ഹൈദരാബാദ്: പുഷ്പ 2 ആദ്യ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ അറസ്റ്റിൽ. ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്സ് സംഘമാണ് അറസ്റ്റ് ചെയ്തത്. ജൂബിലി ഹിൽസിലെ വസതിയിൽ വച്ചാണ് അല്ലു അർജുനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. നടനെ ചിക്കട്പളളി സ്റ്റേഷനിലേക്ക് കൊണ്ടുവരികയാണ്. സ്റ്റേഷൻ പരിസരത്ത് അല്ലു അർജുൻ ആരാധകരെ നിയന്ത്രിക്കാൻ സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഡിസംബർ അഞ്ചിനാണ് പുഷ്പ 2 റിലീസ് ചെയ്തത്. ഇതിന് തലേദിവസം തന്നെ പല തീയേറ്ററുകളിലും പ്രീമിയർ ഷോകൾ നടന്നിരുന്നു. ഇതിന്റെ ഭാഗമായി ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ ബുധനാഴ്ച രാത്രി നടന്ന പ്രീമിയർ ഷോ കാണാനെത്തിയ ദിൽ ഷുക്നഗർ സ്വദേശിനി രേവതിയാണ് (39) തിക്കിലും തിരക്കിലുമുണ്ടായ ദുരന്തത്തിൽ മരിച്ചത്. ഷോ ആരംഭിക്കുന്നതിന് മുൻപ് അല്ലു അർജുൻ തിയേറ്ററിലേക്ക് എത്തിയതോടെയാണ് തിക്കും തിരക്കും ഉണ്ടായത്.
രേവതിയുടെ മരണത്തിൽ അല്ലു അർജുൻ അനുശോചനം അറിയിക്കുകയും കുടുംബത്തിന് 25 ലക്ഷം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇത്തരമൊരു സംഭവം നടന്നതിൽ ഹൃദയം തകർന്നു. വൈകാതെ ആ കുടുംബാംഗങ്ങളെ നേരിട്ട് കാണാൻ എത്തും. ഇപ്പോൾ അവരുടെ സ്ഥിതി കണക്കിലെടുത്ത് എല്ലാ പിന്തുണയും ഉറപ്പ് നൽകുമെന്ന് നടൻ അന്ന് പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |