തമിഴ്നാട്ടുകാരുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിയായിരുന്നു ജയലളിത. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് സിനിമയിലെ ഹിറ്റ് നായികമാരിലൊരാളായിരുന്നു അവർ. തമിഴിലും തെലുങ്കിലും പ്രധാന നായകൻമാരോടൊപ്പം അഭിനയിച്ച ജയലളിതയുടെ ജീവിതവും സിനിമ പോലെ തന്നെയായിരുന്നു. ജയലളിതയ്ക്ക് മലയാളത്തിലെ നിത്യഹരിത നായകനായ പ്രേംനസീറിനോടൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടായതിനെക്കുറിച്ച് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധാകനും നടനുമായ ആലപ്പി അഷ്‌റഫ്. തമിഴ് സൂപ്പർസ്റ്റാർ രജനികാന്തും ജയലളിതയും തമ്മിലുണ്ടായിരുന്ന പ്രശ്നത്തെക്കുറിച്ചും അഷ്‌റഫ് യൂട്യൂബ് ചാനലിൽ പറഞ്ഞു.
'28ഓളം സിനിമകളിൽ ജയലളിതയും എംജിആറും ഒരുമിച്ച് അഭിനയിച്ചു. അന്നൊക്കെ തലൈവരായ എംജിആറിന്റെ ഭാര്യയായിട്ടാണ് ജയലളിത അറിയപ്പെട്ടിരുന്നത്. തമിഴിലും തെലുങ്കിലും മിക്ക നായകൻമാരോടൊപ്പവും ജയലളിത അഭിനയിച്ചിരുന്നു. അപ്പോഴും മലയാളത്തിലെ നിത്യഹരിത നായകനായ പ്രേം നസീറിനോടൊപ്പം അഭിനയിക്കണമെന്ന ആഗ്രഹവും ജയലളിതയ്ക്കുണ്ടായിരുന്നു. തിരക്ക് കാരണം ജയലളിതയ്ക്ക് അത് സാധിച്ചില്ല. ഈ സമയത്താണ് പ്രേം നസീറിനെ നായകനാക്കി മാനവധർമം എന്ന സിനിമ ചിത്രീകരിക്കാൻ തുടങ്ങുന്നത്.
ഇതിനിടയിൽ സിനിമയുടെ പ്രൊഡക്ഷൻ മാനേജറായ ബഷീർ സ്റ്റുഡിയോയിൽ വച്ച് ജയലളിതയെ കണ്ടുമുട്ടുന്നു. സംസാരത്തിനിടയിൽ ബഷീർ പുതിയ സിനിമയെക്കുറിച്ച് ജയലളിതയോട് പറഞ്ഞു. അത് കേട്ടപാടെ നായികയെ തീരുമാനിച്ചോയെന്നാണ് ജയലളിത ബഷീറിനോട് ചോദിച്ചു. ഇല്ലെന്നായിരുന്നു ബഷീറിന്റെ ഉത്തരം. പ്രേം നസീറിന്റെ നായികയാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ജയലളിത പറഞ്ഞു. അതുകേട്ടതോടെ ബഷീർ അമ്പരന്നു. പ്രേം നസീർ വാങ്ങുന്നതിനേക്കാൾ ഉയർന്ന തുകയാണ് ജയലളിത വാങ്ങിക്കൊണ്ടിരുന്നത്. പ്രതിഫലത്തിന്റെ വിഷയം കാര്യമാക്കണ്ടെന്നും ജയലളിത ബഷീറിനോട് പറഞ്ഞു.
ബഷീർ ഇക്കാര്യം സിനിമയുടെ സംവിധായകനോട് പറഞ്ഞു. ആ സമയത്ത് നടി സീമയുടെ മാർക്കറ്റ് വാല്യു വലുതായായിരുന്നു. നേരത്തെ തന്നെ സീമയെ നായികയാക്കി പറഞ്ഞുറപ്പിച്ചിരുന്നു. സിനിമയിലെ മറ്റൊരു നായകന്റെ നായികയായി ജയലളിതയെ കാസ്റ്റ് ചെയ്യാമെന്ന് സംവിധായകൻ ബഷീറിനോട് പറഞ്ഞു. ഈ വിവരം ബഷീർ, ജയലളിതയോട് പറഞ്ഞു. വിവരം കേട്ട ജയലളിത ദേഷ്യപ്പെടുകയായിരുന്നു. അങ്ങനെ ആ ആഗ്രഹം നടന്നില്ല.
പിന്നീടാണ് ജയലളിത രാഷ്ട്രീയത്തിലേക്ക് കടന്നത്. ഒടുവിൽ മുഖ്യമന്ത്രിയുമായി. എന്നാൽ ജയലളിതയുടെ നേതൃത്വത്തിലുളള ആദ്യ മന്ത്രിസഭ പരാജയമായിരുന്നു. അവർക്കെതിരെ അഴിമതിയാരോപണങ്ങൾ ഉയർന്നു. അതിനേക്കാൾ പ്രശ്നമായിരുന്നു ജയലളിതയും നടൻ രജനികാന്തും തമ്മിലുളള പ്രശ്നം. മുംബയ് എന്ന ചിത്രം സംവിധാനം ചെയ്തതിന് മണിരത്നത്തിന്റെ വീട്ടിൽ ആരോ ബോംബെറിഞ്ഞു. ഈ വിഷയത്തിൽ രജനി പ്രതികരിച്ചു.താമസിയാതെ തമിഴ്നാട് ഒരു ചുടുകാട് ആകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഒരിക്കൽ മുഖ്യമന്ത്രിക്ക് പോകാനായി രജനികാന്തിന്റെ വാഹനം തടഞ്ഞതും അതിൽ പ്രതിഷേധിച്ച് രജനികാന്ത് പുറത്തിറങ്ങിയതും അങ്ങനെ ജയലളിതയ്ക്ക് പോകാൻ സാധിക്കാത്ത അവസ്ഥയുണ്ടായതും വലിയ സംഭവമായിരുന്നു. അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടയിൽ ജയലളിതയ്‌ക്കെതിരെ രജനികാന്ത് വലിയൊരു പ്രസ്താവന ഇറക്കി. ഇനിയും ജയലളിത ജയിച്ചാൽ തമിഴ്നാട്ടുകാരെ ദൈവത്തിനുപോലും രക്ഷപ്പെടുത്താൻ കഴിയാത്ത അവസ്ഥയുണ്ടാകുമെന്നായിരുന്നു പ്രസ്താവന.
അത് തമിഴ്നാട്ടുകാർ ഏറ്റെടുത്തു. തിരഞ്ഞെടുപ്പിൽ ജയലളിത പരാജയപ്പെട്ടു. പിന്നാലെ കരുണാനിധി മുഖ്യമന്ത്രിയായി. ജയലളിത ജയിലിലായി. ഒടുവിൽ അവർ എല്ലാ ഊർജവും ഉൾക്കൊണ്ട് ജയിലിൽ നിന്ന് പുറത്തിറങ്ങുകയും വീണ്ടും മത്സരിച്ച് മുഖ്യമന്ത്രിയാകുകയും ചെയ്തു. എല്ലാവരോടും അവർ പ്രതികാരം ചെയ്തു. രജനിക്കും പണി കൊടുത്തു. സാധാരണ തമിഴ്നാട്ടിൽ രജനികാന്തിന്റെ ചിത്രം റിലീസ് ചെയ്യുമ്പോൾ ഒരു ടിക്കറ്റിന്റെ പത്ത് മടങ്ങ് കൊടുത്താണ് ആളുകൾ സിനിമ കാണുന്നത്. ഈ രീതി ജയലളിത അവസാനിപ്പിച്ചു. അതോടെ രജനിയുടെ ചില സിനിമകൾ പരാജയപ്പെട്ടു'- അഷ്‌റഫ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |