പാലക്കാട്: പനയമ്പാടത്ത് നാല് സ്കൂൾകുട്ടികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ സിമന്റ് ലോറിഡ്രൈവർ കാസർകോട് സ്വദേശി മഹീന്ദ്ര പ്രസാദിനെതിരെയും പൊലീസ് കേസെടുത്തു. നരഹത്യാകുറ്റം ചുമത്തിയാണ് ഇയാൾക്കെതിരെയും കേസെടുത്തിരിക്കുന്നത്. ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
എതിരെ വന്ന ലോറി ഓടിച്ച സ്വദേശി പ്രജീഷിനെതിരെ നരഹത്യ ചുമത്തി നേരത്തേ കേസെടുത്തിരുന്നു. അപകടം തനിക്ക് പറ്റിയ പിഴവാണെന്ന് പ്രജീഷ് സമ്മതിച്ചുവെന്നാണ് പൊലീസ് പറയുന്നത്. പ്രജീഷ് ഓടിച്ച ലോറി സിമന്റുമായി വന്ന ലോറിയിൽ തട്ടുകയും അതോടെ നിയന്ത്രണം വിട്ട് കുട്ടികളുടെ മേലേക്ക് മറിയുകയുമായിരുന്നു.
ഇന്നലെ വൈകിട്ട് 3.50ഓടെ കോഴിക്കോട് - പാലക്കാട് ദേശീയ പാതയിൽ കരിമ്പ, പനയമ്പാടത്തായിരുന്നു അപകടമുണ്ടായത്.ചെറുള്ളി സ്വദേശികളായ അബ്ദുൾ സലാമിന്റെ മകൾ പി.എ.ഇർഫാന ഷെറിൻ, അബ്ദുൾ റഫീഖിന്റെ മകൾ റിദ ഫാത്തിമ, അബ്ദുൾ സലീമിന്റെ മകൾ കെ.എം.നിദ ഫാത്തിമ, ഷറഫുദ്ദീന്റെ മകൾ എ.എസ്.ആയിഷ എന്നിവരാണ് അപകടത്തിൽ മരിച്ചത്. കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായിരുന്നു ഇവർ.കൂടെയുണ്ടായിരുന്ന സഹപാഠി അജ്ന ഷെറിൻ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്.
ഇന്നുരാവിലെ പത്തരയോടെ തുപ്പനാട് ജുമാ മസ്‌ജിദിലാണ് മൃതദേഹങ്ങൾ ഖബറടക്കിയത്. വിദ്യാർത്ഥിനികളുടെ വീടുകളിലും തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിലും മൃതദേഹങ്ങൾ പൊതുദർശനത്തിന് വച്ചിരുന്നു. ജില്ലാ കളക്ടറും, ജനപ്രതിനിധികളും, സഹപാഠികളും, അദ്ധ്യാപകരുമടക്കം ആയിരക്കണക്കിന് പേരാണ് അന്തിമോപചാരമർപ്പിക്കാനായി എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |