റെ ജനനം. മേൽ അയനമ്പാക്കത്തുള്ള വേലമ്മാൾ വിദ്യാലയത്തിലാണ് ഗുകേഷ് പഠിച്ചത്. പ്രഗ്നാനന്ദയുടെ നേട്ടങ്ങൾ കണ്ടാണ് ചെസ്സിലേക്ക് ആകൃഷ്ടനാകുന്നത്. ഗുകേഷിനേക്കാൾ ഒരു വയസിന് മൂത്തതാണ് പ്രഗ്‌നാനന്ദ. അണ്ടർ 8 ചെസ് ലോകകപ്പിലെ പ്രഗ്ഗിന്റെ നേട്ടം കണ്ട് ആവേശം കയറിയ ഗുകേഷ് ഒരുനാൾ താനും പ്രഗ്ഗ് അണ്ണയെപ്പോലെ ലോകമറിയുന്ന കളിക്കാരനാകുമെന്ന് മനസിലുറപ്പിച്ചു.
2015ൽ ഏഷ്യൻ സ്‌കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 9 വിഭാഗത്തിൽ ജേതാവായതോടെയാണ് ചെസ്സ് ലോകം ഗുകേഷിനെ ശ്രദ്ധിച്ചുതുടങ്ങിയത്. 2017 മാർച്ചിൽ ഫ്രാൻസിൽ നടന്ന കാപ്പലെ ലെ ഗ്രാൻഡെ ചെസ്സ് ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ച ഗുകേഷ് ഇന്റർ നാഷണൽ മാസ്റ്റർ പട്ടത്തിലേക്ക് മുന്നേറി. 2018ലെ യൂത്ത് ചെസ്സ് ചാമ്പ്യൻഷിപ്പിൽ അഞ്ച് സ്വർണമെഡലുകളാണ് നേടിയത്.
2019 ജനുവരി 15ന് തനിക്ക് 12 വയസും ഏഴ് മാസവും 17 ദിവസവും പ്രായമുള്ളപ്പോൾ ഗുകേഷ് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാൻഡ്മാസ്റ്ററായി ചരിത്രം കുറിച്ചു. 17 ദിവസത്തെ പ്രായക്കുറവിൽ റഷ്യക്കാരനായ സെർജി കാര്യാക്കിനായിരുന്നു ഒന്നാമൻ. 2021ൽ അമേരിക്കയിലെ ഇന്ത്യൻ വംശജനായ അഭിമന്യു മിശ്ര 12 വയസും നാലു മാസവും 25 ദിവസവും പ്രായമുള്ളപ്പോൾ ഗ്രാൻഡ് മാസ്റ്ററായതോടെ ഗുകേഷ് ഇക്കാര്യത്തിൽ മൂന്നാമനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |