പറവൂർ: ബൈക്കുകൾ മോഷ്‌ടിച്ച് കോയമ്പത്തൂരിൽ കൊണ്ടുപോയി വില്പന നടത്തുന്ന സംഘത്തിലെ രണ്ട് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കൊടുങ്ങല്ലൂർ മേത്തല ചിത്തിരവളവ് കോന്നത്ത് സുനീഷ് (25), മൂത്തകുന്നത്ത് താമസിക്കുന്ന മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് മേപ്പറമ്പിൽ അൻവർ (24) എന്നിവരെയാണ് മുനമ്പം ഡിവൈ.എസ്.പി എസ്. ജയകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. കേസിൽ ഒരാളെ കൂടി പിടികൂടാനുണ്ട്. 'യമഹ' ബൈക്കുകൾ മാത്രം മോഷ്ടിക്കുന്ന ഇവർ എറണാകുളം, തൃശൂർ ജില്ലകളിലാണ് മോഷണം നടത്തിയിരുന്നത്. കൊടുങ്ങല്ലൂർ, മാള, ഞാറക്കൽ, ആലങ്ങാട്, പറവൂർ തുടങ്ങി വിവിധ സ്‌റ്റേഷനുകളിൽ ഇവർക്കെതിരെ മോഷണ കേസുകളുണ്ട്. 'യമഹ' ബൈക്കുകൾ ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് രാത്രി വാഹനം സൂക്ഷിക്കുന്ന സ്ഥലം മനസ്സിലാക്കി അവിടെയെത്തി മോഷ്‌ടിക്കുകയായിരുന്നു പതിവ്. മോഷ്‌ടിച്ച വാഹനം ഉടനെ കോയമ്പത്തൂർ എത്തിച്ച് വില്പന നടത്തും. രണ്ടാഴ്ചയ്ക്കിടെ പത്തോളം ബൈക്കുകൾ ഇവർ മോഷ്‌ടിച്ചതായി പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |