മുംബയ്: ഭർതൃമാതാവുമായുള്ള തർക്കത്തിന് പിന്നാലെ ഒരു വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതി പിടിയിൽ. മുംബയിലെ താനെ ഷഹാപൂർ താലൂക്കിലെ വസിന്ദിനടുത്തുള്ള കസാനെ ഗ്രാമത്തിലാണ് സംഭവം. വീട്ടിലെ വാട്ടർ ടാങ്കിൽ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. പദ്ഗ പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്‌തത്.
വീടിന് സമീപമുള്ള ഗോഡൗണിൽ സെക്യൂരിറ്റി ജീവനക്കാരനാണ് യുവതിയുടെ ഭർത്താവ്. 2022ലാണ് യുവതിയെ ഇയാൾ വിവാഹം കഴിച്ചത്. ഇവരുടെ കുഞ്ഞിന് ജന്മനാ രോഗങ്ങളുണ്ടായിരുന്നു. മകനെ നോക്കുന്നതുമായി ബന്ധപ്പെട്ട് യുവതിയും ഭർതൃമാതാവും തമ്മിൽ വഴക്കുണ്ടാകുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസവും യുവതി കുഞ്ഞിനെ ശരിയായി നോക്കാത്തതിന്റെ പേരിൽ ഇവർ തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ഭർത്താവ് ഉറങ്ങിയ സമയം നോക്കി കുഞ്ഞിനെ വാട്ടർ ടാങ്കിൽ എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. ഉണർന്നപ്പോൾ ഇയാൾ കുഞ്ഞിനെ നോക്കിയെങ്കിലും മകനെ കാണാനില്ലെന്ന് യുവതി പറഞ്ഞു.
തുടർന്ന് കുഞ്ഞിന്റെ പിതാവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ചേർന്ന് തെരച്ചിൽ ആരംഭിച്ചു. ഈ സമയം കുഞ്ഞിനെ കാണാനില്ലെന്ന് യുവതി പൊലീസിൽ പരാതി നൽകി. എന്നാൽ, യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഭർത്താവ് ചോദ്യം ചെയ്‌തതോടെയാണ് ഇവർ കുറ്റം സമ്മതിച്ചത്. ഉടൻതന്നെ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയെന്ന് പൊലീസ് ഇൻസ്പെക്ടർ ബാല കുംഭാർ പറഞ്ഞു. കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |