ഹൈദരാബാദ്: നടൻ അല്ലു അർജുന്റെ അറസ്റ്റിന് പിന്നാലെ തെലങ്കാനയിലെ ഭരണകക്ഷിയായ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ബിആർഎസ് നേതാവ് കെടി രാമറാവു. നേരിട്ട് ഉത്തരവാദിയല്ലാത്ത കേസിൽ അല്ലു അർജുനെ ഒരു കൊടും കുറ്റവാളിയെ പോലെ കണക്കാക്കുന്നത് ശരിയല്ലെന്നും കെടിആർ എക്‌സിൽ കുറിച്ചു.
നടന്റെ അറസ്റ്റിൽ തനിക്കോ സർക്കാരിനോ യാതൊരു പങ്കുമില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നേരത്തേ പ്രതികരിച്ചിരുന്നു. ഇതിനെ രാഷ്‌ട്രീയവുമായി കൂട്ടിവായിക്കേണ്ടെന്നും നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നും അദ്ദേഹം പറഞ്ഞു.
പുഷ്‌പ 2 ചിത്രത്തിന്റെ തിക്കിലും തിരക്കിലും അകപ്പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ ഇന്ന് രാവിലെയാണ് നടൻ അല്ലു അർജുനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്സ് സംഘമാണ് താരത്തിന്റെ വസതിയായ ജൂബിലി ഹിൽസിൽ എത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റ് നടക്കുന്ന സമയത്ത് അല്ലുവിന്റെ പിതാവും സിനിമാനിർമാതവുമായ അല്ലു അരവിന്ദും കുടുംബവും ഉണ്ടായിരുന്നു. നടനെതിരെ സെക്ഷൻ 118(1),സെക്ഷൻ 3(5) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഡിസംബർ അഞ്ചിനാണ് പുഷ്പ 2 റിലീസ് ചെയ്തത്. ഇതിന് തലേദിവസം തന്നെ പല തീയേറ്ററുകളിലും പ്രീമിയർ ഷോകൾ നടന്നിരുന്നു. ഇതിന്റെ ഭാഗമായി ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ രാത്രി നടന്ന പ്രീമിയർ ഷോ കാണാനെത്തിയ ദിൽ ഷുക്നഗർ സ്വദേശിനി രേവതിയാണ് (39) തിക്കിലും തിരക്കിലുമുണ്ടായ ദുരന്തത്തിൽ മരിച്ചത്. ഷോ ആരംഭിക്കുന്നതിന് മുൻപ് അല്ലു അർജുൻ തിയേറ്ററിലേക്ക് എത്തിയതോടെയാണ് തിക്കും തിരക്കും ഉണ്ടായത്.
രേവതിയുടെ മരണത്തിൽ അല്ലു അർജുൻ അനുശോചനം അറിയിക്കുകയും കുടുംബത്തിന് 25 ലക്ഷം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇത്തരമൊരു സംഭവം നടന്നതിൽ ഹൃദയം തകർന്നു. വൈകാതെ ആ കുടുംബാംഗങ്ങളെ നേരിട്ട് കാണാൻ എത്തും. ഇപ്പോൾ അവരുടെ സ്ഥിതി കണക്കിലെടുത്ത് എല്ലാ പിന്തുണയും ഉറപ്പ് നൽകുമെന്ന് നടൻ അന്ന് പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |