കാക്കനാട്: ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ട യുവാവിനെ വിളിച്ചുവരുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ആറു പേരെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. ഇടപ്പള്ളി സ്വദേശിയായ യുവാവിനെ പ്രലോഭിപ്പിച്ച് പടമുഗൾ തൊട്ടിയിൽ ക്ഷേത്രത്തിനു സമീപമുള്ള പ്രതികളുടെ താമസ സ്ഥലത്തേക്ക് വിളിച്ച് വരുത്തി. ഒന്നാം പ്രതി അജ്മലുമായി സംസാരിക്കുന്നതിനിടെ എത്തിയ മറ്റ് പ്രതികൾ ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിക്കുകയും നിർബന്ധിപ്പിച്ച് താൻ സ്വവർഗ്ഗരതിക്കാരൻ ആണെന്ന് പറയിപ്പിക്കുകയും ചെയ്തു.
ഇതിന്റെ വീഡിയോ ചിത്രീകരിച്ച പ്രതികൾ യുവാവിന്റെ കൈവശമുണ്ടായിരുന്ന 50000 രൂപ വില വരുന്ന ഫോൺ പിടിച്ചുവാങ്ങി. വൈകിട്ട് 3 മണിക്കുള്ളിൽ ഒരുലക്ഷം രൂപ നൽകിയില്ലങ്കിൽ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും പറഞ്ഞു. പണവുമായി വരാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് വിട്ടയച്ച യുവാവ് പിതാവിനോടൊപ്പം തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. തുടർന്നാണ് കോഴിക്കോട് സ്വദേശി അജ്മൽ (23), മലപ്പുറം സ്വദേശികളായ ഫർഹാൻ(23), അനന്ദു(22), മുഹമ്മദ് ഷിബിനു(23), കണ്ണൂർ സ്വദേശികളായ റയസ്(26),സമദ് (27) എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 10 മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും പിടിച്ചെടുത്തു. ഇവരെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |